PTI08_09_2024_000032A

90 മീറ്റര്‍ അതായിരുന്നു പാരിസ് ഒളിംപിക്സില്‍ നീരജ് ചോപ്ര ലക്ഷ്യമിട്ട് പരിശീലനം നടത്തി വന്നത്. 90 മീറ്റര്‍ ദൂരം താണ്ടിയാല്‍ ടോക്കിയോയിലെ സ്വര്‍ണം നിലനിര്‍ത്താമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ അര്‍ഷാദ് നദീം ഞെട്ടിച്ചു. നീരജിന്‍റേത് പോലെ നദീമിന്‍റെയും ആദ്യ ശ്രമം പാഴായി. രണ്ടാം ശ്രമത്തില്‍ 92.97 എന്ന സ്വപ്നസമാനമായ ദൂരം. പിറന്നത് ഒളിംപിക്സ് റെക്കോര്‍ഡ്. കണ്ണുകളടച്ച്  മുഖം പൊത്തി നദീം ഒരു നിമിഷം നിന്നു. പാക്കിസ്ഥാന്‍റെ നാലുപതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന് അന്ത്യം. ആദ്യ വ്യക്തിഗത ഒളിംപിക്സ് സ്വര്‍ണം. 2007 ല്‍ ബെയ്ജിങില്‍ നോര്‍വെയുടെ ആന്ദ്രെ തോര്‍കില്‍ഡ്സന്‍ കുറിച്ച 90.57 ആയിരുന്നു ഒളിംപിക്സ് ചരിത്രത്തിലെ റെക്കോര്‍ഡ് ദൂരം. നീരജിനായി ആര്‍ത്തുവിളിച്ച ആരാധകര്‍ നടുങ്ങി. 

PTI08_09_2024_000086A

നീരജിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനം, ഈ സീസണിലെ  മികച്ച പ്രകടനം അതായിരുന്നു രണ്ടാം ശ്രമത്തില്‍ നീരജ് കുറിച്ച 89.45 മീറ്റര്‍. പക്ഷേ നദീം കുറിച്ച 92.97 എന്ന ദൂരം മറികടക്കണമെങ്കില്‍ അതിമാനുഷികമായതെന്തെങ്കിലും സംഭവിക്കണമായിരുന്നു. മൂന്നാംശ്രമത്തില്‍ നീരജ് അത് താണ്ടുമെന്ന് ആരാധകര്‍ വെറുതേ പ്രതീക്ഷിച്ചു. ഇന്നലെ നീരജിന്‍റെ ദിവസമായിരുന്നില്ല. പിന്നീട് തുടര്‍ച്ചയായ നാലു ഫൗളുകള്‍. 

PTI08_09_2024_000048A

മൂന്നാം ശ്രമത്തില്‍ നദീം 88.72 മീറ്റര്‍ എറിഞ്ഞു. നാലാം ശ്രമത്തില്‍ 79.40 മീറ്ററിലേക്ക് അത് ചുരുങ്ങി. അഞ്ചാം ശ്രമത്തില്‍ 84.87 മീറ്ററായിരുന്നു നദീമിന്‍റെ പ്രകടനം. അവസാന ത്രോയില്‍ നദീം വീണ്ടുമെറിഞ്ഞിട്ടത് 91.79 മീറ്റര്‍.  താന്‍ തന്നെ കുറിച്ച 92 .97 മീറ്റര്‍ ഭാഗ്യത്തിന് വീണതല്ലെന്ന ഓര്‍മപ്പെടുത്തല്‍ കൂടിയായി അത്. യോഗ്യത റൗണ്ടില്‍ 86.59 മീറ്ററായിരുന്നു നദീം കുറിച്ചത്. 

ATHLETICS-OLY-PARIS-2024

സ്വര്‍ണമില്ലെങ്കിലും തലയുയര്‍ത്തിയാണ് നീരജ് പാരിസില്‍ നിന്നും മടങ്ങുന്നത്. തുടര്‍ച്ചയായ ഒളിംപിക്സുകളില്‍ മെഡല്‍ നേടിയ മൂന്നാമത്തെ താരമെന്ന നേട്ടവും നീരജിന് സ്വന്തം. ഗുസ്തി താരം സുശീല്‍ കുമാറാണ് ഈ നേട്ടം ആദ്യം കൈവരിച്ചത് (2008,2012) പി.വി. സിന്ധു (2016,2020) വാണ് രണ്ടാമത്തെ താരം. നീരജിന്‍റെ  നേട്ടത്തോടെ  ഒരു വെള്ളിയും നാല് വെങ്കലവുമെന്നിങ്ങനെ ഇന്ത്യയുടെ മെഡല്‍ നേട്ടം അഞ്ചായി. 

ENGLISH SUMMARY:

Neeraj Chopra pulled off a season best of 89.45m in final, but it was not enough to clinch the gold medal.