fengal-cyclone

TOPICS COVERED

കാലാവസ്ഥ വകുപ്പിനെ ഇത്ര കണ്ട് കുഴക്കിയ മറ്റൊരു ചുഴലിക്കാറ്റ് അടുത്തിടെ ഉണ്ടായിക്കാണില്ല. ഒരു ഘട്ടത്തില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പോലും കാലാവസ്ഥാ വകുപ്പ് പിന്‍വലിച്ചിരുന്നു. അതിന് ശേഷമാണ് സംഹാര രൂപം പൂണ്ട് ഫെയ്ഞ്ചല്‍ തമിഴ്നാട്ടിലും പുതുച്ചേരിയിലും കെടുതികളുടെ കാഴ്ചകള്‍ അവശേഷിപ്പിച്ചത്. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴ  കനത്ത് തുടങ്ങിയത് ഇക്കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ടോടെ. പിന്നെ നിര്‍ത്താതെ പെയ്തു. രാവിലെ ചെന്നൈ അടക്കം ഉണര്‍ന്നെണീറ്റത് കനത്ത കാറ്റും മഴയും കണ്ട്.

 

ഉച്ചയോടെ ചെന്നൈ നഗരം വെള്ളക്കെട്ടില്‍ വലഞ്ഞു. വിമാനത്താവളം അടച്ചിട്ടു. 200 ലധികം വിമാനങ്ങള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതത്തേയും ബാധിച്ചു. ട്രാക്കില്‍ വെള്ളം കയറി. സബ്‌വേകള്‍ അടച്ചു. 300 ഓളം ഇടങ്ങളില്‍ വെള്ളക്കെകട്ടുണ്ടായി. സംസ്ഥാനത്ത് ആകെ 2200 ഓളം ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. ഉച്ചയോടെ ഫെയ്ഞ്ചല്‍ മഹാബലിപുരത്തിനും കാരയ്ക്കലിനും ഇടയില്‍ കരതൊടുമെന്നായിരുന്നു പ്രവചനം. മഹാബലിപുരത്തെ കാഴ്ചകള്‍ പകര്‍ത്താന്‍ മനോരമ ന്യൂസും ഇറങ്ങി. 

ഉച്ചയോടെ കരതൊടുമെന്ന് പറഞ്ഞ ഫെയ്ഞ്ചല്‍ പുതുച്ചേരിയില്‍ കരതൊടാന്‍ തുടങ്ങിയത് വൈകിട്ട് അഞ്ചരയോടെ. പ്രഖ്യാപനം വന്നത് രാത്രി ഏഴ് കഴിഞ്ഞ്. അപ്പോഴും ചെന്നൈയിലെ വെള്ളക്കെട്ട് മാത്രമായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ 90 കിമീ വേഗത്തിലുള്ള കാറ്റുണ്ടാകുമെന്നും പിന്നീട് അതിതീവ്ര ന്യൂനമര്‍ദമായി ശക്തി ക്ഷയിക്കുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ എല്ലാംതെറ്റിച്ചു ഫെയ്ഞ്ചല്‍. കരയില്‍ പൂര്‍ണമായി പ്രവേശിച്ചത് ആറ് മണിക്കൂറെടുത്ത്. മണിക്കൂറില്‍ 85 കി.മീ വേഗത്തില്‍ വരെ കാറ്റുവീശി. പിന്നീട് സഞ്ചരിക്കുമെന്ന് കരുതിയ അതിതീവ്രന്യൂനമര്‍ദം അവിടെ പുതുച്ചേരിയില്‍ തന്നെ തുടര്ന‍്നു. പെയ്തിറങ്ങിയത് റെക്കോര്‍‍ഡ് മഴയും ദുരിതവും. 

മുപ്പത് വര്‍ഷത്തിനിടെയിലെ ഏറ്റവും ശക്തമായ മഴയാണ് പുതുച്ചേരിയില്‍ ഉണ്ടായത്. 15 ഇടങ്ങളില്‍ വെള്ളം പൊങ്ങി. 5 അടിയോടം ഉയരത്തില് പലയിടത്തും വെള്ളം നിറഞ്ഞു. 

