Winner Sweden's Armand Duplantis (C), second placed US' Sam Kendricks (L) and third placed Greece's Emmanouil Karalis celebrate after the men's pole vault final of the athletics event at the Paris 2024 Olympic Games at Stade de France in Saint-Denis, north of Paris, on August 5, 2024. (Photo by Martin BERNETTI / AFP)

അടിമുടി വ്യത്യസ്തതകളുമായെത്തിയ പാരിസ് ഒളിംപിക്സിലെ ട്രാക്കുകളാണിപ്പോള്‍ ട്രെന്‍ഡിങ്. ഇതുവരെ കണ്ട ഒളിംപിക്സ് മല്‍സരങ്ങളിലെ മൈതാനങ്ങളല്ല പാരിസില്‍ ഒരുക്കിയിരിക്കുന്നത്. കെട്ടിലും മട്ടിലും ഇത് ഒരു തട്ട് മേലെയാണ്. എല്ലാ പുതുമകളും ആദ്യം അവതരിപ്പിക്കുന്ന ഫ്രാന്‍സ്, പാരിസ് ഒളിംപിക്സിലും പതിവ് തെറ്റിച്ചില്ല.

US' Sam Kendricks reacts in the men's pole vault final of the athletics event at the Paris 2024 Olympic Games at Stade de France in Saint-Denis, north of Paris, on August 5, 2024. (Photo by Andrej ISAKOVIC / AFP)

ചുവപ്പിലും പച്ച പുല്‍തകിടിയിലുമുള്ള  ട്രാക്ക് സങ്കല്‍പങ്ങള്‍ മറക്കാം. പാരിസില്‍ അത്‌ലീറ്റുകളെ സ്വാഗതം ചെയ്യുന്നു പര്‍പ്പിള്‍ വര്‍ണത്തില്‍ തീര്‍ത്ത മൈതാനങ്ങള്‍. കാണികള്‍ക്കും കളിക്കാര്‍ക്കും കണ്ണിന് കൗതുകം പകരുന്നതാണ്, ഫ്രാന്‍സ് ദേശീയ സ്റ്റേഡിയമായ സ്റ്റെയ്ഡ് ഡേ ഫ്രാന്‍സിലെ പര്‍പ്പിള്‍ ട്രാക്കുകള്‍.

ഇറ്റലിയിലെ ആല്‍ബയില്‍   നിന്നുള്ള മോണ്ടോഎന്ന കമ്പനിയാണ് പര്‍പ്പിള്‍  ട്രാക്കുകള്‍ തയാറാക്കിയത്. എസ്തെറ്റിക് കളറുകളായ  പര്‍പ്പിള്‍, നീല, പച്ച എന്നീ നിറങ്ങളാണ് മല്‍സര വേദികള്‍ ഒരുക്കാന്‍ തിരഞ്ഞെടുത്തത്. ട്രാക്കിന് ലവന്‍ഡര്‍ നിറവും സര്‍വീസ് ഏരിയക്ക് കടുത്ത പര്‍പ്പിള്‍ നിറവും ട്രാക്കിന്റെ അതിരുകള്‍ക്ക് ചാര നിറവുമാണ് നല്‍കിയിരിക്കുന്നത്. രണ്ട് വര്‍ഷം കൊണ്ടാണ് ട്രാക്കിന്റെ നിറം മാറ്റം സാധ്യമായതെന്ന് പാരിസ് ഒളിംപിക്‌സ് ബ്രാന്‍ഡ് ഐഡന്റിറ്റി ഡയറക്ടര്‍ കമി യിനെക് പറയുന്നു.  ഫ്രാന്‍സിന്റെ തെക്കന്‍ മേഖലകളിലെ ലവന്‍ഡര്‍ പാടങ്ങളുടെ മനോഹാരിത കൂടിയാണ് ട്രാക്കിന് പര്‍പ്പിള്‍ നല്‍കാനുള്ള കാരണങ്ങളിലൊന്ന്. മാത്രമല്ല  തെക്കന്‍ ഫ്രാന്‍സിലെ നഗരങ്ങളായ നൈസും മാര്‍സിയും ചില ഒളിംപിക് മല്‍സരങ്ങള്‍ക്ക് വേദിയാകുന്നുമുണ്ട്.

