കാമുകന് കഷായത്തില്‍ കളനാശിനി കലർത്തി കൊലപ്പെടുത്തിയ കാമുകി കുറ്റക്കാരിയെന്ന് കോടതി. ഒന്നാം പ്രതി ഗ്രീഷ്മയും അമ്മാവന്‍ നിര്‍മല കുമാരനും കുറ്റക്കാരെന്ന് തെളിഞ്ഞു. രണ്ടാം പ്രതിയായിരുന്ന ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ തെളിവുകളുടെ അഭാവത്തില്‍ വിട്ടയച്ചു. കേരള മനസാക്ഷിയെ ഞെട്ടിച്ച പാറശാല ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷനല്‍ സെഷന്‍സ് കോടതി നാളെ ശിക്ഷ വിധിക്കും. കാമുകനെ ജീവിതത്തില്‍ നിന്ന് ഒഴിവാക്കാന്‍ കോളജ് വിദ്യാര്‍ഥിനി തിരഞ്ഞെടുത്ത ക്രൂരമായ രീതികൊണ്ട് ശ്രദ്ധിക്കപ്പെട്ട ഷാരോണ്‍ കൊലക്കേസില്‍ ഒടുവില്‍ വിധി...
കോളജ് പഠനകാലത്ത് തുടങ്ങിയ പ്രണയമായിരുന്നു ഗ്രീഷ്മയും ഷാരോണും തമ്മില്‍. ആ ബന്ധം ഒരു വര്‍ഷം പിന്നിടുന്ന സമയം ഗ്രീഷ്മയ്ക്ക് മറ്റൊരു കല്യാണാലോചന എത്തി. ഷാരോണുമായി പ്രണയബന്ധത്തിലായിരിക്കുമ്പോള്‍ തന്നെ ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടക്കുന്നു. ഇതോടെ ഷാരോണുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ഗ്രീഷ്മയുടെ വിട്ടില്‍നിന്ന് സമ്മര്‍ദമുയര്‍ന്നു. ബന്ധം അവസാനിപ്പിക്കാന്‍ ഗ്രീഷ്മ ശ്രമിച്ചെങ്കിലും ഷാരോണ്‍ കൂട്ടാക്കിയില്ല. ഇടയ്ക്ക് ഒരുമാസത്തോളം ഇരുവരും ബന്ധത്തില്‍നിന്ന് അകന്നു. അതിനുശേഷം ഇരുവരും വീണ്ടും അടുത്തു. വീട്ടുക്കാര്‍ നിര്‍ബന്ധിച്ചാണ് വിവാഹനിശ്ചയം നടത്തിയതെന്നും ഷാരോണിനെ വിവാഹംചെയ്യാന്‍ സമ്മതമെന്നും ഗ്രീഷ്മ വിശ്വസിപ്പിക്കുന്നു. ഇതോടെ ഇരുവരും പരസ്പരം കൂടുതല്‍ അടുത്തു.
പറഞ്ഞുറപ്പിച്ചിരുന്ന വിവാഹം അടുത്തുവന്നതോടെ ഷാരോണിനെ ഏതുവിധേനയും ഒഴിവാക്കാന്‍ ഗ്രീഷ്മ വീണ്ടും ശ്രമംതുടങ്ങി. ഷാരോണ്‍ ഇല്ലാതായാല്‍ മാത്രമെ തനിക്ക് സ്വസ്ഥമായി മറ്റൊരു ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയുകയുള്ളുവെന്ന് ഗ്രീഷ്മ മനസിലാക്കുന്നു. അങ്ങനെ, ഷാരോണിനെ ഇല്ലാതാക്കാനുള്ള പല ശ്രമങ്ങളുടെ ഭാഗമായി ആയിരുന്നു 2022 ഒക്ടോബര്‍ 14ന് കാമുകനെ തന്‍റെ വീട്ടിലേക്ക് വിളിച്ചുവരുത്തി കളനാശിനി കലർത്തിയ കഷായം നല്‍കുന്നത്. കഷായം കുടിച്ചതോടെ ഛര്‍ദിച്ച് അവശനായ ഷാരോണ്‍ പല ആശുപത്രികളിലും ചികില്‍സ തേടി. 17–ാം തിയതി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളില്‍ വൃക്ക ഉള്‍പടെയുള്ള ആന്തരിക അവയവങ്ങള്‍ തകരാറിലെന്ന് കണ്ടെത്തി. ആരോഗ്യസ്ഥിതി വഷളായതോടെ ഒക്ടോബര്‍ 25ന് ഷാരോണ്‍ മരണത്തിന് കീഴടങ്ങി.
