nikhat-zareen-1

TOPICS COVERED

'ആരാണ് നിഖാത് സരീന്‍? വേണമെങ്കില്‍ കളിച്ച് ജയിച്ച് വരാന്‍ പറയൂ...' തെല്ല് പരിഹാസത്തോടെയും അതിലേറെ ക്രോധത്തോടെയും ഇന്ത്യയുടെ ഒരേയൊരു മേരി കോം ചോദിച്ചു.. െൈക കൊടുക്കാതെ ആശ്ലേഷിക്കാതെ മേരി കോം മടങ്ങി. മേരി കോമിനെ പോലെയാകാന്‍ മോഹിച്ച് ഇടിക്കൂട്ടിലേക്ക് എത്തിയ നിഖാത് സരിനെന്ന 23കാരി പെണ്‍കുട്ടി അപമാനിതയായി..2019 ലെ ആ അപമാനത്തില്‍ നിന്നാണ് ഇന്ന് കാണുന്ന നിഖാത് സരീന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്. ടോക്യോ ഒളിംപിക്‌സില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കാന്‍ അവസരം തേടി നിഖാത്ത് അന്നത്തെ കായികമന്ത്രിയായിരുന്ന കിരണ്‍ റിജിജുവിനെഴുതിയ കത്തും തുടര്‍ന്ന് തലപൊക്കിയ വിവാദവുമായിരുന്നു മേരി കോമിനെ പ്രകോപിച്ചത്. 

nikhat-kick

ഇസ്താംബൂളില്‍ തായ്‌ലന്‍ഡിന്റെ ജിത്‌പോങിനെ ഇടിച്ചിട്ട് 52 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണം നേടിയപ്പോള്‍ നിഖാതിനെ അഭിനന്ദിക്കാന്‍ ആദ്യം ഓടിയെത്തി മേരി കോം ആ വൈരം മായ്ച്ചു. 'ഈ ചരിത്ര നേട്ടത്തില്‍ ഞാന്‍ അഭിമാനിക്കുന്നു, ഭാവിയിലേക്ക് ആശംസകള്‍' എന്നായിരുന്നു എക്‌സിലെ കുറിപ്പ്.. ബോക്‌സിങില്‍ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയ തനിക്കൊരു ഉശിരുള്ള പിന്‍ഗാമി വരുന്നത് ആദ്യം തിരിച്ചറിഞ്ഞതും മേരി കോം ആയിരുന്നു.

പാരിസ് ലക്ഷ്യമാക്കി നിഖാത്ത് തയ്യാറെടുപ്പ് തുടങ്ങി. കളിയില്‍ മാത്രമാണ് തന്റെ ശ്രദ്ധയെന്നും എന്ത് കുറവുണ്ടെങ്കിലും തിരുത്തുമെന്നും നിഖാത് പറഞ്ഞു. 'എന്തൊക്കെയാണ് എന്റെ കരുത്ത്, കളിയില്‍ എവിടെയാണ് പിഴയ്ക്കുന്നത്, കൂടുതല്‍ കരുത്തയാകാന്‍ എന്താണ് വേണ്ടത്.. ഇതില്‍ മാത്രമാണ് ഞാന്‍ ശ്രദ്ധ നല്‍കിയത്. കരിയറില്‍ ഇന്നോളം സംഭവിച്ചതെല്ലാം എന്നെ കൂടുതല്‍ കരുത്തയാക്കി മാറ്റിയിട്ടേയുള്ളൂ.. അതിനേ ഞാന്‍ അനുവദിച്ചിട്ടുള്ളൂ. ഇനിയെന്ത് സംഭവിച്ചാലും പോരാടാന്‍ തന്നെയാണ് തീരുമാനം.'  ആ വാക്കുകളില്‍ നിഖാത്ത് സ്വയം വരച്ചിട്ടു. അത് പ്രാവര്‍ത്തികവുമാക്കി. 

