mirabai-chanu

ഫോട്ടോ: പിടിഐ

TOPICS COVERED

ഇംഫാലിലെ ഉള്‍ഗ്രാമങ്ങളിലൊന്നില്‍ സഹോദരനൊപ്പം വിറക് തോളില്‍ ചുമന്ന് നേടിയെടുത്ത കരുത്ത്. ആ കരുത്തിന്റെ ബലത്തിലാണ് റിയോയിലേക്ക് തന്റെ ആദ്യ ഒളിംപിക്സിനായി മീരാഭായ് സായ്കോം ചാനു പറന്നത്. എന്നാൽ അവിടെ കാലിടറി. മെഡല്‍ പ്രതീക്ഷിച്ച ഇന്ത്യക്കും ചാനുവിനും നിരാശയോടെ തലതാഴ്ത്തേണ്ടി വന്നു. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം ടോക്യോയില്‍ പെൺകരുത്തിന്റെ പുതുചരിത്രം എഴുതിയാണ് ചാനു മടങ്ങിയെത്തിയത്. ഒളിംപിക്‌സിന്റെ ചരിത്രത്തിലാദ്യമായി ഉദ്ഘാടനം നടന്ന ശേഷമുള്ള ആദ്യദിനം ഇന്ത്യക്ക് മെഡല്‍ എന്ന നേട്ടം ടോക്യോയിൽ മീരാഭായി ചാനു സ്വന്തമാക്കി. ഭാരോദ്വഹനത്തില്‍ ഒളിംപിക്സില്‍ ഇന്ത്യയുടെ 20 വര്‍ഷത്തെ കാത്തിരിപ്പാണ് ചാനു വെള്ളിയില്‍ മുത്തമിട്ട് അവസാനിപ്പിച്ചത്. ഇനി പാരിസിൽ എന്ത് അത്ഭുതമാണ് ചാനു രാജ്യത്തിനായി കാത്തുവെച്ചിരിക്കുന്നത്?

WEIGHTLIFTING-OLY-2020-2021-TOKYO

ടോക്യോയിലെ വെള്ളി പാരിസില്‍ സ്വര്‍ണമാക്കി മാറ്റണം. പാരിസില്‍ ഇന്ത്യക്കായി ഇറങ്ങുന്ന ഒരേയൊരു വെയ്റ്റ്ലിഫ്റ്ററാണ് ചാനു. 140 കോടി ജനങ്ങളുടെ പ്രതീക്ഷയുടെ ഭാരം കൂടി ചാനുവിന് എടുത്തുയര്‍ത്തേണ്ടതുണ്ട്. ടോക്യോയില്‍ 49 കിലോഗ്രാം വിഭാഗത്തിലായിരുന്നു വെള്ളി മെഡല്‍. 2000ല്‍ കര്‍ണം മല്ലേശ്വരി ഭാരോദ്വഹനത്തില്‍ മെഡല്‍ നേടിയശേഷം ഈയിനത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചാനു മാറി. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു കര്‍ണം മല്ലേശ്വരിയുടെ നേട്ടം. 

2014 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 48 കിലോ വിഭാഗത്തില്‍ മെഡല്‍ നേടിയാണ് ചാനു കായിക ലോകത്തിന്റെ ശ്രദ്ധയില്‍ എത്തുന്നത്. വെള്ളി മെ‍ഡലായിരുന്നു ഇവിടെ ചാനു നേടിയത്. അതും 19ാം വയസില്‍.  2017ല്‍ ലോക വെയ്റ്റ്ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പില്‍ ജയം. ഈ നേട്ടം തൊടുന്ന ആദ്യ ഇന്ത്യന്‍ താരമായി ചാനു.

mirabai-chanu-3

2021 ഏഷ്യന്‍ വെയ്റ്റ്‌ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ 119 കിലോയില്‍ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചാണ് ടോക്യോയിലേക്ക് ചാനു എത്തിയത്. ടോക്യോയിലും ഭാരദ്വോഹനത്തില്‍ ഇന്ത്യക്കായി മീരാഭായി ചാനു മാത്രമാണ് മത്സരിച്ചത്. ടോക്യോയിലെ മെഡൽ നേട്ടം ചാനുവിന് ഒട്ടും എളുപ്പമായിരുന്നില്ല. 2018 കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണ നേട്ടത്തിന് പിന്നാലെ പരുക്കിന്റെ പിടിയിലായി. 10 മാസത്തോളം മാറിനില്‍ക്കേണ്ടിവന്നു. 2019ല്‍ തിരിച്ചെത്തിയെങ്കിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും ലോക ചാമ്പ്യന്‍ഷിപ്പിലും മെ‍ഡൽ നേടാനായില്ല. എന്നാല്‍ 2020ലെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ ലോക റെക്കോര്‍ഡും സൃഷ്ടിച്ച് വെങ്കലത്തോടെ ചാനു ടോക്യോയിലേക്ക് ടിക്കറ്റ് ഉറപ്പിക്കുകയായിരുന്നു.

പി.വി.സിന്ധുവിന് ശേഷം തുടരെ രണ്ട് ഒളിംപിക്സില്‍ മെഡല്‍ നേടുന്ന താരം എന്ന നേട്ടത്തിലേക്ക് ചാനുവിന് എത്താനാവുമോ എന്ന ആകാംക്ഷയിലാണ് രാജ്യം.  പാരിസിലേക്കുള്ള യാത്രയും ചാനുവിന് എളുപ്പമായിരുന്നില്ല. 2023 ഏഷ്യന്‍ ഗെയിംസിന് ഇടയില്‍ പരുക്ക്. ഇതോടെ അഞ്ച് മാസത്തോളം ചാനുവിന് വിട്ടുനില്‍ക്കേണ്ടി വന്നു. ഐഡബ്ല്യുഎഫ് ലോകകപ്പില്‍ 12ാം സ്ഥാനത്താണ് ചാനു ഫിനിഷ് ചെയ്തത്. 

ENGLISH SUMMARY:

Now, what surprise does Chanu have in store for the country in Paris