അസ്വഭാവിക മരണത്തിന് കേസെടുത്തെങ്കിലും ഷാരോണിന്‍റെ കുടുംബം ഉന്നയിച്ച സംശയങ്ങളാണ് അന്വേഷണം ഗ്രീഷ്മയിലേക്ക് എത്തിക്കുന്നത്. ഗ്രീഷ്മയെ ചോദ്യംചെയ്ത പൊലീസ് മൊഴികളിലെ പൊരുത്തക്കേട് ശ്രദ്ധിക്കുന്നു. തെളിവുകള്‍ നിരത്തി ഗ്രീഷ്മയുടെ വാദങ്ങള്‍ പൊളിച്ചതോടെ അന്വേഷണസംഘത്തിന് മുന്നില്‍ കുറ്റസമ്മതം. ഷാരോണ്‍ മരിച്ച് ഒരാഴ്ച തികയുംമുന്‍പ്, ഒക്ടോബര്‍ 31ന് ഗ്രീഷ്മ അറസ്റ്റിലായി. രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഷാരോണ്‍ പ്രാണനെപ്പോലെ വിശ്വസിച്ച കാമുകി ഗ്രീഷ്മതന്നെയാണ് അവന്‍റെ കൊലപാതകത്തിന് കാരണക്കാരിയെന്ന് കോടതി കണ്ടെത്തി. ഗ്രീഷ്മ കഷായം നല്‍കിയെന്ന് ഷാരോണ്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും ഷാരോണ്‍ കഷായം സ്വയം എടുത്ത് കുടിച്ചതാണെന്നും പ്രതിഭാഗം വാദിച്ചു. ഒരാളെ വിഷം നല്‍കി എങ്ങനെ കൊല്ലാമെന്നും കഷായത്തില്‍ കളനാശിനി കലര്‍ത്തുന്നതിനേക്കുറിച്ചും മറ്റും ഗ്രീഷ്മ ഇന്‍റര്‍നെറ്റില്‍ തിരഞ്ഞതടക്കം ഒട്ടേറെ ഡിജിറ്റല്‍ തെളിവുകളും മറ്റ് നിര്‍ണായക കണ്ടെത്തലുകളും പ്രോസിക്യൂഷന്‍ വാദത്തിന് കരുത്തുപകര്‍ന്നു. ഒടുവില്‍ കുറ്റക്കാരെന്ന കോടതി വിധി കേട്ടശേഷം പുറത്തിറങ്ങിയ ഗ്രീഷ്മ കുറ്റബോധമുണ്ടോയെന്ന ചോദ്യത്തോട് പ്രതികരിച്ചില്ല...
ഷാരോണിന്‍റെ മരണമൊഴിയിൽ ഗ്രീഷ്മയെ പൂർണമായും തള്ളിപ്പറയാത്തതും വിഷം നൽകുന്നതിന് ദൃക്സാക്ഷികളില്ലാത്തതും കേസിന് വെല്ലുവിളിയായിരുന്നു. സാക്ഷിമൊഴികളും ശാസ്ത്രീയ തെളിവുകളും കോർത്തിണക്കിയ പ്രോസിക്യൂഷന്‍റെ മിടുക്ക് കേസിൽ ഏറെ നിർണായകമായി. കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണ് കോടതി വിധിയെന്ന് അന്വേഷണസംഘം.
തമിഴ്നാട് തിരുവിതാംകോട് മുസ്‌ലിം ആര്‍ട്സ് കോളജിലെ വിദ്യാര്‍ഥിനിയായിരുന്നു കന്യാകുമാരി സ്വദേശി ഗ്രീഷ്മ. സമീപത്തായുള്ള നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ വിദ്യാര്‍ഥിയായിരുന്നു പാറശാല സ്വദേശി ഷാരോണ്‍. കോളജിലേക്കുള്ള ബസ് യാത്രകളിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും തുടര്‍ന്ന് പ്രണയത്തിലാക്കുന്നതും. ഈ ബന്ധം വേര്‍പെടുത്താന്‍ ഗ്രീഷ്മ കണ്ടെത്തിയ വഴി ഷാരോണിനെ ഇല്ലാതാക്കുക എന്നതാണ്. ഇതിനായി ഏകദേശം പത്തുമാസത്തോളം ഗ്രീഷ്മ ആസൂത്രണം ചെയ്തു. വിവരങ്ങളും കൊലപാതക വഴികളും തിരഞ്ഞത് ഇന്‍റര്‍നെറ്റില്‍. ഒരാളെ സാവധാനം എങ്ങനെ കൊല്ലാം എന്നതായിരുന്നു പ്രധാന ചോദ്യം. വേദനസംഹാരി ഗുളികകള്‍ അമിത അളവില്‍ ജ്യൂസില്‍ കലക്കി രണ്ടുതവണ ഷാരോണിന് നല്‍കിയിരുന്നു. പിന്നീട് ഒരുതവണ 50 പാരസെറ്റാമോളുകള്‍ പൊടിച്ചുചേര്‍ത്ത ജ്യൂസും ഷാരോണിന് നല്‍കിയിരുന്നു. കയ്പെന്ന് പറഞ്ഞ് കുടിക്കാന്‍ കൂട്ടാക്കാതിരുന്ന ഷാരോണിനെ ഗ്രീഷ്മ നിര്‍ബന്ധിച്ച് ജ്യൂസ് കുടുപ്പിച്ചു. ജ്യൂസ് ചലഞ്ച് എന്ന് പറഞ്ഞായിരുന്നു ജ്യൂസ് കുടുപ്പിച്ചത്. പറഞ്ഞുറപ്പിച്ചിരിക്കുന്ന വിവാഹത്തിന് മുന്‍പ് ഷാരോണിനെ ഇല്ലാതാക്കാന്‍ ഉറച്ചാണ് 2022 ഒക്ടോബര്‍ 14ന് വീട്ടില്‍ ആരുമില്ലെന്ന് പറഞ്ഞ് ഗ്രീഷ്മ ഷാരോണിനെ വീട്ടിലെക്ക് വിളിക്കുന്നത്.
