വയനാട്ടിലും ചേലക്കരയിലും നാളെ വിധിയെഴുത്ത്. ആകാംക്ഷയോടെയും പ്രതീക്ഷയോടെയും നിശബ്ദപ്രചരണദിനം. ആരവങ്ങള്‍ ഒഴിഞ്ഞതിന്‍റെ ആലസ്യത്തിലായിരുന്നു ദിവസത്തിന്‍റെ തുടക്കമെങ്കിലും രാവിലെ പത്തുമണിയോടെ കഥമാറി. ചേലക്കര മണ്ഡലത്തില്‍പ്പെട്ട ചെറുതുരുത്തിയിലെ വള്ളത്തോള്‍ നഗറില്‍ നിന്ന് 19,70,000 രൂപ പിടികൂടി. കാര്‍ യാത്രക്കാരായ കുളപ്പുള്ളി സ്വദേശികളില്‍നിന്നാണ് പണം പിടികൂടിയത്. ആദായ നികുതി പരിശോധനാ വിഭാഗം മേധാവി കെ അർജുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വീടുപണിക്കുവേണ്ട ടൈല്‍സ് വാങ്ങാനായി എറണാകുളത്തേക്ക് പോകുകയാണെന്നായിരുന്നു കാര്‍ യാത്രക്കാരനായ കൊളപ്പുള്ളി സ്വദേശി ജയന്റെ വിശദീകരണം. ബാങ്കില്‍ നിന്ന് 25 ലക്ഷം രൂപ പിന്‍വലിച്ചതിന്‍റെ രേഖകളും ജയന്‍ കാണിച്ചു. തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം 50,000 രൂപയിൽ കൂടുതൽ പണമായി വ്യക്തികൾ കൈവശം വയ്ക്കാൻ പാടില്ല. അതിനാല്‍ തന്നെ പണത്തിൻറെ സ്രോതസ് ഉൾപ്പെടെ വിശദമായി പരിശോധിച്ചു തുടങ്ങി. പരിശോധനയുടെ ഭാഗമായി പണത്തോടൊപ്പം ജയനേയും കസ്റ്റഡിയിലെടുത്തു. വോട്ടെടുപ്പിന് ഒരുദിനം മുന്‍പ്, തീപാറും പോരാട്ടം നടക്കുന്നൊരു മണ്ഡലത്തില്‍ നിന്ന് ലക്ഷങ്ങള്‍ പിടികൂടിയതോടെ രാഷ്ട്രീയപാര്‍ട്ടികള്‍ ആരോപണപ്രത്യാരോപണങ്ങളും തുടങ്ങി. ചെറുതുരുത്തിയില്‍ പിടിച്ച പണം കോണ്‍ഗ്രസിന്‍റേതല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വ്യക്തമാക്കി. കര്‍ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് മദ്യമിറക്കിയെന്ന ആരോപണത്തോട് അങ്ങനെ മറ്റൊരു സംസ്ഥാനത്തുനിന്ന് മദ്യമിറക്കിയെങ്കില്‍ എക്സൈസ് മന്ത്രി രാജിവയ്ക്കണമെന്നായിരുന്നു വി.ഡി.സതീശന്‍റെ പ്രതികരണം. സി.പി.എമ്മിനായി പണമെത്തിച്ചത് ഇ.പിയുടെ വിശ്വസ്തനെന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര ആരോപിച്ചു. ചേലക്കരയിലെ 500 കോളനികളില്‍ സി.പി.എം പണം ഒഴുക്കുന്നുവെന്നും അനില്‍ അക്കര. വിഡിയോ കാണാം.