'കലൂര്‍ സ്റ്റേഡിയത്തിന്റെ ഗാലറിയില്‍നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് പരുക്ക്'. ആദ്യ കേള്‍വിയില്‍ നിസാരമായി കരുതാവുന്ന, കാല്‍ വഴുക്കി വീണെന്ന് പെട്ടന്ന് തോന്നുന്ന ആ അപകടത്തിന്റെ വ്യാപ്തിയും വലുപ്പവും എത്രയെന്ന് അറിഞ്ഞ മണിക്കൂറുകളാണ് കടന്നുപോകുന്നത്. സുരക്ഷിതയെന്ന് ഇപ്പോഴും ഉറപ്പിച്ച് പറയാനാകാതെ, ഡോക്ടര്‍മാരുടെ നിതാന്ത ജാഗ്രതയക്ക് നടുവില്‍, ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്‍ബലത്തോടെ ഉമ തോമസ് വേദനകളോട് മല്ലിടുന്നു. അടിയന്തര ശസ്ത്രക്രിയാ സാഹചര്യമില്ലെന്നും , സ്റ്റേബിളാണെന്നും ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ച് പറയുന്നതിന്റെ ആശ്വാസമാണ് ചുറ്റും നില്‍ക്കുന്നവരിലേറെയും. സംഘാടനത്തിലെ പിഴവ്, സുരക്ഷാ വീഴ്ച, വൈദ്യസഹായ ക്രമീകരണത്തിലെ വീഴ്ച തുടങ്ങി നീറിപ്പുകയുന്ന ചോദ്യങ്ങളേറെ.
ഞായര്‍ വൈകീട്ട് ആറരയോടെയാണ് കൊച്ചി ജവഹർലാൽ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിലെ വിഐപി പവലിയനിൽനിന്ന് ഉമ തോമസ് എം എൽ എ താഴേക്ക് വീഴുന്നത്. ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടത്തുന്ന നൃത്തപരിപാടിയുടെ ഉദ്ഘാടനവേദിയിലേക്ക് സ്വതസിദ്ധമായ ചിരിയോടെ നടന്നുകയറിയ ഉമ തോമസ് ഇപ്പോഴുള്ളത് അബോധാവസ്ഥയില്‍ ആശുപത്രിക്കിടക്കയിലും. ജി.സി.ഡി.എ ചെയര്‍മാന്‍ കെ ചന്ദ്രന്‍പിള്ളയ്ക്ക് പിന്നിലായാണ് ഉമ തോമസ് വേദിയിലേക്ക് എത്തിയത്. ഗാലറിക്ക് മുകളിലായി താല്‍ക്കാലികമായി നിര്‍മിച്ച വേദിയില്‍ പരിമിതമായ സ്ഥലത്താണ് വി.ഐ.പികള്‍ക്കുള്ള ഇരിപ്പിടമൊരുക്കിയിരുന്നത്. രണ്ടുനിരയായി കിടന്നിരുന്ന കസേരകളില്‍ മുന്‍നിരയില്‍ ഇടത്തേയറ്റത്ത് ഉമ തോമസിരുന്നു. വലത്തേയറ്റത്തായി മന്ത്രി അടക്കമുള്ളവര്‍ ഇരിക്കുന്നതുകണ്ടതോടെ ചിരിയോടെ അവരെ അഭിവാദ്യം ചെയ്യാനായി എഴുന്നേറ്റ് മുന്നോട്ടുനീങ്ങി. ഒരടി വീതിമാത്രമുണ്ടായിരുന്ന സ്ഥലത്തുകൂടി നടക്കുന്നതിനിടെ ചുവടുതെറ്റി, അടിപതറിയ എം.എല്‍.എ പിടിച്ചത് അതിര് തിരിക്കാന്‍ വച്ചിരുന്ന സ്റ്റീല്‍ പൈപ്പിലും. ഹാളുകളിലുംമറ്റും ക്യൂ ക്രമീകരിക്കാന്‍മാത്രം ഉപയോഗിക്കേണ്ട റിബണ്‍ കെട്ടിയ സംവിധാനം അപ്പാടെ താഴേക്ക് പതിച്ചു. ഒപ്പം എം.എല്‍.എയും. എന്താണ് സംഭവിച്ചതെന്ന് വേദിയിലുണ്ടായിരുന്നവര്‍ക്കും താഴെനിന്നവര്‍ക്കും മനസിലാക്കാന്‍ അല്‍പസമയമെടുത്തു.
