പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് വെള്ളി. പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീമിനാണ് സ്വര്‍ണം. 92.97 മീറ്ററാണ് നദീം എറിഞ്ഞത്. ഒളിംപിക്സ് റെക്കോർഡാണ് കൂറ്റന്‍ ത്രോയിലൂടെ അര്‍ഷാദ് തന്‍റെ പേരിലാക്കിയത്. പാക്കിസ്ഥാന്‍റെ ആദ്യ ഒളിംപിക്സ് സ്വര്‍ണമാണ്. ആദ്യ ത്രോയിൽ ജാവലിൻ എറിഞ്ഞതിന് പിന്നാലെ ബാലൻസ് പോയ നീരജ് വെള്ള വരയിൽ തൊട്ടു ഇതോടെ ആദ്യ ശ്രമം കണക്കിലെടുത്തില്ല. രണ്ടാമത്തെ അവസരത്തില്‍ 89.45 മീറ്ററാണ് നീരജ് കണ്ടെത്തിയത്. നീരജിന്‍റെ ആറില്‍ അഞ്ച് അവസരങ്ങളും ഫൗളായിരുന്നു.
യോഗ്യത റൗണ്ടില്‍ ആദ്യ ശ്രമത്തില്‍ തന്നെ സീസണിലെ ഏറ്റവും മികച്ച ദൂരമായ 89.34 മീറ്റര്‍ എറിഞ്ഞ് ഒന്നാമനായാണ് നീരജ് യോഗ്യത നേടിയത്. ടോക്കിയോയില്‍ നീരജ് സ്വര്‍ണത്തിനായി എറിഞ്ഞത് 87.58 മീറ്റര്‍ മാത്രമായിരുന്നു. ടോക്കിയോയിലെ സ്വർണം നിലനിർത്താൻ 90.00 ലക്ഷമിട്ടാണ് നീരജ് തയ്യാറെടുത്തത്. എന്നിരുന്നാലും നീരജിന്‍റെ കരിയറിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനമാണ് പാരിസിൽ കണ്ടത്. സ്‌റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ കുറിച്ച 89.94 ആണ് കരിയർ ബെസ്‌റ്റ്.
ജാവലിൻ ത്രോയിൽ ലോക അത്‍ലറ്റിക്സിലെ എല്ലാ പ്രധാന നേട്ടങ്ങളും സ്വന്തമാക്കിയ ഇന്ത്യൻ അത്്ലറ്റാണ് നീരജ് ചോപ്ര. 2016ൽ ലോക ജൂനിയർ ചാംപ്യൻഷിപ്സ്വർണം നേടിക്കൊണ്ട് തുടങ്ങിയ തേരോട്ടം ടോക്കിയോ ഒളിംപികിസിലെ സ്വര്‍ണനേട്ടത്തിലും പിന്നാലെ പാരിസ് ഒളിംപിക്സിലെ വെള്ളിത്തിളക്കത്തിലും എത്തി നില്‍ക്കുകയാണ്.
ഹരിയാനയിലെ പാനിപ്പത്തിൽ നിന്നു 16 കിലോമീറ്റർ അകലെ ഖന്ദ്ര ഗ്രാമമാണ് നീരജിന്റെ സ്വദേശം. 14–ാം വയസ്സിൽ വണ്ണം കുറയ്ക്കാനായി പാനിപ്പത്ത് ശിവാജി സ്റ്റേഡിയത്തിൽ ഓടാൻ പോയിത്തുടങ്ങിയ ഓട്ടമാണ് ഇന്ന് ജാവലിൻ ത്രോയിൽ എത്തി നില്‍ക്കുന്നത്. 2016ൽ ലോക അണ്ടർ 20 ചാംപ്യൻഷിപ്പിൽ സ്വർണം നേടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി നീരജ് ചോപ്ര. 86.48 മീറ്റർ എറിഞ്ഞ് ലോക ജൂനിയർ റെക്കോർഡും കുറിച്ചു. 2016ൽ ദക്ഷിണേഷ്യൻ ഗെയിംസിലും 2017ൽ ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിലും സ്വർണം. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലും ഗോൾഡ്കോസ്റ്റ് കോമൺവെൽത്ത് ഗെയിംസിലും പുറത്തെടുത്ത മികവോടെ രാജ്യാന്തരതലത്തിൽ നീരജ് സൂപ്പർതാരമായി മാറുകയായിരുന്നു. ടോക്കിയോയിലെ സ്വർണത്തിനുശേഷം നീരജ് പിന്നീടു ലോക ചാംപ്യൻഷിപ്പിലും ഡയമണ്ട് ലീഗിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടിയിരുന്നു.