ഫോട്ടോ: എഎഫ്പി

ആദ്യമായി ട്വന്റി20 ലോകകപ്പ് കളിക്കാന്‍ യോഗ്യത നേടി എത്തിയ യു.എസ്.എയ്ക്ക് മുന്‍പില്‍ കാലിടറി വീണതിന് പിന്നാലെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെതിരെ ആരാധകര്‍. ഒരു ഹൃദയം മാത്രമാണുള്ളത്, നിങ്ങള്‍ അത് എത്രവട്ടം തകര്‍ക്കും എന്നാണ് ആരാധകര്‍ പാക് ടീമിനോട് ചോദിക്കുന്നത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരില്‍ അഞ്ച് റണ്‍സിനാണ് പാകിസ്ഥാനെ യു.എസ്.എ വീഴ്ത്തിയത്. ജൂണ്‍ 9ന് ഇന്ത്യക്കെതിരായ മല്‍സരത്തിലും തോറ്റാല്‍ പാക്കിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും.

ജയത്തേക്കാള്‍ കൂടുതല്‍ തോല്‍ക്കുകയാണ് നിങ്ങള്‍. എന്നാണ് നിങ്ങളില്‍ നിന്ന് നല്ല പ്രകടനം വരിക? സംസാരിക്കുക മാത്രമാണ് നിങ്ങള്‍ ചെയ്യുന്നത്, പ്രവര്‍ത്തിക്കുന്നില്ല. വിനോദസഞ്ചാരികളെ പോലെ വന്ന് തോന്നിയത് പോലെ കളിച്ച് തിരിച്ച് പോകുന്നു. ഞങ്ങള്‍ക്ക് മതിയായി. നിങ്ങള്‍ ഒരു തമാശയായി മാറി കഴിഞ്ഞു, പാക് ആരാധിക നബിഹയുടെ പ്രതികരണം ഇങ്ങനെയായിരുന്നു, പാക് മുന്‍ ക്യാപ്റ്റന്‍ വസീം അക്രമും നബിഹയുടെ പ്രതികരണം പങ്കുവെച്ചെത്തി. 

‌പാക്കിസ്ഥാന്‍ മുന്‍പില്‍ വെച്ച 159 റണ്‍സിനൊപ്പം നിശ്ചിത ഓവറില്‍ യു.എസ്.എ എത്തിയതോടെയാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്. 20ാം ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ 15 റണ്‍സ് വേണ്ടിവന്നപ്പോള്‍ അവസാന മൂന്ന് പന്തില്‍ നിന്ന് യു.എസ്.എ 11 റണ്‍സ് അടിച്ചെടുത്ത് മത്സരം സൂപ്പര്‍ ഓവറിലേക്ക് എത്തിച്ചു. സൂപ്പര്‍ ഓവറില്‍ മുഹമ്മദ് ആമിര്‍ സമ്മര്‍ദത്തിലേക്ക് വീണ് ലൈനും ലെങ്തും കണ്ടെത്താനാവാതെ കുഴങ്ങിയപ്പോള്‍ മൂന്ന് വൈഡുകളാണ് യു.എസ്.എയെ തുണച്ചെത്തിയത്. 11 റണ്‍സ് സൂപ്പര്‍ ഓവറില്‍ ആരോണ്‍ ജോനസ് കണ്ടെത്തിയപ്പോള്‍ പാക്കിസ്ഥാന്‍ വഴങ്ങിയത് ഏഴ് എക്സ്ട്രാ റണ്‍സ്. ഫീല്‍ഡിങ്ങിലും പാക് താരങ്ങള്‍ നിരാശപ്പെടുത്തിയതോടെ കടുത്ത വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് വരുന്നത്. 

പാക്കിസ്ഥാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ അസം ഖാന് നേരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്. യു.എസ്.എയ്ക്ക് എതിരെ അസം ഖാന്‍ ആദ്യ പന്തില്‍ പുറത്തായിരുന്നു. അസം ഖാന്റെ ഫിറ്റ്നസ് ചൂണ്ടി ആരാധകര്‍ ചോദ്യം ഉന്നയിക്കുകയും മൊയിന്‍ ഖാന്റെ മകനായതിനാലാണ് ടീമില്‍ ഉള്‍പ്പെടുത്തുന്നത് എന്ന് ആരോപിക്കുകയും ചെയ്യുന്നു. 

രണ്ട് കളിയില്‍ നിന്ന് രണ്ട് ജയവുമായി ഗ്രൂപ്പ് എയില്‍ ഒന്നാമതാണ് യു.എസ്.എ ഇപ്പോള്‍. ഒരു മാസത്തിന് ഇടയില്‍ ടെസ്റ്റ് കളിക്കുന്ന രാജ്യത്തിന് എതിരെ ഇത് യു.എസ്.എയുടെ രണ്ടാമത്തെ ട്വന്റി20 ജയമാണ്. ട്വന്റി20 ലോകകപ്പിന് മുന്‍പ് ട്വന്റി20 പരമ്പരയില്‍ ബംഗ്ലാദേശിനെതിരെ യു.എസ്.എ ജയം നേടിയിരുന്നു. 

ENGLISH SUMMARY:

Pakistan fan blasts team after shock defeat against USA