2018 സെപ്തംബര്‍ 25....ആറു വര്‍ഷം മുന്‍പുള്ള ആ ചൊവ്വാഴ്ച നേരം പുലര്‍ന്നപ്പോള്‍ മലയാളികളുടെ കാതുകളിലേക്കെത്തിയത് ഒരു അപകട വാര്‍ത്തയായിരുന്നു. തൊട്ടുപിന്നാലെ അപകടത്തില്‍പ്പെട്ടവരുടെ പേര് പുറത്തുവന്നപ്പോള്‍ മലയാളികള്‍ ഞെട്ടി. ആദ്യം വന്ന വാര്‍ത്ത ബാലഭാസ്കറിന്റെ ഒന്നര വയസ്സുള്ള കുഞ്ഞ് അപകടത്തില്‍ മരിച്ചെന്നായിരുന്നു. പ്രാര്‍ഥനയോടെ ദിനങ്ങളെണ്ണിയ ആരാധകരുടെ നെഞ്ചിലേക്ക് ഇടിത്തീയായി പിന്നാലെ ആ വാര്‍ത്തയുമെത്തി. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ഒരാഴ്ചയോളം പൊരുതിയ ബാലഭാസ്കറും നമ്മെ വിട്ടുപിരിഞ്ഞിരിക്കുന്നു.
പതിനെട്ടുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കുഞ്ഞുമകളുടെ വഴിപാടുകള്‍ക്കായി തൃശൂരിലെത്തിയതായിരുന്നു കുടുംബം. നേര്‍ച്ചയും കഴിഞ്ഞ്, കുഞ്ഞുമകളുടെ കളിചിരികളില്‍ മനംനിറഞ്ഞ് തൃശൂരിലെ വടക്കുന്നാഥ ക്ഷേത്രമുറ്റത്ത് നിന്ന് തുടങ്ങിയ യാത്ര. രാത്രി 11.50ന് തൃശൂരില്‍ നിന്ന് തുടങ്ങിയ യാത്രയില്‍ അര്‍ജുനായിരുന്നു ഡ്രൈവര്‍ സീറ്റില്‍. ലക്ഷ്മിയും മകളും മുന്‍ സീറ്റില്‍. പുറകില്‍ മധ്യഭാഗത്ത് ബാലഭാസ്കറും. ഇടയ്ക്ക് കൊല്ലം പള്ളിമുക്കിലെ ജ്യൂസ് കടയില്‍ ചെറു വിശ്രമം. പക്ഷേ. ആ രാത്രിയാത്ര പുലര്‍ച്ചെ 4.20ന് തിരുവനന്തപുരം പള്ളിപ്പുറത്തിനടുത്ത് ദേശീയപാതയോരത്തെ ഒരു മരച്ചുവട്ടില്‍ അവസാനിച്ചു. മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ആ സംഗീതം അവിടെ നിലച്ചു.