Sweden's Armand Duplantis prepares to compete in the men's pole vault final of the athletics event at the Paris 2024 Olympic Games at Stade de France in Saint-Denis, north of Paris, on August 5, 2024. (Photo by Antonin THUILLIER / AFP)

ഇതുവരെ കണ്ടതില്‍ നിന്ന് പാരിസ് ഒളിംപിക്സ് വേറിട്ട നില്‍ക്കണമെന്ന ചിന്തയാണ് ട്രാക്കിന്റെ നിറംമാറ്റത്തിലേക്ക് നയിച്ചതെന്ന് പാരിസ് ഗെയിംസ് സ്പോര്‍ട്സ് മാനേജര്‍ അലൈന്‍ ബ്ലോന്‍ഡല്‍ പറയുന്നു. ഒളിംപിക് വളയങ്ങളിലില്ലാത്ത, പരമ്പരാഗത ഒളിംപിക് ട്രാക്കുകളില്‍ നിന്ന് വ്യത്യസ്തമായ  നിറമാകണം ട്രാക്കിനെന്ന ഡിമാന്‍ഡ് മാത്രമായിരുന്നു ഉണ്ടായിരുന്നത്.

2016 ലെ റിയോ ഒളിംപിക്സില്‍ നീല നിറത്തിലുള്ള അത്‌ലറ്റിക് ട്രാക്കുണ്ടായിരുന്നു.  പച്ച നിറത്തിലുള്ളത് മാഡ്രിഡിലുമുണ്ട്. അതുകൊണ്ട് ഇതിലൊന്നുംപെടാത്തൊരു നിറമായിരുന്നു പാരിസ് ഒളിംപിക്സിനായി സംഘാടകരുടെ മനസില്‍.

Britain's Keely Hodgkinson (R) crosses the finish line to win the women's 800m final of the athletics event at the Paris 2024 Olympic Games at Stade de France in Saint-Denis, north of Paris, on August 5, 2024. (Photo by Jewel SAMAD / AFP)

ട്രാക്ക് നിര്‍മാണത്തിന് പതിവ് സാമഗ്രികള്‍ക്ക് പുറമേ കക്കയുടെ തോടും ചിപ്പികളും ഉപയോഗിച്ചിട്ടുണ്ട്. പ്രകൃതിയില്‍ നിന്ന് പുനരുപയോഗിക്കാനാകുന്ന വസ്തുക്കള്‍ പരമാവധി പ്രയോജനപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഒളിംപിക്സ് ചരിത്രത്തില്‍ ആദ്യമായാണ് അത്‌ലറ്റിക് ട്രാക്ക് പര്‍പ്പിള്‍ കുപ്പായമണിയുന്നത്.  ഇവിടെ സൗന്ദര്യ സങ്കല്‍പത്തിന്റെ പാരിസ് ഭാവമാകുന്നു പര്‍പ്പിള്‍.

പാരിസിന്റെ പര്‍പ്പിള്‍ ട്രാക്കിനെ പുകഴ്ത്തി നിരവധി താരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. പര്‍പ്പിള്‍ ട്രാക്ക് മനോഹരമാണ്, ഇവിടെ മല്‍സരിക്കുമ്പോള്‍ മനസില്‍ സന്തോഷം ഉണ്ടാകുന്നു. പറ‍ഞ്ഞത് ഡൊമനിക്കയുടെ ട്രിപ്പിള്‍ ജംപ് താരം തിയ ലാഫോന്‍ഡ്.

പര്‍പ്പിള്‍ ട്രാക്ക് സുന്ദരിയാണെന്ന് യുക്രെയ്ന്റെ ഹൈജംപ് താരം യെരോസ്ലാവ മഹുച്ചിഹ് . ആദ്യമായാണ് പര്‍പ്പിള്‍ നിറത്തിലെ ട്രാക്കുകാണുന്നതെന്നും താരം പറഞ്ഞു.

ട്രാക്കിന്റെ നിറം മനസില്‍ പിടിച്ച് മുടിക്ക് പര്‍പ്പിള്‍ കളര്‍ അടിച്ചവര്‍ വരെയുണ്ട് പാരിസില്‍. മറ്റാരുമല്ല അമേരിക്കന്‍ അത്‌ലീറ്റ് സാമിയര്‍ ലിറ്റിലാണ് ട്രാക്ക് കണ്ട് മുടിക്ക് പര്‍പ്പിള്‍ നിറമടിച്ച വിരുത. ട്രാക്കിന്റെ നിറം വച്ച് ബിസിനസും തകൃതിയാണ്. പാരിസിലെ പര്‍പ്പിള്‍ ട്രാക്ക് തീം ഉയര്‍ത്തി നൈകി, അഡിഡാസ്, പ്യൂമ തുടങ്ങിയ കമ്പനികള്‍ ഷൂവരെ ഇറക്കിക്കഴിഞ്ഞു.

ENGLISH SUMMARY:

Olympics 2024: Pretty purple track proves popular in Paris