india-asiad

പാരിസ് ഒളിംപിക്സ് ഉദ്ഘാടനം മുതല്‍ അപൂര്‍വതകളുടെ സംഗമഭൂമിയാകും. 16 ഇനങ്ങളിലാണ് ഇന്ത്യന്‍ അത്‍ലിറ്റുകള്‍ മെഡല്‍ തേടിയിറങ്ങുന്നത്. ഇവരുടെ അശ്രാന്തപരിശ്രമത്തിലാണ് 140 കോടി ജനങ്ങളുടെ പ്രതീക്ഷകള്‍. നമ്മുടെ സുവര്‍ണതാരങ്ങളെ ഒളിംപിക്സിനെ തയാറെടുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ മാത്രം കോടികളാണ് ചെലവഴിക്കുന്നത്. താരങ്ങളുടെ സ്പോണ്‍സര്‍മാരും മറ്റും നല്‍കുന്ന തുക വേറെയും. ലോകത്തെ ഏറ്റവും വലിയ കായികവേദിയില്‍ മാറ്റുരയ്ക്കാന്‍ ലഭ്യമായ ഏറ്റവും നല്ല പരിശീലനവും മല്‍സരപരിചയവും നമ്മുടെ അത്‌‍ലിറ്റുകള്‍ക്ക് ലഭ്യമാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം.

PTI05_15_2024_000288A

പാരിസില്‍ ഇന്ത്യന്‍ ദേശീയഗാനം കേള്‍പ്പിക്കുമെന്നുറപ്പുള്ള താരമാണ് നീരജ് ചോപ്ര. നിലവിലെ ഒളിംപിക് ജാവലിന്‍ ത്രോ ചാംപ്യന്‍. പട്യാലയിലെ സായി എന്‍.എസ്.എന്‍.ഐ.എസിലായിരുന്നു നീരജിന്റെ തയാറെടുപ്പില്‍ ഏറെയും. വിദേശത്തും അദ്ദേഹം പരിശീലനം നടത്തി. പ്രധാന രാജ്യാന്തര മീറ്റുകള്‍ പങ്കെടുക്കുകയും ചെയ്തു. ഏകദേശം 5.72 കോടി രൂപയാണ് നീരജിന്റെ പരിശീലനത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്.

indian-hockey-team

ഇന്ത്യന്‍ ഹോക്കി ടീമിന്റെ പരിശീലനത്തിനും തയാറെടുപ്പിനുമാണ് ഏറ്റവും കൂടുതല്‍ തുക വിനിയോഗിച്ചത്. 41.81 കോടി രൂപ. ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ ഹോക്കി ടീം 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ച അവസാനിപ്പിച്ച് വെങ്കലം സ്വന്തമാക്കിയിരുന്നു. ബെംഗളൂരുവിലെ സായി എന്‍.സി.ഒ.ഇയിലായിരുന്നു ഹോക്കി ടീമിന്റെ തയാറെടുപ്പുകള്‍. ഇതിഹാസതാരം പി.ആര്‍.ശ്രീജേഷിന് അവസാന ഒളിംപിക്സില്‍ സ്വര്‍ണത്തോടെ യാത്രയയപ്പ് നല്‍കുമെന്നുറപ്പിച്ചാണ് ടീം പാരിസിലെത്തിയത്.

BADMINTON-THA-OPEN

ബാഡ്മിന്റണില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ജോഡിയാണ് സാത്വിക് – ചിരാഗ് ഷെട്ടി സഖ്യം. ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാദമിയിലാണ് ഇന്ത്യന്‍ പുരുഷ ഡബിള്‍സ് ടീമിന്റെ പരിശീലനം. ഇവര്‍ക്കായി കായികമന്ത്രാലയം ചെലവഴിച്ചത് 5.62 കോടി രൂപ. റിയോ ഒളിംപിക്സില്‍ വെള്ളിയും ടോക്യോ ഒളിംപിക്സില്‍ വെങ്കലവും നേടിയ പി.വി.സിന്ധു പാരിസിലും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയാണ്. സിന്ധു തിളങ്ങിയാല്‍ സ്വര്‍ണം തന്നെ ഇങ്ങുപോരും. ബെംഗളൂരുവിലെ പ്രകാശ് പദുക്കോള്‍ ബാഡ്മിന്റണ്‍ അക്കാ‍ദമിയിലായിരുന്നു സിന്ധുവിന്റെ തയാറെടുപ്പുകള്‍. സര്‍ക്കാര്‍ ചെലവഴിച്ചത് 3.13 കോടി രൂപ.

