പഞ്ചാബിൽ നടന്ന ഇന്റര്‍ യൂണിവേഴ്സിറ്റി കായികമേളയിൽ തമിഴ്നാട് കബഡി താരങ്ങൾക്കെതിരെ ക്രൂരമായ ആക്രമണം നടന്നെന്ന് റിപ്പോര്‍ട്ട്. ബതിന്‍ന്തയില്‍ നടന്ന മത്സരത്തിനിടെയാണ് ആക്രമണം നേരിട്ടത്. മത്സരത്തില്‍ റഫറിയുടെ തീരുമാനത്തില്‍ അതൃപ്തരായ താരങ്ങളാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മദര്‍ തെരേസ യൂണിവേഴ്സിറ്റി, പെരിയാര്‍ യൂണിവേഴ്സിറ്റി, അളഗപ്പ യൂണിവേഴ്സിറ്റി, ഭാരതീയാര്‍ യൂണിവേഴ്സിറ്റി താരങ്ങളാണ് നോര്‍ത് സോണ്‍ ഇന്റര്‍ യൂണിവേഴ്സിറ്റി മത്സരത്തിനെത്തിയത്. തമിഴ്നാട് കബഡി താരങ്ങളുമായി തര്‍ക്കത്തിലേര്‍പ്പെട്ട എതിര്‍ ടീം പിന്നീട് ആക്രമണം അഴിച്ചുവിട്ടു. ദര്‍ബാംഗ യൂണിവേഴ്സിറ്റിയുമായി നടന്ന മത്സരത്തില്‍ റഫറി മദര്‍തെരേസ യൂണിവേഴ്സിറ്റിക്കെതിരെ ‘ഫൗള്‍ അറ്റാക്ക്’വിളിച്ചതാണ് ആക്രമണത്തിന്റെ തുടക്കം. അപ്പീലിനെത്തുടര്‍ന്ന് മദര്‍ തെരേസ യൂണിവേഴ്സിറ്റി താരത്തെ റഫറി ആക്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചു. ഒരു താരത്തിനടുത്തുചെന്ന് ഒരാള്‍ തര്‍ക്കിക്കുന്നതും കൈവയ്ക്കുന്നതും പിന്നീട് കൂട്ടയടിയിലേക്ക് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. ഇരുടീമുകളും കസേരയുള്‍പ്പെടെ വലിച്ചെറിയുന്നതും വിഡിയോയില്‍ കാണാം.മത്സരാര്‍ത്ഥികള്‍ മാത്രമാണോ ആക്രമിച്ചത് എന്ന കാര്യങ്ങളിലൊന്നും വ്യക്തത വന്നിട്ടില്ല. പെണ്‍കുട്ടികള്‍ സുരക്ഷിതരാണെന്നും ഉടന്‍ തന്നെ ടീം തമിഴ്നാട്ടില്‍ തിരിച്ചെത്തുമെന്നും ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍ പ്രതികരിച്ചു. ഉണ്ടായത് ചെറിയ സംഭവമായിരുന്നെന്നും ആര്‍ക്കും വലിയ തോതിലുള്ള പരുക്കുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.