ഏഴ് മാസം പ്രായമായ കുഞ്ഞുമുതല്‍ പ്രായമായവരെ വരെ രക്ഷിച്ച് ക്യാംപുകളിലേക്ക് മാറ്റി. രക്ഷാപ്രവര്‍ത്തനത്തിന് സൈന്യം ഇറങ്ങി. എല്ലാ സ്കൂളുകളും കോളജുകളും ദുരിതാശ്വാസ ക്യാമ്പുകള്‍ക്കായി വിട്ടുനല്‍കണമെന്ന് പുതുച്ചേരി കലക്ടര്‍ക്ക് അഭ്യര്‍ഥിക്കേണ്ട സാഹചര്യം വന്നു.  24 മണിക്കൂറിനിടെ 49 സെന്റീ മീറ്റര്‍ മഴയാണ് പെയ്തിറങ്ങിയത്. വൈദ്യുതി സബ്സ്റ്റേഷനുകളില്‍ വെള്ളം കയറിയതോടെ ഇരുട്ടിലായി. 

സമാന സാഹചര്യം തന്നെയായിരുന്നു  വിഴുപുരുത്തും. വീടുകളിലടക്കം വെള്ളം കയറി. എന്‍ഡിആര്‍എഫ് അടക്കമുള്ള സംഘങ്ങള്‍ ആളുകളെ ക്യാംപുകളിലേക്ക് മാറ്റി.  ഏക്കറുകണക്കിന് കൃഷി നശിച്ചു. കടലൂരിലെ ചില മേഖലകളിലും വെളളപ്പൊക്കമായി. വീടുകളിലേക്ക് വെളളം ഇരച്ചെത്തി. സാഹചര്യം ഗുരുതരമായതോടെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കാന്‍ മന്ത്രമാരെ തന്നെ ഭരണകൂടം രംഗത്തിറക്കി. ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും സെന്തില്‍ബാലാജിയുമടക്കമുള്ളവര്‍ വിഴുപുരത്തെത്തി. മുഖ്യമന്ത്രിയും നേരിട്ട് ദുരിതബാധിതപ്രദേശങ്ങളിലെത്തി. ഞായര്‍ രാത്രിയോടെ പതിയെ പുതുച്ചേരിയെ വിട്ട് മഴ വിഴുപുരത്തേയും തിരുവണ്ണാമലെയേയും കൃഷ്ണഗിരിയേയും കടലൂരിനേയുമെല്ലാം പ്രതിസന്ധിയിലാക്കി തുടങ്ങി. 

രാത്രിയോെട തിരുവണ്ണാമലെയില്‍ ഉരുള്‍പൊട്ടിയെന്ന വാര്‍ത്തെയെത്തി. മൂന്ന് വീട് മണ്ണനടിയിലായെന്നും ഒരു കുടുംബത്തിലെ ഏഴുപേര്‍ മണ്ണിനടിയലുണ്ടെന്ന സംശയം നാട്ടുകാര് പങ്കുവച്ചു. രാത്രിയോടെ എന്‍ഡിആര്‍എഫ് സംഘവും കലക്ടറും എല്ലാം എത്തിയെങ്കിലും രണ്ടുമണിവരെ പെയ്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തിരച്ചില്‍ തുടരുകയാണ്. നിരവിധി വീടുകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടമുണ്ടായി. സംഭവസ്ഥലത്തെത്തിയ മന്ത്രി ഇ.വി.വേലു രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചു. 1965 ന്ശേഷം ജില്ല കണ്ട ഏറ്റവും വലിയ മഴയാണ് പെയ്തതെന്ന് മന്ത്രി പറഞ്ഞു. 

രാത്രി ഉരുള്‍പ്പൊട്ടിയ ഇടത്തിനോട് ഏതാണ്ട് അടുത്തായി വീണ്ടും ഉരുള്‍പ്പൊട്ടിയിട്ടുണ്ട്. 50.3 സെന്റി മീറ്റര്‍ മഴയാണ് കൃഷണഗിരിയില്‍ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത്. ഊത്താങ്കരയില്‍ ബസ് സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകള്‍ ഒഴുകിപ്പോയി. 

