kkr-champions

ഐപിഎല്‍ 17ാം സീസണില്‍ വിജയകിരീടമുയര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മത്സരത്തിലുടനീളം ആധിപത്യം പുലര്‍ത്തിയ പര്‍പ്പിള്‍ പട 8 വിക്കറ്റിനാണ് സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്തത്. ഹൈദരാബാദ് ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം കൊല്‍ക്കത്ത 10.3 ഓവറില്‍ മറികടന്നു. ബാറ്റര്‍മാരും ബോളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ കൊല്‍ക്കത്തയുടെ ഷെല്‍ഫിലേക്ക് എത്തിയത് മൂന്നാം ഐപിഎല്‍ കപ്പ്.

മികച്ച ബൗളിങ് പ്രകടനവുമായി ഹൈദരാബാദിനെ 113 റണ്‍സില്‍ എറിഞ്ഞൊതുക്കിയതിന്‍റെ ആത്മവിശ്വാസം കൊല്‍ക്കത്തയുടെ ബാറ്റിങ്ങില്‍ പ്രകടമായിരുന്നു. ആദ്യം മുതല്‍ തന്നെ അക്രമിച്ചു കളിക്കാനായിരുന്നു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ ഗെയിം പ്ലാന്‍. രണ്ടാം ഓവറില്‍ തന്നെ വെടിക്കെട്ട് ഓപ്പണര്‍ സുനില്‍നരെയ്നെ നഷ്ടമായെങ്കിലും പിന്നാലെയെത്തിയ വെങ്കിടേഷ് അയ്യര്‍ 26 പന്തില്‍ 4 ഫോറുകളും 3സിക്സറുകളുമായി 52 റണ്‍സെടുത്ത് പുറത്താകാതെ നിന്നു.

ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ് 32 പന്തില്‍ 5 ഫോറുകളും 2 സിക്സറുകളുമായി 33 റണ്‍സെടുത്ത് വെങ്കിടേഷ് അയ്യര്‍ക്ക് പിന്തുണ നല്‍കി. ഒന്‍പതാം ഓവറില്‍ ഗുര്‍ബാസ് വിക്കറ്റായപ്പോഴേക്കും കൊല്‍ക്കത്തയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 67 ബോളില്‍ 12 റണ്‍സ്. നായകന്‍ വെങ്കിടേശേ അയ്യര്‍ 3 പന്തുകളില്‍ നിന്ന് 6 റണ്‍സെടുത്തപ്പോഴേക്കും കൊല്‍ക്കത്ത വിജയതീരമണഞ്ഞിരുന്നു.

ഹൈദരാബാദിനായി പാറ്റ് കമ്മിന്‍സ്, ഷഹ്ബാസ് അഹ്മദ് എന്നിവര്‍ ഓരോവിക്കറ്റ് വീഴ്ത്തി.ബാറ്റിങ്ങിലും ബൗളിങ്ങിലും കൃത്യമായ ഗെയിം പ്ലാനോടെയായിരുന്നു കൊല്‍ക്കത്ത മൈതാനത്തേക്കിറങ്ങിയത്. കൂറ്റനടികള്‍ കൊണ്ട് ഈ സീസണിനെ വിറപ്പിച്ച കൊലകൊമ്പന്മാരെ വീഴ്ത്താന്‍ കൊല്‍ക്കത്ത മെനഞ്ഞ തന്ത്രങ്ങളെല്ലാം ഫലം കണ്ടു. കൊല്‍ക്കത്ത ബൗളര്‍മാരുടെ പേസ് വേരിയേഷനുകള്‍ക്കു മുന്നില്‍ ഹൈദരാബാദ് ബാറ്റർമാർ പതറി.

സീസണിലുടനീളം തകര്‍ത്തടിച്ച ട്രാവിസ് ഹെഡ് - അഭിഷേക് ശർമ സഖ്യം കൂടാരം കയറിയതുമുതല്‍ ചീട്ടുകൊട്ടാരം പോലെ ഹൈദരാബാദ് തകര്‍ന്നടിഞ്ഞു. മൈതാനത്തേക്കെത്തിയ ഹൈദരാബാദ് ബാറ്റര്‍മാരെ അരെയും ക്രീസില്‍ നിലയുറപ്പിക്കാന്‍ കൊല്‍ക്കത്തയുടെ ബൗളര്‍മാര്‍ അനുവദിച്ചില്ല. ഒടുവില്‍ 18.3 ഓവറില്‍ 113 റണ്‍സില്‍ ഉദയസൂര്യന്മാരുടെ പോരാട്ടം അവസാനിച്ചു. ഐപിഎല്‍ ഫൈനലിലെ ഏറ്റവും ചെറിയ സ്കോര്‍ എന്ന നാണക്കേടിന്‍റെ റെക്കോഡുമായി ഹൈദരാബാദ് കിതച്ചുവീണു.