അപകടം കണ്ട മാധ്യമപ്രവര്‍ത്തകര്‍ അലറിവിളിച്ചപ്പോഴാണ് പന്ത്രണ്ടടി താഴ്ചയിലേക്ക് എം.എല്‍.എ പതിച്ചെന്ന് ചുറ്റുമുള്ളവര്‍ തിരിച്ചറിഞ്ഞത്. ഓടിയെത്തിയവര്‍ കണ്ടത് ബോധരഹിതയായി കോണ്‍ക്രീറ്റ് തറയോടില്‍ കിടക്കുന്ന എം.എല്‍.എയെ. പിടിച്ചുയര്‍ത്താന‍് ശ്രമിച്ചവരുടെ കൈകളില്‍ ചുവന്ന ചുടുരക്തം പടര്‍ന്നു. നിറഞ്ഞ സ്റ്റേഡിയം, വൈദ്യസഹായത്തിന് അലറിവിളിച്ചെങ്കിലും ആരോഗ്യപ്രവര്‍ത്തകരാരും അടുത്തെങ്ങുമുണ്ടായിരുന്നില്ല. സ്റ്റേഡിയത്തിലെ വി.ഐ.പി ഗാലറിയുടെ സമീപത്തെ ഗേറ്റില്‍ ഒരു ആംബുലന്‍സ് പോലുമില്ലായിരുന്നു. ആംബുലന്‍സുണ്ടായിരുന്നത് നേരെ എതിര്‍വശത്ത് പരിപാടിക്കെത്തിയ കുട്ടികളെ കയറ്റിയ ഗേറ്റിന് സമീപവും. ചുറ്റുംനിന്ന ഒട്ടും പരിശീലനം നേടിയിട്ടില്ലാത്ത ആളുകള്‍ എം.എല്‍.എയെ താങ്ങിയെടുത്ത് പുറത്തെത്തിച്ചു. മിനിറ്റുകള്‍ കാത്തുനിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്. ഇതിനിടെ ആന്തരിക രക്തസ്രാവവും പരുക്കുകളുമെല്ലാം ഉണ്ടായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. അപകടത്തിന് പിന്നാലെ മന്ത്രിമാരായ സജി ചെറിയാനും, പി.രാജീവും, എം.പിമാരായ ഹൈബി ഈഡനും ബെന്നി ബെഹനാനുമെല്ലാം ആശുപത്രിയിലേക്കെത്തി. അടിയന്തരമായി വിദഗ്ധ ചികില്‍സ ഉറപ്പാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ.ജയകുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം സര്‍ക്കാര്‍ നിര്‍ദേശപ്രകാരം രാത്രിതന്നെ റിനൈ മെഡിസിറ്റിയിലെത്തി. അടിയന്തര ശസ്ത്രക്രിയുടെ സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി പിന്നാലെ മെഡിക്കല്‍ ബുള്ളറ്റിനുമെത്തി.
