പ്രതീക്ഷകൾ ഒരുപാട് നെഞ്ചിലേറ്റിയാണ് ഇന്ത്യൻ സംഘം പാരിസിലെത്തുന്നത്. ആ പ്രതീക്ഷകളിൽ പൊൻതിളക്കമാകാൻ കൊതിച്ച് പെൺകരുത്ത് നിറച്ചൊരു ഇടിക്കൂട്ടിലെ താരവുമുണ്ട് അസമിൽ നിന്ന്. ശിശുമരണ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുന്‍പിലാണ് അസം. ഇവിടെ ആൺകുട്ടികളുടെ ശിശുമരണ നിരക്കിനേക്കാൾ കൂടുതൽ പെൺകുഞ്ഞുങ്ങളുടെ ശിശുമരണ നിരക്കും. അങ്ങനെയുള്ളൊരിടത്ത് മൂന്ന് പെണ്‍മക്കളെ ഇടിക്കൂട്ടിലേക്ക് വിട്ടൊരു അമ്മയുണ്ട്. മൂന്ന് പെണ്‍മക്കളെ ചൂണ്ടി ഭാഗ്യക്കേട് എന്ന് പലരും കുറ്റപ്പെടുത്തിയപ്പോള്‍ അവരുടെ ചിന്ത തെറ്റാണെന്ന് തെളിയിക്കണം എന്ന് മൂന്ന് പെണ്‍മക്കളോടും പറഞ്ഞുകൊണ്ടിരുന്ന അമ്മ. പാരിസിലെ റിങ്ങില്‍ വനിതകളുടെ വെല്‍റ്റര്‍ വെയിറ്റില്‍ ലവ്‌ലിന ബൊർ​ഗൊഹെയ്ൻ ഇറങ്ങും. പെണ്‍മക്കളെ ഭാഗ്യക്കേടായി കരുതി പോരുന്നവര്‍ക്കെതിരെ അവിടെയൊരു പെര്‍ഫക്ട് ജാബിനായി. ​ഗോൾഡൻ പഞ്ചിനായി. ടോക്യോയിൽ നഷ്ടപ്പെട്ട സ്വർണം പാരിസിൽ ഇടിച്ചെടുക്കുന്നതിനായി..

ഫോട്ടോ: പിടിഐ

അസാമിലെ ഗോല്‍ഗഡ് ജില്ലയിലെ ഉള്‍ഗ്രാമമായ ഭാര മുഖിയയില്‍ നിന്നാണ് പാരിസിലേക്ക് സ്വർണം തേടി ലവ്​ലിന എത്തുന്നത്. ഇരട്ടകളായ മൂത്ത സഹോദരിമാര്‍ക്കൊപ്പം കിക്ക്‌ബോക്‌സിങ്ങില്‍ ചുവടുവെച്ചാണ് റിങ്ങിലേക്കുള്ള ലവ്​ലിനയുടെ വരവ്. ദേശിയ തലത്തിൽ മത്സരിച്ചതിന് ശേഷം ചേച്ചിമാര്‍ മടങ്ങി. ലവ്‌ലിന അവിടെ നിന്ന് തുടങ്ങുകയും ചെയ്തു. ടോക്യോയിൽ മെഡലിലേക്ക് എത്താൻ ലവ്​ലിന പിന്നിട്ട പ്രതിസന്ധികൾ നിരവധിയായിരുന്നു. ടോക്യോ ഒളിംപിക്സിനായി വേണ്ടവിധം ഒരുങ്ങാൻ പോലും അന്ന് ലവ്​ലിനയ്ക്ക് സാധിച്ചിരുന്നില്ല. അന്ന് സഹതാരങ്ങളെല്ലാം നാഷണല്‍ ക്യാംപില്‍ പങ്കെടുക്കുമ്പോള്‍ ലവ്‌ലിന അമ്മയ്‌ക്കൊപ്പമായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലായ അമ്മയെ പരിചരിക്കാനും കൃഷി ഇടത്തില്‍ പിതാവിനെ സഹായിക്കാനും. അമ്മയ്ക്ക് വൃക്ക മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ വേണ്ടി വന്നതോടെ ലവ്‌ലിന് പരിശീലനം വിട്ട അമ്മയ്‌ക്കൊപ്പം നിന്നു. വീട്ടിലെ ഗ്യാസ് സിലിണ്ടര്‍ എടുത്തുയര്‍ത്തിയ ലവ്‌ലിനയുടെ പരിശീലം ഉള്‍പ്പെടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. എന്നാൽ പ്രതിസന്ധികൾ മുൻപിൽ നിറഞ്ഞിട്ടും മനക്കരുത്തിന്റെ ബലത്തിൽ ലവ്​ലിന ടോക്യോയിൽ മെഡൽ നേടി. വെങ്കലത്തിൽ മുത്തമിട്ടു. 

