തുര്‍ക്കിയില്‍ നടക്കുന്ന ലോക കോര്‍ഫ് ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമില്‍ ഇടംനേടി കൊരട്ടിക്കാരി എം.എസ്.സാന്ദ്ര. ഇന്ത്യന്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നാലു മലയാളി പെണ്‍കുട്ടികളില്‍ ഒരാള്‍ സാന്ദ്രയാണ്.
കോര്‍ഫ് ബോള്‍ ഇന്ത്യന്‍ ടീമിലെ അംഗമാണ് എം.എസ്.സാന്ദ്ര. അഞ്ചാം ക്ലാസില്‍ തുടങ്ങിയതാണ് പരിശീലനം. ബാസ്ക്കറ്റ് ബോളില്‍ പരിശീലിച്ചു തുടങ്ങി അവസാനം കോര്‍ഫ് ബോളില്‍ എത്തി. കൊരട്ടി എം.എ.എം. ഹൈസ്കൂളിലായിരുന്നു പഠനം. നിലവില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജില്‍ എം.എസ്.ഡബ്ലു വിദ്യാര്‍ഥിനി. കൊരട്ടി സ്വദേശികളായ സുരേന്ദ്രന്റേയും ഓമനയുടേയും മകള്‍. കൂലിപ്പണിയെടുത്ത് കുടുംബം പോറ്റുന്ന അച്ഛനും മനസിന് ഏറെ ധൈര്യം നല്‍കിയ അമ്മയ്ക്കും സമര്‍പ്പിക്കുകയാണ് സാന്ദ്ര ഈ നേട്ടം. സാന്ദ്രയുടെ സഹോദരി എം.എസ്. സൂര്യ കായികപ്രതിഭയാണ്.
കായികാധ്യാപകന്‍ പോള്‍ ജെയിംസാണ് സാന്ദ്രയെ മികച്ച കോര്‍ഫ് ബോള്‍ താരമായി മിനുക്കിയെടുത്തത്. ജുലൈയില്‍ തുര്‍ക്കിയിലാണ് ലോക കോര്‍ഫ്ബോള്‍ ചാംപ്യന്‍ഷിപ്പ്. സീനിയര്‍ വിഭാഗം സംസ്ഥാന ചാംപ്യന്‍ഷിപ്പിലും അന്തര്‍സര്‍വകലാശാല ടൂര്‍ണമെന്റുകളിലും മികച്ച പ്രകടനം കാഴ്ചവച്ച താരമാണ് സാന്ദ്ര. തുര്‍ക്കിയിലേയ്ക്കുള്ള യാത്രയ്ക്ക് രണ്ടു ലക്ഷം രൂപയാണ് ചെലവ്. ലോക ടൂര്‍ണമെന്റെന്ന സ്വപ്നത്തിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ചെലവ് കൂടുതലാണ്. കൂലിപ്പണിക്കാരനായ അച്ഛന്റെ സഹായം കൊണ്ടുമാത്രം തുക കണ്ടെത്താന്‍ കഴിയുകയുമില്ല. സാന്ദ്രയുടെ സ്വപ്നം പൂവണിയാന്‍ നാടൊന്നാകെ കൂടെയുണ്ടെന്നതാണ് ഏക പ്രതീക്ഷ.