പോള്‍വാള്‍ട്ടില്‍ സ്വീഡന്റെ അര്‍മാന്‍ഡ് ഡുപ്ലാന്റിസ് എന്തുകൊണ്ട് ഒരു സെന്റീമിറ്റര്‍ മാത്രം വ്യത്യാസത്തില്‍ ലോകറെക്കോര്‍ഡിന് ശ്രമിച്ചു. സ്വന്തം പേരിലുണ്ടായിരുന്ന 6.24 മീറ്ററിന്റെ ലോകറെക്കോര്‍ഡ് 6.25 മീറ്ററായി മെച്ചപ്പെടുത്തിയാണ് സ്വീഡിഷ് താരം ഒളിംപിക്സില്‍ ചരിത്രം കുറിച്ചത്. വേണമെങ്കില്‍ 6.30 മീറ്റര്‍ വരെ ഡുപ്ലാന്റിസിന് മറികടക്കാമായിരുന്നു. എന്തുകൊണ്ട് പാരിസില്‍ പ്രകടനം മെച്ചപ്പെടുത്താനോ കൂടുതല്‍ ഉയരം മറികടക്കാനോ ശ്രമിച്ചില്ല എന്ന ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളു.... പണം.
ഒരോ തവണ ലോകറെക്കോര്‍ഡ് തകര്‍ക്കുമ്പോഴും മാന്‍ഡോ എന്ന് ലോകം ഓമനപ്പേരിട്ട് വിളിക്കുന്ന അര്‍മാന്‍ഡ് ഡുപ്ലാന്റിസിന് ലഭിക്കുന്നത് ഒരു ലക്ഷം അമേരിക്കന്‍ ഡോളറാണ്. ഏകദേശം 83 ലക്ഷത്തോളം രൂപ. എന്നാല്‍ ഒരു ടൂര്‍ണമെന്റില്‍ തന്നെ ഒന്നിലേറെത്തവണ ലോകറെക്കോര്‍ഡ് മറികടന്നാലും ഒരു ലക്ഷം ഡോളര്‍ മാത്രമേ പാരിതോഷികമായി ലഭിക്കൂ. അതിനാലാണ് 6.25 മീറ്റര്‍ ഉയരം മൂന്നാം അവസരത്തില്‍ മറികടന്നിട്ടും ഡുപ്ലാന്റിന് വീണ്ടും ലോകറെക്കോര്‍ഡിന് ശ്രമിക്കാത്തത്.
കരിയറില്‍ ഇതുവരെ ഒന്‍പത് വട്ടം ലോകറെക്കോര്‍ഡ് മറികടന്നിട്ടുള്ള ഡുപ്ലാന്റിസ് ഒന്‍പത് കോടിയോളം രൂപയാണ് പാരിതോഷികം മാത്രമായി കൈപ്പറ്റിയത്. 2019 മുതല്‍ മല്‍സരിച്ച ഒരു ടൂര്‍ണമെന്റിലും തോല്‍വിയറിയാത്ത 24കാരന്‍ ഡുപ്ലാന്റിസ്, ഇതുവരെ ഒരു സെന്റീമീറ്റര്‍ മാത്രം വ്യത്യാസത്തിലാണ് എല്ലാ ലോകറെക്കോര്‍ഡുകളും കുറിച്ചത്.