gambhir-narine-30

ഐ.പി.എല്‍ കിരീട നേട്ടത്തിന്‍റെ ആഹ്ലാദം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാംപില്‍ അവസാനിച്ചിട്ടില്ല. സീസണില്‍ മിന്നും പ്രകടനം കാഴ്ച വച്ച സുനില്‍ നരെയ്നെ ടീം മെന്‍ററായ ഗൗതം ഗംഭീര്‍ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഉറ്റ സുഹൃത്ത് കൂടിയായ ഗംഭീറിന്‍റെ വിലയേറിയ ഉപദേശങ്ങള്‍ കൂടിയായപ്പോള്‍ അക്ഷാരാര്‍ഥത്തില്‍ നരെയ്ന്‍ അടിച്ചു തകര്‍ത്തു. 488 റണ്‍സും 17 വിക്കറ്റുകളുമാണ് ഈ ഐ.പി.എല്ലില്‍ താരം സ്വന്തമാക്കിയത്. 

കൊല്‍ക്കത്തയില്‍ ആദ്യമായി കളിക്കാനെത്തിയപ്പോള്‍ നരെയ്ന്‍ തന്നോട് ചോദിച്ച ചോദ്യമാണ് അഭിമുഖത്തില്‍ ഗംഭീറിപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സ്വതേ നാണംകുണുങ്ങിയായ നരെയ്നെ 2012ല്‍ ജയ്പുരില്‍ വച്ച് താന്‍ ഉച്ചഭക്ഷണത്തിന് വിളിച്ചുവെന്നും പരിശീലനത്തിന് ശേഷം ഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ നരെയ്ന്‍ വളരെ മടിച്ച് ആദ്യമായി ചോദിച്ചത് 'കാമുകിയെ ഐ.പി.എല്ലിന് കൊണ്ടുവരാമോ' എന്നായിരുന്നു'വെന്ന് ഗംഭീര്‍ പറയുന്നു. ചോദ്യം കേട്ട് താന്‍ ചിരിച്ചു പോയെന്നും കെ.െക. ആര്‍ സ്റ്റാര്‍ മെന്‍റര്‍ പറയുന്നു. 

സ്വകാര്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നരെയ്നുമായുള്ള സൗഹൃദത്തെ കുറിച്ച് ഗംഭീര്‍ വാചാലനായത്. 'സ്വഭാവത്തിലും വികാരങ്ങളിലും വളരെയേറെ സാമ്യതകള്‍ നരെയ്നുമായുണ്ട്. 2012 ല്‍ നരെയ്ന്‍ ഐ.പി.എല്‍ ക്യാംപിലേക്ക് വന്നത് ഇപ്പോഴും എനിക്കോര്‍മയുണ്ട്.നരെയ്ന്‍ ടീമിന്‍റെ ഓള്‍റൗണ്ടറെന്നതിന് പുറമെ തനിക്ക് സഹോദരതുല്യനാണെന്നും താരം കൂട്ടിച്ചേര്‍ത്തു.  എന്താവശ്യമുണ്ടെങ്കിലും ഒരു വിളിയുടെ ദൂരത്തില്‍ രണ്ടുപേരും പരസ്പരമുണ്ടാകുമെന്നും അത്തരത്തിലൊരു ബന്ധം ഇരുവര്‍ക്കുമിടയില്‍ ഉണ്ടെന്നും ഗംഭീര്‍ വ്യക്തമാക്കി. കളിക്കളത്തിലും പുറത്തും അധികം ആഹ്ലാദമോ മറ്റ് വികാരങ്ങളോ പ്രകടിപ്പിക്കാത്തവരാണ് താനും നരെയ്നുമെന്നും വന്ന് ജോലി ചെയ്ത് പോകുകയെന്നതാണ് ഇരുവരുടെയും രീതിയെന്നും ഗംഭീര്‍ വിശദീകരിക്കുന്നു.

 2012 ലും 2014 ലും ഐ.പി.എല്‍ കിരീടം നേടിയപ്പോള്‍ ഗംഭീറായിരുന്നു ക്യാപ്റ്റന്‍. കിരീട നേട്ടത്തില്‍ മികച്ച പങ്കാണ് അന്നും നരെയ്ന്‍ വഹിച്ചത്. കെ.കെ.ആറിലെ ഏറ്റവും മൂല്യമേറിയ താരമെന്ന് നരെയ്നെ വിശേഷിപ്പിക്കാനാണ് തനിക്കിഷ്ടമെന്നും ഇനിയും ക്രിക്കറ്റ് ലോകത്തിനും കൊല്‍ക്കത്തയ്ക്കും നിരവധി സംഭാവന നല്‍കാന്‍ നരെയ്ന് സാധിക്കുമെന്നും ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Gautam Gambhir on his friendship with KKR star Sunil Narine, recollects memmories from 2012