കേരളത്തില്‍ വധശിക്ഷ കാത്തുകഴിയുന്ന രണ്ടാമത്തെ വനിതയാണ് ഗ്രീഷ്മ. മുല്ലൂര്‍ ശാന്താദേവി വധക്കേസിലെ പ്രതി റഫീഖാ ബീവിയാണ് ആദ്യത്തെയാള്‍. ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത് ജഡ്ജി എ.എം.ബഷീര്‍ തന്നെ. സംസ്ഥാനത്ത് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ സ്ത്രീയായി ഗ്രീഷ്മ തടവുകാരിയുടെ കുപ്പായമിടുമ്പോള്‍ ഇനിയെത്ര നാള്‍ എന്ന ചോദ്യം മുന്നിലുണ്ട്. പ്രതി ഇന്‍റലിജന്‍റ് ക്രിമിനലെന്ന് കോടതി പറഞ്ഞെന്നും ആസൂത്രിതമായ കുറ്റകൃത്യമായാണ് കോടതി കണ്ടതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ തന്നെ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യമുണ്ട്, പ്രത്യേകിച്ച് വധശിക്ഷ വിധിക്കപ്പെട്ട ക്രൂരന്മാരില്‍ ഏറെപ്പേരും തൂക്കുകയറില്‍നിന്ന് രക്ഷപ്പെട്ട വാര്‍ത്തകള്‍ അറിയാവുന്നവരുടെ മനസ്സില്‍. ആ സാധ്യത ഗ്രീഷ്മയ്ക്ക് മുന്നിലുമുണ്ടോ ?
വധശിക്ഷയെ പറ്റി ലോകം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ട് പതിറ്റാണ്ടുകളായി. വധശിക്ഷ നിര്‍ത്തലാക്കണം എന്നത് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രധാനആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുമുണ്ട്. വധശിക്ഷ എന്നെന്നേക്കുമായി നിര്‍ത്തലാക്കുക എന്നതാണ് പുരോഗമന സമൂഹത്തിന് അഭികാമ്യമെന്ന് അവര്‍ വാദിക്കുന്നു. അത്യന്തം ഹീനമായ കുറ്റം ചെയ്യുന്നവര്‍ക്ക് മരണം തന്നെ ശിക്ഷയായി നല്‍കുകയാണ് വധശിക്ഷയിലൂടെ വിധിക്കുന്നത്. ഓരോ തൂക്കുകയര്‍ വിധി സമയത്തും ഇത്തരം ചര്‍ച്ചകളുയരും. ഗ്രീഷ്മയുടെ ശിക്ഷാവിധിയിലും വധശിക്ഷ സംബന്ധിച്ച് ചര്‍ച്ചവന്നുകഴിഞ്ഞു. ചിരിച്ചുകൊണ്ട് ജ്യൂസ് ചലഞ്ച് നടത്തിയൊക്കെ ക്രൂരമായ കൊല ആസൂത്രിതമായി നടപ്പാക്കിയ ഒരാള്‍. ഗ്രീഷ്മയ്ക്ക് മറ്റെന്ത് ശിക്ഷ കൊടുത്താലും കുറഞ്ഞുപോകുമെന്ന് കരുതുന്നവരുടെ എണ്ണം ആ ചര്‍ച്ചയിലും ഭൂരിപക്ഷമായിരിക്കും.