രണ്ടാഴ്ച കൊണ്ടാണ് ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ ജീവിതം മാറി മറിഞ്ഞത്. പാരിസ് ഒളിംപിക്സ് ഫൈനലില്‍ കടന്നതും തുടര്‍ന്ന് ഭാരക്കൂടുതലുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അയോഗ്യയാക്കപ്പെട്ടതും ഒടുവിലെ കണ്ണീര്‍ മടക്കവും നാട്ടില്‍ ലഭിച്ച സ്നേഹ നിര്‍ഭരമായ സ്വീകരണവുമെന്നിങ്ങനെ പോകുന്നു അക്കാര്യങ്ങള്‍. അതിനിടയിലാണ് വിനേഷിന് പാരിതോഷികമായി 16 കോടി രൂപ സംഭാവന നല്‍കിയെന്ന് ചില സംഘടനകള്‍ പ്രചരിപ്പിക്കുന്നതും. എന്നാല്‍ അടിസ്ഥാന രഹിതമാണ് ഇത്തരം വാര്‍ത്തകളെന്നുംവിലകുറഞ്ഞ പബ്ലിസിറ്റി മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും വിനേഷിന്‍റെ ഭര്‍ത്താവ് സോംവിര്‍ റാഥീ പറഞ്ഞു. സമൂഹമാധ്യമമായ എക്സില്‍ (ട്വിറ്റര്‍) ആയിരുന്നു സോംവിറിന്‍റെ വിശദീകരണം.
'വിനേഷിന് സംഘടനകളില്‍ നിന്നോ, ബിസിനസുകാരില്‍ നിന്നോ, കമ്പനികളില്‍ നിന്നോ, രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നോ പാരിതോഷികം ലഭിച്ചിട്ടില്ല. നിങ്ങളെല്ലാവരും ഞങ്ങളുടെ അഭ്യൂദയകാംക്ഷികളാണ്. ദയവുചെയ്ത് വ്യാജവാര്‍ത്ത പരത്തരുത്. ഇത് ഞങ്ങളെ മാത്രമല്ല, സമൂഹിക മൂല്യങ്ങളെ കൂടി തകര്‍ക്കുന്നതാണ്. വെറും തരംതാണ പബ്ലിസിറ്റി മാത്രമാണ് ഇത്തരം പ്രചാരണങ്ങളുടെ പിന്നില്‍' എന്നും സോംവിര്‍ കുറിച്ചു.
പാരിസില്‍ നിന്നും ഡല്‍ഹിയിലെത്തിയ വിനേഷിന് ഹൃദ്യമായ സ്വീകരണമാണ് രാജ്യവും വിനേഷിന്‍റെ ഗ്രാമവും ഒരുക്കിയത്. ബജ്രംഗ് പൂനിയ, സാക്ഷി മാലിക് തുടങ്ങിയ സുഹൃത്തുക്കളടങ്ങുന്ന വന്‍ ജനാവലി വിമാനത്താവളത്തില്‍ എത്തി. രാജ്യം നല്‍കിയ ഈ സ്നേഹം ആയിരം ഒളിംപിക് മെഡലുകളെക്കാള്‍ വിലയേറിയതാണെന്ന് താരം പ്രതികരിച്ചിരുന്നു.