വിജേന്ദറിനും മേരി കോമിനും ശേഷം ഒളിംപിക്സ് ബോക്‌സിങ്ങിലെ സെമി ഫൈനലില്‍ കടക്കുന്ന ആദ്യ ഇന്ത്യന്‍ താരമായിരുന്നു ലവ്‌ലിന. എന്നാല്‍ സെമിയില്‍ തുര്‍ക്കി താരത്തിന് മുന്‍പില്‍ 5-0ന് ലവ്‌ലിന വീണു. ടോക്യോയിൽ നിന്ന് വെങ്കലവുമായി ലവ്​ലിനയ്ക്ക് നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. രാജ്യം നിന്നെയോർത്ത് അഭിമാനിക്കുന്നതായി ആ വെങ്കലം ചൂണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി പറ‍ഞ്ഞു. രാജ്യം ലവ്​ലിനയ്ക്ക് കയ്യടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇ ലേലത്തില്‍ ലവ്‌ലിന ബോര്‍ഗോഹെയ്‌നിന്റെ ഗ്ലൗസിന് 1.92 കോടി രൂപയാണ് വിലയെത്തിയത്. അത്രയും രാജ്യം ആ പെൺകരുത്തോർത്ത് അഭിമാനിച്ചു.  എന്നാൽ അപ്പോഴും ലവ്​ലിന സ്വർണം അകന്ന് പോയതിന്റെ നിരാശയിൽ നിന്നു. 'എല്ലായ്പ്പോഴും വെങ്കലത്തിൽ കുടുങ്ങുന്നു. സ്വർണ മെഡലാണ് എനിക്ക് വേണ്ടത്. ബോക്സിങ് ആരംഭിച്ചത് മുതൽ ഒളിംപിക്സ് സ്വർണമാണ് എന്റെ സ്വപ്നം', ടോക്യോയിൽ നിന്ന് മടങ്ങിയെത്തിയ ലവ്​ലിനയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു. 

ഫോട്ടോ: റോയിറ്റേഴ്സ്

പാരിസിൽ സ്വർണത്തിൽ മുത്തമിടാനുള്ള ഒരുക്കങ്ങൾ ടോക്യോ ഒളിംപിക്സിന് പിന്നാലെ ലവ്​ലിന ആരംഭിച്ചിരുന്നു. 2022 ഏഷ്യൻ ചാംപ്യൻഷിപ്പിൽ സ്വർണം. 2023 ഏഷ്യൻ ​ഗെയിംസിൽ വെള്ളി. ലോക ബോക്സിങ് ചാംപ്യൻഷിപ്പിൽ വനിതകളുടെ 75 കിലോ വിഭാ​ഗത്തിൽ  സ്വർണത്തിൽ മുത്തമിട്ട് പാരിസിലേക്ക് എത്തുന്ന എതിരാളികൾക്ക് ലവ്​ലിനയുടെ മുന്നറിയിപ്പ്. ഓസീസ് താരം കൈറ്റ്ലിൻ പാർക്കറെ 5-2 എന്ന സ്കോറിന് വീഴ്ത്തിയായിരുന്നു സ്വർണ നേട്ടം. ലോക ബോക്സിങ് ചാംപ്യൻഷിപ്പിലെ ലവ്​ലിനയുടെ ആദ്യ സ്വർണമായിരുന്നു അത്. 

ഭര്‍പതര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ സായി നടത്തിയ ട്രയല്‍സിലൂടെയാണ് 2012ൽ ലവ്‌ലിന ബോക്‌സിങ്ങിലേക്ക് വരുന്നത്. പ്രശസ്ത പരിശീലകന്‍ പദും ബോറോയാണ് ലവ്‌ലിനയെ കണ്ടെത്തിയത്. 2017ല്‍ വിയറ്റ്‌നാമില്‍ നടന്ന ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം നേടി മെഡല്‍ വേട്ടയ്ക്ക് തുടക്കമിട്ടു. 2018 ഇന്റര്‍നാഷണല്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം. 2018, 2019ല്‍ എഐബിഎ വനിത ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം. മെഡൽ കണക്കുകൾ ഇങ്ങനെ നീളുന്നുണ്ടെങ്കിലും ഒളിംപിക്സ് സ്വർണമാണ് ലവ് ലിനയുടെ സ്വപ്നം. ലവ് ലിനയിലൂടെ പാരിസിൽ ഇന്ത്യൻ ദേശിയ ​ഗാനം ഉയരുന്നതിനായി കാത്തിരിക്കുകയാണ് രാജ്യവും...