എന്റെ ജന്മനാട്ടിലെ പെണ്‍കുട്ടികളെ ഒരിക്കല്‍ കൂടി പ്രതിനിധീകരിച്ച് ഇറങ്ങാനായതില്‍ സന്തോഷം...തന്റെ മൂന്നാം ഒളിംപിക്സിന് ഒരുങ്ങുന്ന അഫ്ഗാന്‍ സ്പിന്റര്‍ കിമിയ യുസെഫിയുടെ വാക്കുകള്‍ ഇങ്ങനെ. ഈ സ്ത്രീകളുടെ അടിച്ചമര്‍ത്തപ്പെട്ട സ്വപ്നങ്ങളേയും ആഗ്രഹങ്ങളേയുമാണ് ഞാന്‍ പ്രതിനിധീകരിക്കുന്നത്. സ്വതന്ത്ര മനുഷ്യന്‍ എന്ന നിലയില്‍ അവര്‍ക്ക് അവരുടേതായ അവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്. ഒരു പാര്‍ക്കില്‍ പ്രവേശിക്കാന്‍ കൂടി അവര്‍ക്ക് അവകാശമില്ല...പാരിസ് ഒളിംപിക്സിനൊരുങ്ങുന്ന അഫ്ഗാന്‍ താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ...
2022 മുതല്‍ ഓസ്ട്രേലിയയിലാണ് കിമിയ യുസെഫി താമസിക്കുന്നത്. ടോക്യോ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ അഫ്ഗാനിസ്ഥാന്റെ പതാകയേന്തിയത് യുസെഫിയായിരുന്നു. മല്‍സരത്തില്‍ അഫ്ഗാനിസ്ഥാന്റെ ദേശിയ റെക്കോര്‍ഡ് തകര്‍ക്കുകയും ചെയ്തു. പാരിസ് ഒളിംപിക്സ് 100 മീറ്റര്‍ ഓട്ടത്തില്‍ യോഗ്യത നേടിയ യുസെഫിയെ ഓസ്ട്രേലിയന്‍ ഒളിംപിക് കമ്മിറ്റി അഭിനന്ദിച്ചു.
1996ല്‍ താലിബാന്‍ ഭരണം വന്നപ്പോള്‍ ഇറാനിലേക്ക് കിമിയ യൂസെഫിയുടെ കുടുംബം പലായനം ചെയ്തിരുന്നു. പിന്നീട് ഭരണം മാറിയപ്പോള്‍ തിരിച്ചെത്തി. ഇന്റര്‍നാഷണല്‍ ഒളിംപിക്സ് കമ്മിറ്റി ഏറ്റെടുത്തതോടെയാണ് കിമിയ വീണ്ടും ട്രാക്കിലേക്ക് എത്തുന്നത്.
'ഈ യാത്രയില്‍ ഇവിടെ വരെ എനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നു. ഓരോ ചുവടിലും ഒപ്പം നിന്നവര്‍. ഓസ്ട്രേലിയയിലേക്ക് എത്താനും പുതിയ ജീവിതം ആരംഭിക്കാനും സഹായിച്ചവര്‍ക്ക് നന്ദിയെന്നും' അഫ്ഗാന്‍ താരം പറയുന്നു. അഫ്ഗാനിസ്ഥാനിലെ പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ് യൂസെഫിയെന്ന് അഫ്ഗാനിസ്ഥാന്‍ ഒളിംപിക്സ് കമ്മിറ്റി എക്സിക്യൂട്ടീവ് മാറ്റ് കരോള്‍ പറയുന്നു. സ്വതന്ത്രമായി കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ലോകത്തിന്റെ പല ഭാഗങ്ങളിലുള്ളവര്‍ക്കും ഈ അഫ്ഗാന്‍ താരം പ്രചോദനമാവുന്നു.
ജോണ്‍ ക്വിന്‍ എന്ന ഓസ്ട്രേലിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോച്ചിന് കീഴിലാണ് യൂസോഫി പരിശീലനം നടത്തുന്നത്. യൂസെഫി ഓടുന്നത് അവള്‍ക്ക് വേണ്ടി മാത്രമല്ല, അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വേണ്ടിയാണ്. എന്തെല്ലാം സാധ്യമാവും എന്ന് അവര്‍ അവര്‍ക്ക് കാണിച്ചുകൊടുക്കുകയാണ്, യൂസെഫിയുടെ കോച്ച് പറയുന്നു.