11-ാം വയസില്‍ അമേരിക്കയുടെ അടുത്ത സെറീന വില്യംസെന്ന വിശേഷണം കേട്ടുതുടങ്ങിയ മാഡിസന്‍ കീസിന്, 29ാം വയസുവരെ കാത്തിരിക്കേണ്ടി വന്നു ഒരു ഗ്രാന്‍സ്ലാം കിരീടം നേടാന്‍. 2005ല്‍ ബാറ്റില്‍ മാറ്റംവരുത്തി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ നടത്തിയ തിരിച്ചുവരവുമായി സമാനതകള്‍ ഏറെയുണ്ട് മാഡിസന്റെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ടുള്ള രണ്ടാം വരവിനും.
പത്തുവര്‍ഷം മുമ്പൊരു കൗമാരക്കാരി ഓസ്ട്രേലിയന്‍ ഓപ്പണില്‍ സെമിഫൈനല്‍ കളിക്കാനിറങ്ങിയപ്പോള്‍, ദി നെക്സ്റ്റ് സെറീന വില്യംസ് എന്നായിരുന്നു തലക്കെട്ടുകള്‍. പിന്നെയും ഒരുപാട് സെമിഫൈനലുകള്‍ കണ്ടെങ്കിലും മാഡിസന്‍ കീസ് അമേരിക്കയുടെ അടുത്ത സെറീനയായില്ല. കൂടെ പരുക്കും ചേര്‍ന്നതോടെ പ്രഫഷണല്‍ ടെന്നിസ് താരമായ നൂറുകണക്കിന് അമേരിക്കക്കാരല്‍ ഒരാള്‍ മാത്രമായി ഒതുങ്ങി.
2023ല്‍ പരിശീലകനായി ബ്യോണ്‍ ഫ്രറ്റാഞ്ചലോ എത്തിയതോടെയാണ്, ടെന്നിസ് എല്‍ബോയുടെ ശസ്ത്രക്രിയ കഴിഞ്ഞെത്തിയ സച്ചിന്‍ ബാറ്റുമാറ്റിയതുപോലെ മാഡിസന്‍ റാക്കറ്റൊന്ന് മാറ്റിപ്പിടിച്ചത്. സര്‍വും ഗ്രൗണ്ട്സ്ട്രോക്കും കരുത്താക്കിയ മാഡിസന്റെ ശൈലിക്ക് ചേര്‍ന്നത് വലിപ്പംകുറഞ്ഞ ഫ്രെയിമോടുകൂടിയ റാക്കറ്റെന്ന് ബ്യോണ്‍ നിര്‍ദേശിച്ചു. മാസങ്ങള്‍ക്കകം മാഡിസന്‍ ഗ്രാന്‍സ്ലാം ചാംപ്യാനായി. ഇന്നലെ കിരീടമുയര്‍ത്തിയപ്പോള്‍ , രണ്ടുമാസം മുമ്പ് ജീവിതപങ്കാളിയുടെ റോളിലേക്ക് കൂടിയെത്തിയ ബ്യോണ്‍ മാഡിസന് അരികെയുണ്ടായിരുന്നു.
ആദ്യ ഗ്രാന്‍സ്ലം നേടുന്ന പ്രായമേറിയ നാലാമത്തെ താരവും താരമായി മാഡിസന്‍ കീസ്. അടുത്ത സെറീനയായില്ലെങ്കിലും വില്യംസ് സഹോദരിമാര്‍ക്ക് ശേഷം ലോക റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ളവരെ തോല്‍പിച്ച് ഗ്രാന്‍സ്ലാം നേടിയ ആദ്യ അമേരിക്കന്‍ താരമായി മാഡിസന്‍.