ഹണി റോസിന്റെ പരാതിയില്‍ ബോബി ചെമ്മണ്ണൂര്‍ ജയിലിലായി. ബോബിക്കെതിരെ ജി.സുധാകരന്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. നേരത്തെ തന്നെ ബോബിയുടെ പ്രവൃത്തികള്‍ താന്‍ ശ്രദ്ധിച്ചിരുന്നെന്നും അന്ന് മഹിളാ സംഘടനകളും ബുദ്ധിജീവികളും എവിടെപ്പോയെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്. ചില മറുചോദ്യങ്ങളുണ്ട്. അങ്ങെന്തേ മിണ്ടാന്‍ താമസിച്ചു ? സ്ത്രീയെ ആക്ഷേപിക്കുന്നവരെ പിടികൂടേണ്ടത് മഹിളാസംഘടനകളുടെയും ബുദ്ധിജീവികളുടെയും മാത്രം പണിയാണോ ? മന്ത്രിക്കസേരയിലിരിക്കുമ്പോഴെങ്കിലും അങ്ങേയ്ക്ക് പ്രതികരിക്കാമായിരുന്നില്ലേ. ? പ്രതികരിച്ചില്ല. സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ സ്ത്രീകളെ അപമാനിച്ചതിന് നിരവധി പരാതികളുണ്ടായിട്ടുണ്ട്. സാധാരണക്കാരനും പ്രമുഖരുമൊക്കെ അതില്‍ പ്രതിക്കൂട്ടിലുമാണ്. എന്നാല്‍ യാതൊന്നും സംഭവിച്ചില്ല എന്നതാണ് സത്യം. ജി. സുധാകരനും അതേകുറിച്ച് നല്ല ബോധ്യമുണ്ടാവണം. സംസ്ഥാനത്തെ മുന്‍മന്ത്രി മുഖ്യമന്ത്രിയും മറ്റുമന്ത്രിമാരുംകൂടി കേള്‍ക്കുന്നുണ്ടെന്ന് കരുതാം.എന്തായാലും പൊലീസിന് അഭിനന്ദനപ്രവാഹമാണ്. ഈ പണി ഇവിടെ അവസാനിപ്പിക്കരുതെന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന. ബോബിയുടെ പ്രവൃത്തികളും ഹണി റോസിന്റെ പരാതികളും ഒറ്റപ്പെട്ടതല്ലെന്നും അവര്‍ ഓര്‍മി്പ്പിക്കുന്നു. പൊതു ഇടങ്ങളില്‍ അശ്ലീലസാഹിത്യംകൊണ്ട് ആക്ഷേപിച്ച് ആനന്ദംകൊള്ളുന്നവര്‍ക്കെതിരെ നടപടിയുമായി പൊലീസ് മുന്നോട്ടുപോവുക തന്നെ വേണം. വാളില്‍ വേണ്ട തോന്ന്യാസമെന്ന് ആഭാസക്കൂട്ടം മനസ്സിലാക്കട്ടെ.