TOPICS COVERED

ഒളിംപിക്സ് സ്വര്‍ണം ഏതൊരു അത്​ലറ്റിന്റേയും സ്വപ്നമാണ്. ആ സ്വപ്നത്തിലേക്ക് എത്താന്‍ വിട്ടുവീഴ്ച്ചയില്ലാത്ത കഠിനാധ്വാനവുമായാണ് ലോകത്തിലെ ഏറ്റവും വലിയ കായിക മാമങ്കത്തിലേക്ക് താരങ്ങളെത്തുന്നത്. എന്നാല്‍ കടുത്ത പോരാട്ടം നടക്കുന്ന ഒളിംപിക്സ് വേദികളില്‍ തലനാരിഴയ്ക്ക് മെഡല്‍ നഷ്ടപ്പെടുന്നത് താരങ്ങളേയും അവരുടെ രാജ്യത്തെയുമൊന്നാകെ നിരാശപ്പെടുത്തും. ഒളിംപിക്സില്‍ നേരിയ വ്യത്യാസത്തില്‍ മെഡല്‍ അകന്നതിന്റെ നിരാശ ഇന്ത്യ പലവട്ടം നേരിട്ടിട്ടുണ്ട്, മില്‍ഖാ സിങ്ങിലൂടെ, പിടി ഉഷയിലൂടെയെല്ലാം...

മില്‍ഖാ സിങ്

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 400 മീറ്ററില്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടിയാണ് 1960 റോം ഒളിംപിക്സിലേക്ക് മില്‍ഖാ സിങ് രാജ്യത്തിന്റെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി എത്തുന്നത്. 6 പേര്‍ മത്സരിച്ച 400 മീറ്റര്‍ ഫൈനലില്‍ മില്‍ഖ തുടക്കത്തില്‍ ലീഡ് എടുത്തു. എന്നാല്‍ 250 മീറ്റര്‍ പിന്നിട്ടപ്പോഴേക്കും വേഗം കുറച്ചത് മില്‍ഖയ്ക്ക് തിരിച്ചടിയായി. 0.1 സെക്കന്റിന്റെ വ്യത്യാസത്തിലാണ് മില്‍ഖാ സിങ്ങിന് റോം ഒളിംപിക്സില്‍ വെങ്കല മെഡല്‍ നഷ്ടമായത്. 

പി ടി ഉഷ

1982ല്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്ററിലും 200 മീറ്ററിലും വെള്ളി നേടിയാണ് 1984ലെ ലോസ് ആഞ്ചലസ് ഒളിംപിക്സിലേക്ക് പിടി ഉഷ എത്തുന്നത്. എന്നാല്‍ 400 മീറ്ററില്‍ പി ടി ഉഷയുടെ ഓട്ടം അവസാനിച്ചപ്പോള്‍ രാജ്യം ഒന്നാകെ തകര്‍ന്നു. ക്വാളിഫയറില്‍ മിന്നും പ്രകടനം പുറത്തെടുത്തെങ്കിലും ഫൈനലില്‍ മെഡല്‍ അകന്നത് 0.01 സെക്കന്റിന്റെ വ്യത്യാസത്തില്‍. മൊറോക്കോയുടെ നവാല്‍ സ്വര്‍ണവും യുഎസ്എയുടെ ജൂഡി ബ്രൗണ്‍ വെള്ളിയും റൊമാനിയയുടെ ക്രിസ്റ്റിയേന വെങ്കലവും നേടി. വെങ്കലം നേടിയ റൊമാനിയന്‍ താരത്തിന്റെ സമയം 55.41 സെക്കന്റ്, ഉഷയുടേത് 55.42 സെക്കന്റ്.

പേസ്–ഭൂപതി സഖ്യം

2004ലെ ഏതന്‍സ് ഒളിംപിക്സില്‍ ലിയാന്‍ഡര്‍ പേസും മഹേഷ് ഭൂപതിയും വെങ്കല മെഡലിന് അടുത്തെത്തിയിരുന്നു. സെമിയില്‍ ജര്‍മന്‍ സഖ്യം നികോളാസ്–റെയ്നര്‍ സഖ്യത്തിന് മുന്‍പില്‍ പേസിനും മഹേഷ് ഭൂപതിക്കും കീഴടങ്ങേണ്ടി വന്നു. വെങ്കല മെഡലിനായുള്ള മത്സരത്തില്‍ ക്രൊയേഷ്യയുടെ മരിയോ അന്‍സിച്–ഇവാന്‍ സഖ്യത്തോട് പേസും ഭൂപതിയും പൊരുതിയെങ്കിലും ത്രില്ലര്‍ മാച്ചില്‍ തോല്‍വി വഴങ്ങി. 

ദീപ കര്‍മാര്‍ക്കര്‍

2016ലെ റിയോ ഒളിംപിക്സ് ഗെയിംസിലേക്ക് യോഗ്യത നേടിയ ഒരേയൊരു ഇന്ത്യന്‍ ജിംനാസ്റ്റിക് താരമായിരുന്നു ദീപ കര്‍മാര്‍ക്കര്‍ . 14.833 എന്ന സ്കോറോടെ വോള്‍ട്ട് ഇവന്റ് ഫൈനലിലേക്ക് യോഗ്യത നേടിയെങ്കിലും 0.15 പോയിന്റ് വ്യത്യാസത്തില്‍ വെങ്കല മെഡല്‍ നഷ്ടമായി. നാലാം സ്ഥാനത്താണ് ദീപ ഫിനിഷ് ചെയ്തത്. വനിതാ ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ വെല്ലുവിളി നിറഞ്ഞ പ്രൊഡുനോവ വോള്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്ന അഞ്ചാമത്തെ മാത്രം വനിതാ ജിംനാസ്റ്റിക് താരം എന്ന നേട്ടം ദീപ ഇവിടെ തന്റെ പേരില്‍ ചേര്‍ത്തിരുന്നു. 

അഭിനവ് ബിന്ദ്ര 

2008 ബെയ്ജിങ് ഒളിംപിക്സില്‍ പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ സ്വര്‍ണം നേടി അഭിനവ് ബിന്ദ്ര ചരിത്രമെഴുതിയിരുന്നു. ഇന്ത്യയുടെ ഒളിംപിക്സിലെ ആദ്യ സ്വര്‍ണ മെഡലായിരുന്നു അത്. 2016 റിയോ ഒളിംപിക്സിലും മെഡലിന് അടുത്തേക്ക് ബിന്ദ്ര എത്തിയിരുന്നു. ക്വാളിഫൈയിങ് റൗണ്ടില്‍ ഏഴാമതാണ് ബിന്ദ്ര ഫിനിഷ് ചെയ്തത്. എന്നാല്‍ ഫൈനല്‍ റൗണ്ടില്‍ 163.8 എന്ന സ്കോറോടെ നാലാമത് ഫിനിഷ് ചെയ്തു. നേരിയ വ്യത്യാസത്തിലാണ് ഇവിടെ വെങ്കലം അകന്നത്. 

ENGLISH SUMMARY:

Olympic gold is the dream of every athlete. Uncompromising hard work to reach that dream is what gets the stars to the biggest sporting arena in the world.