പോച്ചമ്പള്ളി പൊലീസ് സ്റ്റേഷനും മുങ്ങി. വീടുകളിലേക്കടക്കം വെള്ളം ഇരച്ചെത്തി. കലക്ടറടക്കമുള്ളവര്‍ സ്ഥലത്തെത്തി സാഹചര്യം വിലയിരുത്തി. വിഴുപുരത്തും കടലൂരിന്റെ ചില ഭാഗങ്ങളിലും ഇപ്പോഴും വെള്ളപ്പൊക്ക ദുരിതം തുടരുകയാണ്. വിഴുപുരത്ത് മാത്രം 49 ദുരിതാശ്വാസ ക്യാംപുകള്‍ തുറന്നു. വീടുകളിലും പാടശേഖരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചെന്നൈ നാഗര്‍കോവില്‍ വന്ദേഭാരത് അടക്കം 10 ട്രെയിനുകള്‍ റദ്ദാക്കി. വിഴുപുരത്ത് വെള്ളം ട്രാക്കില്‍ വെള്ളം കയറി. വിക്രവാണ്ടിക്കും മുണ്ടിയാംപക്കത്തിനും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ വിഴുപുരത്തെത്തി ജനങ്ങളെ കണ്ടു. സേലത്ത് യേര്‍ക്കാട് മണ്ണിടിച്ചില്‍ ഉണ്ടായി.  നീലഗിരി, കോയമ്പത്തൂരിലും കനത്തമഴ പ്രതീക്ഷിക്കപ്പെടുന്നു. പശ്ചിമഘട്ട മേഖലകളില്‍ മഴ കനക്കുമെന്നാണ് മുന്നറിയിപ്പ്. 

തമിഴ്നാട്ടില്‍ ഫെയ്ഞ്ചല്‍ ആഞ്ഞടിച്ചതിന്‍റെ ബാക്കിയെന്നോണം കേരളത്തിലും മഴ കനത്തു. മലപ്പുറം വഴിക്കടവില്‍ കനത്തമഴയില്‍ ആദിവാസി നഗര്‍ ഒറ്റപ്പെട്ടു. വഴിക്കടവ്, പുഞ്ചക്കൊല്ലി, അളക്കല്‍ നഗറുകളാണ് ഒറ്റപ്പെട്ടത്. മലപ്പുറത്തെ പുന്നപ്പുഴയിൽ ജലനിരപ്പ് ഉയർന്നതാണ് കാരണം. നീലഗിരി, വഴിക്കടവ് മേഖലകളിലെ കനത്ത മഴയാണ് പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണം.

ശക്തമായ മഴയെ തുടർന്ന്  കോട്ടയം,ചങ്ങനാശ്ശേരി താലൂക്കുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ  വെള്ളക്കെട്ട്. പുതുപ്പള്ളി കൈതേപ്പാലത്തും കൊട്ടാരത്തിൽകടവിലും  ഒട്ടേറെ വീടുകളിൽ വെള്ളം കയറിയതോടെ ദുരിതാശ്വാസ ക്യാംപുക‍ള്‍ തുറന്നു. റോഡുകളില്‍ വെള്ളം കയറിയതോടെ രാവിലെ  ഗതാഗതം തടസ്സപ്പെട്ടു.

കൈത്തോടുകൾ കവിഞ്ഞൊഴുകിയതോടെ മീനടം പുതുപ്പള്ളി പഞ്ചായത്തുകളുടെ അതിർത്തിയായ ഞണ്ടുകുളം പാലം വെള്ളത്തിൽ മുങ്ങി. രാത്രിയിൽ പ്രദേശത്തേക്ക് എത്തിയ സൗത്ത് പാമ്പാടി സ്വദേശിയായ വൈദികന്റെ കാർ വെള്ളക്കെട്ടിൽ കുടുങ്ങി..

