രണ്ടു തവണ ഒളിംപിക് മെഡല്‍ നേടി ഇന്ത്യന്‍ അഭിമാനമായി മാറിയ നീരജ് ചോപ്ര വിവാഹിതനായി. സമൂഹമാധ്യമങ്ങളിലൂടെ താരം തന്നെയാണ് തന്റെ വിവാഹവാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. ആരാധകര്‍ക്ക് തീര്‍ത്തും സര്‍പ്രൈസ് ആയിരുന്നു താരം പങ്കുവച്ച ചിത്രങ്ങള്‍. ഹിമാനിയാണ് 27കാരനായ താരത്തിന് ജീവിതപങ്കാളിയായത്. 

സോഷ്യല്‍മീഡിയയിലൂടെയാണ് നീരജ് തന്റെ ജീവിതത്തിലെ പുതിയ അധ്യായത്തിന്റെ തുടക്കം ലോകത്തെ അറിയിച്ചത്, ‘ജീവിതത്തില്‍ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുന്നു, അനുഗ്രഹം ചൊരിഞ്ഞ് ഇവിടെവരെ എത്തിച്ച എല്ലാവര്‍ക്കും നന്ദി, സ്നേഹത്തോടെ ഹിമാനി, നീരജ്’ എന്നാണ് താരം തന്റെ വിവാഹവാര്‍ത്ത പങ്കുവച്ച ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചത്.

 ഇതുവരെ ഒരു സൂചനയും നല്‍കാതെ, തീര്‍ത്തും സര്‍പ്രൈസ് ആയിട്ടായിരുന്നു താരത്തിന്റെ വിവാഹവാര്‍ത്ത ആരാധകര്‍ കേട്ടത്. ഇന്‍സ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും എക്സിലും ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍  പങ്കെടുത്തത്. യുഎസില്‍ വിദ്യാര്‍ഥിനിയാണ് താരത്തിന്റെ പങ്കാളി ഹിമാനിയെന്ന് നീരജിന്റെ അമ്മാവന്‍ പറയുന്നു. വിവാഹച്ചടങ്ങിനിടെ നീരജിന്റെ അമ്മയുടെ അനുഗ്രഹം വാങ്ങുന്ന ചിത്രങ്ങളടക്കമാണ് താരം പോസ്റ്റ് ചെയ്തത്.

ഹിമാചല്‍പ്രദേശില്‍ വച്ച് ജനുവരി 14,15,16 ദിവസങ്ങളിലാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. ഏകദേശം അന്‍പതോളം അതിഥികള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. വിവാഹശേഷം വിദേശത്തേക്ക് പോയ ദമ്പതികള്‍ തിരിച്ചെത്തുന്നതോടെ വിവാഹസല്‍ക്കാരം ഉണ്ടാകുമെന്നും കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു. 

ജാവലിന്‍ ത്രോയില്‍ ഇന്ത്യക്ക് രണ്ടുതവണ ഒളിംപിക് മെഡല്‍ നേടിത്തന്ന താരമാണ് നീരജ് ചോപ്ര. നേരത്തേ ഷൂട്ടിങ് താരം മനു ഭാക്കറുമായി നീരജ് പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ വന്നിരുന്നു. ഇരുവരും സംസാരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയായിരുന്നു ആ ഗോസിപ്പുകള്‍ ആരംഭിച്ചത്. ഇത്തരം ഗോസിപ്പുകള്‍ പാടേതള്ളിയ ഇരുതാരങ്ങളുടെയും പ്രതികരണങ്ങളും അന്ന് വാര്‍ത്തയായിരുന്നു. 

Double Olympic Medallist Neeraj Chopra Gets Married, Pictures From Private Ceremony Viral,Reports:

Neeraj Chopra, who became India's pride by winning two Olympic medals, has tied the knot. It was the athlete himself who shared the news of his marriage with the world through social media. The pictures he posted came as a complete surprise to his fans. Himani is the life partner of the 27-year-old star.