ബാഡ്മിന്റണ്‍ താരം പി വി സിന്ധുവിന്റെ വിവാഹനിശ്ചയ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. പോസിഡെക്സ് ടെക്നോളജീസ് എക്സിക്യുട്ടിവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കട്ട ദത്തസായ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ സൈബര്‍ ലോകം ഏറ്റെടുത്തു കഴിഞ്ഞു. കയ്യില്‍ പരസ്പരം കൈമാറാനുള്ള മോതിരവുമായി ചിരിച്ചുനില്‍ക്കുന്ന ചിത്രമാണ് വൈറലാകുന്നത്.
ഉദയ്പൂരില്‍ ഡിസംബര്‍ 22നാണ് വിവാഹം. വിവാഹച്ചടങ്ങുകളും ആഘോഷങ്ങളും 20ന് ആരംഭിക്കും. ഹൈദരാബാദിലാണ് റിസപ്ഷന്‍ നടക്കുക. അതിന് ശേഷം സിന്ധു ഇനി വരാനിരിക്കുന്ന സീസണിനായുള്ള പരിശീലനം പുനരാരംഭിക്കും. സിന്ധുവിന്റെയും സായിയുടെയും കുടുംബങ്ങള്‍ നേരത്തേ അറിയാവുന്നവരാണ്. പക്ഷേ ഒരു മാസത്തിനുള്ളിലാണ് വിവാഹകാര്യങ്ങളിലേക്കെത്തിയതെന്ന് സിന്ധുവിന്റെ പിതാവ് പറയുന്നു. അടുത്ത വര്‍ഷം മത്സരങ്ങള്‍ വരാനിരിക്കുന്നതിനാലാണ് ഡിസംബറില്‍ തന്നെ വിവാഹം നടത്താനായി കുടുംബം തീരുമാനിച്ചത്.
മുന്‍ ലോകചാമ്പ്യനായ സിന്ധു ഇന്ത്യയ്ക്കായി രണ്ട് ഒളിംപിക്‌സ് മെഡലുകള്‍ നേടിയിട്ടുണ്ട്. 2016 റിയോ ഒളിംപിക്‌സ് , 2020 ടോക്കിയോ ഒളിംപിക്‌സ് എന്നിവയില്‍ മെഡലുകള്‍ നേടുകയും 2017-ല്‍ കരിയറിലെ ഉയര്‍ന്ന ലോക റാങ്കിങ്ങായി രണ്ടാം സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുള്ള സിന്ധു ഇന്ത്യയുടെ ഏറ്റവും മികച്ച അത്ലറ്റുകളില്‍ ഒരാളായാണ് കണക്കാക്കപ്പെടുന്നത്.