വൃക്കയുള്‍പ്പടെയുള്ള ആന്തരിക അവയവങ്ങള്‍ തകരാറിലായി ഷാരോണ്‍ മരണത്തിന് കീഴടങ്ങിയപ്പോള്‍ കുടുംബത്തിന്‍റെ സംശയം മുഴുവന്‍ ഗ്രീഷ്മയ്ക്ക് നേരെതന്നെയായിരുന്നു. കേസില്‍ വഴിത്തിരിവായത് ഷാരോണ്‍ പൊലീസിനും മജിസ്ട്രേറ്റിനും നല്‍കിയ മൊഴിയാണ്. അരെയെങ്കിലും സംശയമുണ്ടോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ലെങ്കിലും ഗ്രീഷ്മ തന്ന കഷായം കുടിച്ചിരുന്നു എന്ന് വ്യക്തമാക്കി. കളനാശിനി കലര്‍ത്തിയ കഷായം കുടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നു. ഇതോടെ ഗ്രീഷ്മയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. രക്ഷപ്പെടാമെന്ന് കരുതിയ ഗ്രീഷ്മ കഴിവതും പിടിച്ചുനിന്നു. എന്നാല്‍ മൊഴികളിലെ പൊരുത്തക്കേട് തെളിവുസഹിതം പൊലീസ് ചൂണ്ടിക്കാട്ടിയതോടെ കുറ്റസമ്മതം. മറ്റൊരു വിവാഹത്തിനായി ഷാരോണിനെ ഒഴിവാക്കണമായിരുന്നെന്നും കൊലപ്പെടുത്താന്‍ വേണ്ടിയാണ് വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നും ഗ്രീഷ്മ കുറ്റസമ്മതം നടത്തി. അറസ്റ്റിനു പിന്നാലെ പൊലീസ് സ്റ്റേഷനിലായിരിക്കെ ശുചിമുറിയില്‍ വച്ച് അണുനാശിനി കുടിച്ച് ഗ്രീഷ്മ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
ചോദ്യംചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കി 90 ദിവസത്തിനുള്ളില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കളനാശിനി കലര്‍ത്തിയ കഷായം തന്ന് ഗ്രീഷ്മ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് ഷാരോണ്‍ മൊഴി നല്‍കിയതായി കുറ്റപത്രം. എന്നാല്‍ ഷാരോണിന്‍റെ മരണമൊഴിയില്‍ അങ്ങനെ പറയുന്നില്ലെന്നും കഷായം ഷാരോണ്‍ സ്വയം എടുത്ത് കുടിച്ചതെന്നും പ്രതിഭാഗം... ഒരു സ്ത്രീയ്ക്കും ചെയ്യാൻ പറ്റാത്ത കാര്യങ്ങളാണ് ഗ്രീഷ്മയും അമ്മ സിന്ധുവും ചെയ്തതെന്നാണ് ഷാരോണിന്‍റെ കുടുംബത്തിന്‍റെ വാദം. സിന്ധുവിനെ വെറുതെവിട്ടതിനെതിരെ നിയമപോരാട്ടം തുടരും. ശിക്ഷാവിധി അറിഞ്ഞശേഷം അഭിഭാഷകരമായി ആലോചിച്ച് ഹൈക്കോടതിയെ സമീപിക്കുന്ന കാര്യം തീരുമാനിക്കുമെന്ന് ഷാരോണിന്റെ അച്ഛൻ ജയരാജ് പറഞ്ഞു.