തലച്ചോറിനും ശ്വാസകോശത്തിനും ഏറ്റ പരുക്കാണ് ആശങ്കയായി തുടരുന്നത്. വീഴ്ചയുടെ ആഘാതത്തിൽ മുഖത്തും വാരിയെല്ലുകൾക്കും ഏറ്റ ഒടിവാണ് ശ്വാസകോശത്തിലെ രക്ത സ്രാവത്തിന് കാരണം. കൃത്യമായ ചികില്‍സ ഉറപ്പാക്കിയിട്ടുണ്ടെന്ന് രാത്രിതന്നെ മന്ത്രിമാരും നേതാക്കളും വ്യക്തമാക്കി. അപകടത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി. സുരക്ഷാ വീഴ്ചയുണ്ടെന്ന കോണ്‍ഗ്രസ് ആരോപണങ്ങളെ ശരിവയ്ക്കുന്നതായിരുന്നു സ്റ്റേഡിയത്തിലെ ക്രമീകരണങ്ങള്‍. ഉമ തോമസ് എം.എൽ.എയ്ക്ക് അപകടം സംഭവിച്ച വേദിയിൽ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ല. സ്റ്റേഡിയത്തിൽ സുരക്ഷയ്ക്കായി നിർമ്മിച്ച കമ്പിയ്ക്ക് മുകളിലായാണ് സ്റ്റേജ് നിർമ്മിച്ചിരുന്നത്. രണ്ട് നിരകളിലായിരുന്ന കസേരകൾ അപകടത്തിന് ശേഷം ഒറ്റ നിരയാക്കി മാറ്റി. സുരക്ഷാ മാനദണ്ഡപ്രകാരം രണ്ട് മീറ്ററിലധികം ഉയരത്തിലാണ് സ്റ്റേജുകള്‍ നിര്‍മിക്കുന്നതെങ്കില്‍ 1.2 മീറ്റര്‍ ഉയരമുള്ള ഉറപ്പുള്ള ബാരിക്കേഡുകള്‍ വശങ്ങളില്‍ സ്ഥാപിക്കണം. ഇതിന് പകരമാണ് റിബണ്‍ കൊളുത്തിവച്ച് സംഘാടകര്‍ അപകടക്കെണിയൊരുക്കിയത്.
അപകടത്തിന് പിന്നാലെ പൊലീസും, ഫയര്‍ഫോഴ്സും അപകടസ്ഥത്ത് പരിശോധന നടത്തി. സ്റ്റേജ് പൊളിച്ച് നീക്കരുതെന്ന് നിര്‍ദേശം നല്‍കി. പിന്നാലെ സംഘാടകര്‍ക്കെതിരെ കേസെടുത്തു. മന്ത്രി സജി ചെറിയാനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും GCDA ചെയർമാനും അടക്കം പങ്കെടുത്ത പരിപാടിയിൽ സുരക്ഷ ക്രമീകരങ്ങൾ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പോലീസ് കേസ്. മൃദംഗ വിഷന്റെ സംഘാടകരായ ഷമീർ അബ്ദുൽ റഹിം, നിഘോഷ് കുമാർ എന്നിവർക്ക് എതിരെയും വേദി നിർമിച്ചവർക്ക് എതിരെയുമാണ് പോലീസ് കേസ്. വിഐപി ഗ്യാലറിയിൽ നടന്ന് പോകുന്നതിന് മതിയായ സ്ഥലം ഒരുക്കിയിരുന്നില്ലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു. സ്റ്റേജ് നിർമ്മിച്ച സംഘാടകർക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചെന്ന് അഗ്നിശമനസേനയും റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഫോറൻസിക് വിഭാഗവും, GCDA എഞ്ചിനീയറിങ് വിഭാഗവും സ്റ്റേഡിയത്തിൽ എത്തി പരിശോധന നടത്തി.
ഇതിനിടെ ഇന്ന് രാവിലെ ഒരിക്കൽ കൂടി സിടി സ്കാൻ പരിശോധന നടത്തി. ഉമ തോമസ് എംഎൽഎയുടെ നില അതീവഗുരുതരമല്ലെങ്കിലും, അപകടനില തരണം ചെയ്തുവെന്ന് പറയാനായിട്ടില്ലെന്നാണ് ഡോക്ടർമാർ വ്യക്തമാക്കി. തലയിലേറ്റ മുറിവിൽ നിന്നും ധാരാളം രക്തം നഷ്ടപ്പെട്ടിരുന്നു. എങ്കിലും തലച്ചോറിലെ പരുക്കുകൾ വർധിച്ചിട്ടില്ല എന്നത് ആശാവഹമാണ്. ആന്തരിക രക്തസ്രാവം വർധിച്ചിട്ടില്ലെങ്കിലും ശ്വാസകോശത്തിലെ ചതവുകൾ അൽപ്പം കൂടിയിട്ടുണ്ട്. അതിനാൽ തന്നെ വെന്റിലേറ്ററിൽ തുടരേണ്ടി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു
പരിശോധനയുടെ വിശദാംശങ്ങൾ കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ.ജയകുമാറിൻ്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘത്തെ അറിയിച്ചിരുന്നു. ആന്റിബയോട്ടിക്കുകൾ അടക്കമുള്ള നിലവിലെ ചികിത്സാരീതി തുടരാൻ തന്നെയാണ് മെഡിക്കൽ ബോർഡിൻ്റെ തീരുമാനം. ആരോഗ്യനില മെച്ചപ്പെടുന്നതിനനുസരിച്ചായിരിക്കും വെന്റിലേറ്ററിൽ നിന്നും മാറ്റുന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുക. നട്ടെല്ലിനടക്കമേറ്റ പരുക്കുകൾക്കുള്ള ചികിത്സയും പിന്നീടായിരിക്കും തുടങ്ങുക. മന്ത്രി പി.രാജീവ്, ഹൈബി ഈഡൻ എം.പി തുടങ്ങിയവർ ആശുപത്രിയിലെത്തി ഉമ തോമസിന്‍റെ ആരോഗ്യാവസ്ഥ വിലയിരുത്തി.
