പാരിസ് ഒളിംപിക്സ് ജാവലിന്‍ ത്രോയില്‍ വെള്ളിമെഡല്‍ നേടി രാജ്യത്തിന്‍റെ അഭിമാനമായ നീരജ് ചോപ്രയെ പ്രശംസിച്ച് പ്രധാനമന്ത്രി. പ്രതിഭ മുഴുവനും പുറത്തെടുത്ത പ്രകടനമാണ് നീരജ് നടത്തിയതെന്നും രണ്ടാമതും ഒളിംപിക് മെഡല്‍ നേടിയതില്‍ രാജ്യം ആഹ്ളാദിക്കുന്നുവെന്നും പ്രധാനമന്ത്രി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. സ്വപ്നങ്ങള്‍ക്ക് പിന്നാലെ സഞ്ചരിച്ച് രാജ്യത്തിന്‍റെ അഭിമാനം വാനോളമെത്തിക്കാന്‍ കായികതാരങ്ങള്‍ക്ക് നീരജ് പ്രചോദനമാണെന്നും അത് ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സീസണിലെ ഏറ്റവും മികച്ചതും കരിയറിലെ മികച്ച രണ്ടാമത്തെയും പ്രകടനമാണ് നീരജ് പാരിസില്‍ പുറത്തെടുത്തത്. ആദ്യശ്രമം ഫൗളായെങ്കിലും രണ്ടാം ശ്രമത്തില്‍ 89.45 മീറ്റര്‍ ദൂരമാണ് നീരജ് കുറിച്ചത്. പിന്നീട് തുടര്‍ച്ചയായ നാല് ഫൗളുകള്‍.
പാക്കിസ്ഥാന്‍റെ അര്‍ഷാദ് നദീമിനാണ് ഒളിംപിക്സ് റെക്കോര്‍ഡോടെ സ്വര്‍ണം. പാക്കിസ്ഥാന്‍റെ ആദ്യ വ്യക്തഗത ഒളിംപിക് സ്വര്‍ണം കൂടിയായി നദീമിന്‍റെ നേട്ടം. രണ്ടാം ശ്രമത്തില്‍ 92.97 കടന്ന നദീം സ്വപ്നസമാനമായ നേട്ടമാണ് സ്വന്തമാക്കിയത്. വെങ്കലമെഡല്‍ 88.54 മീറ്റര്‍ എറിഞ്ഞ ആന്‍ഡേഴ്സണ്‍ പീറ്ററിനാണ്.