PTI07_24_2021_000093B

ടോക്യോയില്‍ വെള്ളിമെഡലോടെ ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ വെയ്റ്റ്ലിഫ്റ്റിങ് താരം മിരാബായ് ചാനു പാരിസിലും പ്രതീക്ഷയുണര്‍ത്തുന്ന താരമാണ്. പരുക്കുകളോട് പൊരുതിയാണ് ചാനു ഒളിംപിക്സിനിറങ്ങുന്നത്. പട്യാലയിലായിരുന്നു പരിശീലനം. മീരബായ് ചാനുവിനുവേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചത് 2.74 കോടി രൂപ.

PTI09_26_2023_000409A

ഷൂട്ടിങ് സ്റ്റാര്‍ മനു ഭാക്കറും പാരിസില്‍ ഇന്ത്യ ഉറ്റുനോക്കുന്ന താരമാണ്. ഷൂട്ടിങ് ലോകകപ്പില്‍ സ്വര്‍ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഉദിച്ചുയര്‍ന്ന മനു ടോക്യോയില്‍ നിരാശപ്പെടുത്തിയെങ്കിലും കഴിഞ്ഞ വര്‍ഷം നടന്ന രാജ്യാന്തര ഇവന്റുകളില്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. ഡല്‍ഹിയിലെ കര്‍ണിസിങ് ഷൂട്ടിങ് റേഞ്ചിലായിരുന്നു മനുവിന്റെ ഒളിംപിക് തയാറെടുപ്പ്. സര്‍ക്കാര്‍ 1.68 കോടി രൂപ ചെലവിട്ടു.

sift-kaur

2023ലെ ഷൂട്ടിങ് ലോകചാംപ്യന്‍ഷിപ്പില്‍ അഞ്ചാംസ്ഥാനം നേടി പാരിസ് ടിക്കറ്റ് നേടിയ ഷൂട്ടര്‍ സിഫ്റ്റ് കൗര്‍ സാംറയാണ് ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷ. ഹാങ്ചോ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ സിഫ്റ്റ് ഏഷ്യാഡില്‍ വ്യക്തിഗത ഷൂട്ടിങ് സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ്. പാരിസ് തയാറെടുപ്പിന് സര്‍ക്കാര്‍ നല്‍കിയത് 1.63 കോടി രൂപ.

TENNIS-AUSOPEN/

പ്രായത്തെ വെല്ലുന്ന പ്രതിഭയും പ്രകടനവും റോഹന്‍ ബൊപ്പണ്ണയെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളുടെ മുന്‍പന്തിയില്‍ നിര്‍ത്തുന്നു. പാരിസ് ഒളിംപിക്സിന് ബൊപ്പണ്ണയുടെ പരിശീലനത്തിനായി സര്‍ക്കാര്‍ നല്‍കിയത് 1.56 കോടി രൂപ. ഈ വര്‍ഷത്തെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ മാത്യു എബ്ഡെനൊപ്പം മെന്‍സ് ഡബിള്‍സ് കിരീടം സ്വന്തമാക്കിയ ബൊപ്പണ്ണ, നേരത്തേ ലോക ഒന്നാം റാങ്ക് നേടുന്ന ഏറ്റവും പ്രായമുള്ള ഡബിള്‍സ് താരമായും ചരിത്രം കുറിച്ചിരുന്നു. 43–ാം വയസിലാണ് ബൊപ്പണ്ണ ഡബിള്‍സ് ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തിയത്.