മനപ്പൂര്‍വം സൃഷ്ടിച്ച അപകടമെന്നും പരിപാടിക്ക് അനുമതി നല്‍കിയത് നിയമപരമായ നടപടികള്‍ പാലിച്ചാണോയെന്ന് അധികൃതര്‍ വിശദീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. അപകടത്തിന് ശേഷവും പരിപാടി തുടര്‍ന്നതിലും, മന്ത്രി സജി ചെറിയാന്‍ അടക്കം തുടര്‍ന്നുള്ള പരിപാടിയില്‍ പങ്കെടുത്തതും വിമര്‍ശനത്തിനിടയാക്കി. എന്നാല്‍ നര്‍ത്തകരടക്കം നിരന്നു കഴിഞ്ഞ സാഹചര്യത്തില്‍ എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ള പരിപാടി മാത്രമാണ് പൂര്‍ത്തിയാക്കിയതെന്നും ആ സമയത്ത് അപകടത്തിന്റെ വ്യാപ്തി വ്യക്തമായിരുന്നില്ലെന്നുമാണ് മന്ത്രി സജി ചെറിയാന്‍റെ വിശദീകരണം.
ഉമ തോമസ് എം.എൽ.എ യ്ക്ക് അപകടം സംഭവിച്ച വേദിയുടെ സുരക്ഷ ക്രമീകരണത്തിൽനിന്ന് കൈയൊഴിയുന്ന നിലപാടാണ് G.C.D.A. സ്വീകരിച്ചത്. സുരക്ഷ ഒരുക്കേണ്ടത് സംഘാടകരുടെ ഉത്തരവാദിത്തമാണെന്ന് GCDA ചെയർമാൻ വ്യക്തമാക്കി. കൃത്യമായ കരാര്‍ വ്യവസ്ഥകളുണ്ടെന്നും ചെയര്‍മാന്‍ നിലപാടെടുത്തു. ഇങ്ങനെയുള്ള സ്റ്റേജിൽ സാധാരണ ബാരിക്കേഡ് സ്ഥാപിക്കാറില്ലെന്ന് സംഘാടകർ പറയുമ്പോൾ പ്രത്യേകം സ്റ്റേജ് നിർമ്മിക്കാൻ അനുമതി നല്കിയിരുന്നില്ലെന്ന് GCDA വാദിക്കുന്നു. നില വിളക്ക് കൊളുത്തുന്ന അഞ്ച് മിനിറ്റിൽ താഴെയുള്ള പരിപാടി മാത്രമാണ് വേദിയിൽ ഉണ്ടാവുകയെന്ന് സംഘാടകർ GCDA യെ അറിയിച്ചിരുന്നു.സ്റ്റേഡിയത്തിന്റെ സുരക്ഷ പ്രശ്നം അല്ല അപകട കാരണമെന്ന് ചൂണ്ടിക്കാട്ടി GCDA ചെയർമാൻ കൈ കഴുകി.
കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിയുടെ പേരില്‍ സംഘാടകർ നടത്തിയത് വന്‍ പണപ്പിരിവെന്നും ഇതിനിടെ പുറത്തുവന്നു. വയനാട് ആസ്ഥാനമായ മൃദംഗ വിഷന്‍ എന്ന സംഘടനയാണ് ഗിന്നസ് റെക്കോർഡിന്റെ പേരിൽ 12000 പേരിൽനിന്ന് രണ്ടായിരം മുതൽ അയ്യായിരം രൂപ വരെ പിരിവ് നടത്തിയത്. ദിവ്യാ ഉണ്ണിയുടെ നേതൃത്വത്തില്‍ 12000 പേർ ഒരുമിച്ച് നൃത്തം ചെയ്യുന്ന ഗിന്നസ് റെക്കോർഡ് പരിപാടി എന്നതായിരുന്നു പരസ്യം. ദിവ്യാ ഉണ്ണി തന്നെ വാർത്താസമ്മേളനം നടത്തി. പിന്നാലെ സംഘാടകരായ മൃദംഗ വിഷൻ പണ പിരിവ് നടത്തി. റജിസ്ട്രേഷൻ എന്ന പേരിൽ ഓരോരുത്തരിൽ നിന്നും രണ്ടായിരം മുതൽ അയ്യായിരം വരെ പിരിച്ചു. പണം നൽകിയിട്ടും മേക്ക് അപ്പിനും യാത്രയ്ക്കും അടക്കം പ്രത്യേകം തുക ചെലവഴിക്കേണ്ടിയും വന്നു. ഭീമമായ പണ പിരിവ് നടത്തിയിട്ടും നർത്തകർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു.
നാല് കോടിയിലേറെ രൂപയാണ് ഈ സംഘടന പിരിച്ചെടുത്തത്. എന്നിട്ടും മതിയായ സുരക്ഷ ഉറപ്പാക്കാന്‍ ഇവർ തയ്യാറായില്ല. ഇത്രയധികം ആളുകളെത്തുന്ന സ്ഥത്ത് ആവശ്യമായ വൈദ്യസഹായംപോലും ഉറപ്പാക്കിയിരുന്നില്ല. എന്തിനേറെ ആളുകൂടുന്ന ഏത് പൊതുപരിപാടിയുടെ വേദിയിലും വി.ഐ.പി പവലിയന് അടുത്ത് വിളിപ്പുറത്തെങ്കിലും ആരോഗ്യപ്രവര്‍ത്തകരോ സന്നദ്ധപ്രവര്‍ത്തകരോ ഉണ്ടാകും. സുരക്ഷയ്ക്കെന്ന പേരില്‍ രണ്ട് പൊലീസുകാരുണ്ടായിരുന്നതൊഴിച്ചാല്‍ മറ്റൊരു ക്രമീകരണവുമില്ലായിരുന്നുവെന്ന് സാരം. അപകട സ്ഥലത്ത് പരുക്കേറ്റവരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് പ്രഥമചികില്‍സാ പരിശീലനം കിട്ടിയ ആരെങ്കിലും അവിടെയുണ്ടായിരുന്നെങ്കില്‍ ഉമ തോമസിന്‍റെ ആരോഗ്യസ്ഥിതി ഇത്രമോശമാകില്ലായിരുന്നു. കാരണം പരിശീലനമില്ലാത്തവര്‍ എടുത്തുകൊണ്ടുപോയതിലെ അപാകതകള്‍ ദൃശ്യങ്ങളില്‍നിന്നുതന്നെ വ്യക്തം. പരുക്കേറ്റ് കിടക്കുന്നവരെ പരന്ന പ്രതലത്തില്‍ കിടത്തിവേണം എടുത്തുകൊണ്ടുപോകാന്‍. കഴുത്തിനും, നട്ടെല്ലിനുമെല്ലാം കൃത്യമായ സംരക്ഷണം ഉറപ്പാക്കണമെന്ന് സാരം. അത് ഉണ്ടായില്ലെന്ന് വ്യക്തം. അവിടെയും തീര്‍ന്നില്ല, സ്റ്റേഡിയത്തിന് പുറത്തെത്തിച്ചപ്പോള്‍ ആംബുലന്‍സില്ല. ആംബുലന്‍സ് വരുന്നതുവരെ സ്ലാബിന് മുകളില്‍ കിടത്തിയശേഷം വീണ്ടുമുയര്‍ത്തിയാണ് ആംബുലന്‍സില്‍ കയറ്റിയത്. ഇതൊന്നും വീഴ്ചയായി ആര്‍ക്കും തോന്നുന്നില്ലെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.