പുതുപ്പള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ 20 വീടുകളിൽ വെള്ളം കയറിയതോടെ  ആളുകളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. പുതുപ്പള്ളി - കൊട്ടാരത്തിൽ കടവ് റോഡിലും കൈതേപ്പാലത്തും റോഡിൽ വെള്ളക്കെട്ട് രൂക്ഷമാണ്. തോടുകളിലെ വെള്ളം പുരയിടത്തിലേക്ക് കയറി ഒഴുകിയതോടെ വൻ കൃഷിനാശമാണ് കണക്കാക്കുന്നത്

തൃശൂര്‍ കുന്നംകുളത്ത് ശക്തമായ കാറ്റിലും മഴയിലും മരം ഒടിഞ്ഞു ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീണു. നിസാര പരുക്കുകളോടെ ഡ്രൈവര്‍ രക്ഷപ്പെട്ടു. രാവിലെ പത്തരയോടെയായിരുന്നു അപകടം. നഗരസഭ ജീവനക്കാര്‍ മരം മുറിച്ചുമാറ്റി. അപകടത്തെ തുടര്‍ന്ന്, കുന്നംകുളം...വടക്കാഞ്ചേരി റൂട്ടില്‍ അല്‍പനേരം ഗതാഗതം തടസപ്പെട്ടു.

സന്നിധാനത്ത് രണ്ടു ദിവസമായി തുടരുന്ന മഴയ്ക്ക് ശമനം. മഴയ്ക്ക് ശമനം വന്നെങ്കിലും   അഴുതക്കടവ് മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയിലൂടെയുള്ള കാൽനട തീർഥാടന വിലക്കു തുടരും.   ഇതുവഴി വന്ന തീർത്ഥാടകരെ മടക്കി അയച്ചിരുന്നു.  തീര്‍ഥാടകര്‍ക്ക് പമ്പാ സ്നാനത്തിനുള്ള നിയന്ത്രണം നീക്കി. നിലവിൽ അപകടകരമായ സാഹചര്യം ഇല്ലെങ്കിലും വെള്ളം ഉയരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. തീർഥാടകരുടെ എണ്ണത്തിലും നേരിയ കുറവുണ്ട്. മഴ പെയ്ത ഇന്നലെ അവധി ദിവസമായിരുന്നിട്ടും  അറുപത്തിയേഴായിരത്തി  നാൽപത്തിയൊൻപതു പേരാണ് ദർശനം നടത്തിയത്. സാധാരണ ദിവസങ്ങളില്‍ എണ്‍പതിനായിരത്തിന് മുകളിലാണ് ഭക്തര്‍ എത്തുന്നത്. 

വൈകിട്ടോടെ വടക്കന്‍ കേരളത്തില്‍ മഴ ശക്തിപ്പെടുമെന്നും ജാഗ്രത പാലിക്കണമെന്നും റവന്യൂമന്ത്രി കെ രാജന്‍. അയ്യപ്പന്‍മാര്‍ സുരക്ഷ നോക്കി മാത്രമേ കുളിക്കാനിറങ്ങാവൂ എന്നും മന്ത്രി നിര്‍ദേശിച്ചു. മലയോര മേഖലകളില്‍ രാത്രി യാത്ര ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

12 ജില്ലകളിൽ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അഞ്ചു വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് നൽകിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് റെഡ് അലർട്ട്. ഈ ജില്ലകളിൽ അതി തീവ്ര മഴക്ക് സാധ്യതയുണ്ട്. നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. ഇടുക്കി, എറണാകുളം,

തൃശൂർ, പാലക്കാട് ജില്ലകളിൽ അതി ശക്തമായ മഴ ലഭിക്കും. മൂന്നു ജില്ലകളിൽ യെലോ അലർട്ടും നിലവിലുണ്ട്.  പത്തനംതിട്ട കോട്ടയം ആലപ്പുഴ എന്നിവിടങ്ങളിലാണ് യെലോ അലർട്ട്. ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ് ശക്തികുറഞ്ഞ് വടക്കന്‍ തമിഴ്നാടിന് മുകളില്‍ സ്ഥിതി ചെയ്യുകയാണ്. നാളെയോടെ അത് വടക്കന്‍ കേരളത്തിന് മുകളിലൂടെ അറബിക്കടലില്‍ എത്തുമെന്നാണ് കരുതുന്നത്.