nikhath-medal

പാരിസിലേക്കുള്ള വഴി നിഖാത്തിന് ഒട്ടും എളുപ്പമായിരുന്നില്ല. വനിതാ വിഭാഗത്തില്‍ 50,54,57,60,66,75 കിലോഗ്രാമും പുരുഷ വിഭാഗത്തില്‍ 51,57,63.5,71,80,92,92.5കിലോഗ്രാം എന്നിങ്ങനെ വെയ്റ്റ് കാറ്റഗറി രാജ്യാന്തര ബോക്‌സിങ് അസോസിയേഷന്‍ പരിഷ്‌കരിച്ചു. 52 കിലോഗ്രാമില്‍ അന്ന് വരെ മല്‍സരിച്ചിരുന്ന നിഖാത്തിന് ഒന്നെങ്കില്‍ 54 കിലോഗ്രാമിലേക്കോ, അല്ലെങ്കില്‍ 50 കിലോ വിഭാഗത്തിലേക്കോ മാറേണ്ടി വന്നു. ഭാരം കുറച്ച് 50കിലോയില്‍ മല്‍സരിക്കാനായിരുന്നു നിഖാത്തിന്റെ തീരുമാനം. പരുക്കുകളില്ലാതെ പാരിസ് വരെ എത്തുകയായിരുന്നു നിഖാത്തിന്റെ മുന്നിലെ അടുത്ത വെല്ലുവിളി. അതൊട്ടും എളുപ്പമായിരുന്നില്ല. ഇന്നും മല്‍സരത്തിനിറങ്ങുമ്പോള്‍ എവിടെ നിന്നോ ഒരു പരിഭ്രമം തന്നെ പൊതിയാറുണ്ടെന്നും ആ പരിഭ്രമം താന്‍ മെഡലുറപ്പിച്ചതിന്റെ സൂചനയാണെന്ന വിചിത്ര വിശ്വാസവും നിഖാത് പങ്കുവയ്ക്കുന്നു.

ആത്മവിശ്വാസത്തിനൊട്ടും കുറവില്ലെങ്കിലും നിഖാത്തിന് പോരാട്ടം അനായാസമാവില്ല. ജര്‍മനിയുടെ മാക്‌സി സെറീന ക്ലോറ്റ്‌സറും ചൈനയുടെ വു യുവും കടുത്ത വെല്ലുവിളിയാകും. നിലവില്‍ 52 കിലോ വിഭാഗം ലോക ചാംപ്യനാണ് വുയു, നിഖാത്ത് 50 കിലോയിലും. വു യുവിനെ പരാജയപ്പെടുത്തിയാല്‍ തായ്‌ലന്‍ഡിന്റെ ചുതാമത് രാക്‌സതിനെയോ ഉസ്‌ബെകിസ്ഥാന്റെ സബിന ബൊബോകുലോവെയോ ആകും ക്വാര്‍ട്ടറില്‍ എതിരാളി. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബൊബോകുലോവയോട് നിഖാത് പരാജയപ്പെട്ടിരുന്നു. ചുതാമത് ഏഷ്യന്‍ ഗെയിംസിലും നിഖാതിനെ തോല്‍പ്പിച്ചിട്ടുണ്ട്. 

nikhat-kick-2

എതിരാളി എത്ര കരുത്തയാണെങ്കിലും പാരിസില്‍ നിന്ന് നിഖാത്ത് ഒളിംപിക് സ്വര്‍ണവുമായേ മടങ്ങൂവെന്നാണ് അച്ഛന്‍ മുഹമ്മദ് ജമീല്‍ പറയുന്നത്. കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് മുസ്ലിം യാഥാസ്ഥിതിക കുടുംബത്തില്‍ നിന്നും ജമാല്‍ മകളെ ബോക്‌സിങിലേക്ക് ഇറക്കിയത്. മുന്‍ ഫുട്‌ബോള്‍- ക്രിക്കറ്റ് താരം കൂടിയാണ് ജമാല്‍. 'നിഖാത്തിന്റെ ഉള്ളിലൊരു കനലുണ്ട്. സ്വര്‍ണവുമായല്ലാതെ അവള്‍ പാരിസില്‍ നിന്നും മടങ്ങില്ല. 2019ലും 2020ലും അവള്‍ അത് തെളിയിച്ചതാണ്. എത്ര മികച്ച താരത്തെയും തോല്‍പ്പിക്കാനുള്ള ആത്മവിശ്വാസവും കഴിവും അവള്‍ക്കുണ്ട്' .. ജമാല്‍ സംശയലേശമെന്യെ പറയുന്നു. 

തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റാണ് നിഖാത്തിന്റെ മുഖമുദ്ര. ആരാണ് നിഖാത്തെന്ന് ചോദിച്ച് തിരിഞ്ഞു നടന്ന മേരി കോമിനെ ചേര്‍ത്ത് നിര്‍ത്തി നിഖാത്ത് പിന്നീട് കുറിച്ചു.. നിങ്ങളുടെ ആരാധനാപാത്രത്തിന്റെ ആശിസ്സുകളില്ലാതെ ഒരു വിജയവും പൂര്‍ണമാവില്ല..ജമാലിന്റെ പ്രതീക്ഷ പോലെ , ഒരുനാടിന്റെ ആഗ്രഹം പോലെ നിഖാത്ത് മെഡലുമായി മടങ്ങി വരട്ടെ.

ENGLISH SUMMARY:

Nikhat's letter to the then Sports Minister Kiren Rijiju, seeking an opportunity to represent the country in the Tokyo Olympics, and the subsequent controversy that irked Mary Kom