PTI08_04_2022_000345B

ടേബിള്‍ ടെന്നിസ് സൂപ്പര്‍താരം മനിക ബത്ര പാരിസില്‍ മെഡലുറപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യന്‍ ടീം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ രണ്ട് സ്വര്‍ണമടക്കം നാല് മെഡലുകള്‍, രണ്ടുവട്ടം ഒളിംപ്യന്‍, സൗത്ത് ഏഷ്യന്‍ ഗെയിംസില്‍ മൂന്ന് സ്വര്‍ണം. ഇന്ത്യന്‍ ടേബിള്‍ ടെന്നിസിന്റെ മുഖമായ മനികയുടെ പരിശീലനത്തിനായി സര്‍ക്കാര്‍ ചെലവിടുന്നത് 1.30 കോടി രൂപ.

lovelina

ബോക്സിങ്ങില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. നിഖത് സരീനും ലവ്‌ലിന ബോർഗോഹെയ്നുമാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. ഇതിഹാസതാരം മേരി കോമിന്റെ പിന്‍ഗാമിയായി വാഴ്ത്തപ്പെടുന്ന ലവ്‍ലിന ടോക്യോ ഒളിംപിക്സില്‍ വെല്‍റ്റര്‍ വെയ്റ്റ് ഇനത്തില്‍ വെങ്കലം നേടിയിരുന്നു. മേരി കോമും വിജേന്ദര്‍ സിങ്ങും കഴിഞ്ഞാല്‍ ഒളിംപിക് മെഡല്‍ നേടിയ ഏക ഇന്ത്യന്‍ ബോക്സറാണ് ലവ്‍ലിന. 2022ലെ ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടിയ നിഖത് സരീന്‍ ലോകചാംപ്യനാകുന്ന അ​ഞ്ചാമത്തെ മാത്രം ഇന്ത്യക്കാരിയാണ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണവും ഏഷ്യാഡില്‍ വെങ്കലവും നിഖതിന്റെ പേരിലുണ്ട്. നിഖതിന്റെ പരിശീലനത്തിന് 91.71 ലക്ഷവും ലവ്‌‍ലിനയ്ക്ക് 81.76 ലക്ഷം രൂപയുമാണ് സര്‍ക്കാര്‍ നല്‍കിയത്.

vinesh-phogat-protest

താരങ്ങളുടെ പ്രതിഷേധവും ആരോപണങ്ങളുമെല്ലാം കാരണം കലങ്ങിമറിഞ്ഞ ഗുസ്തിയിലും ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷ ചെറുതല്ല. വിനേഷ് ഫോഗട്ടിന്റെ പരിശീലനത്തിന് 70.45 ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കിയത് താരത്തില്‍ കഴിവില്‍ വിശ്വാസമര്‍പ്പിച്ചാണ്.

OLYMPICS-2024/

വിവിധ കായിക ഇനങ്ങളില്‍ ഒളിംപിക് തയാറെടുപ്പുകള്‍ക്ക് സര്‍ക്കാര്‍ ചെലവഴിച്ച ആകെ തുക ഇങ്ങനെയാണ്.

അത്‍ലറ്റിക്സ് - 96.08 കോടി

ബാഡ്മിന്റണ്‍ - 72.03 കോടി

ബോക്സിങ് - 60.93 കോടി

ഷൂട്ടിങ് - 60.42 കോടി

ഹോക്കി - 41.30 കോടി

അമ്പെയ്ത്ത് - 39.18 കോടി

ഗുസ്തി - 37.80 കോടി

ഭാരോദ്വഹനം - 27 കോടി

ടേബിള്‍ ടെന്നിസ് - 12.92 കോടി

ജൂഡോ - 6.33 കോടി

നീന്തല്‍ - 3.90 കോടി

റോവിങ് - 3.89 കോടി

സെയ്‍ലിങ് - 3.78 കോടി

ഗോള്‍ഫ് - 1.74 കോടി

ടെന്നിസ് - 1.67 കോടി

അശ്വാഭ്യാസം - 95.42 ലക്ഷം

ENGLISH SUMMARY:

India is gearing up for the Paris Olympics, where 16 categories will see Indian athletes competing for medals. With the hopes of 1.4 billion people resting on their shoulders, the central government is investing heavily in their preparation, spending crores of rupees to ensure they receive the best training and competition experience. Additionally, funds from sponsors are also contributing to this effort. The goal is to provide athletes with the best possible preparation to compete on the world’s biggest sporting stage.