സൗരഭ് നേത്രാവല്‍ക്കറുടെ ലിങ്ക്ഡിന്‍ പേജാണ് ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ യു.എസ്.എ തോല്‍പ്പിച്ചതിന് പിന്നാലെ ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം.  സൂപ്പര്‍ ഓവറില്‍ പാക്കിസ്ഥാന്റെ പരിചയസമ്പത്ത് നിറഞ്ഞ പേസര്‍ മുഹമ്മദ് ആമിര്‍ ലൈനും ലെങ്തും കണ്ടെത്താനാവാതെ കുഴങ്ങിയപ്പോള്‍ മറുവശത്ത് സൗരഭ് നേത്രാവല്‍ക്കര്‍ എന്ന ഒറാക്കിള്‍ ടെക്കി പാക് ബാറ്റേഴ്സിനെ പിടിച്ചുകെട്ടി. 

മുംബൈയില്‍ നിന്നുള്ള എഞ്ചിനിയറാണ് യു.എസ്.എയുടെ ഇടംകയ്യന്‍ മീഡിയം ഫാസ്റ്റ് ബോളറായ സൗരഭ്. ഇന്ത്യന്‍ അണ്ടര്‍ 19 ടീമില്‍ കളിച്ചിട്ടുള്ള സൗരഭ് 2015ലാണ് യു.എസ്.എയിലേക്ക് ചേക്കേറുന്നത്. മുംബൈക്ക് വേണ്ടി ഒരു രഞ്ജി ട്രോഫി മല്‍സരവും സൗരഭ് കളിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളായ കെ.എല്‍.രാഹുല്‍, മായങ്ക് അഗര്‍വാള്‍, ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, സന്‍ദീപ് ശര്‍മ എന്നിവര്‍ക്കൊപ്പം കളിച്ചതിന് ശേഷമാണ് സൗരഭ് യു.എസ്.എയിലേക്ക് പറക്കുന്നത്. 

പാക്കിസ്ഥാന് എതിരെ ട്വന്റി20 ലോകകപ്പില്‍ യു.എസ്.എ കളിക്കുന്നത് ആദ്യമായാണ് എങ്കിലും സൗരഭ് ഇതിന് മുന്‍പും പാക്കിസ്ഥാനെതിരെ കളിച്ചിട്ടുണ്ട്, ഇന്ത്യന്‍ അണ്ടര്‍ 19 കുപ്പായത്തില്‍. കെ.എല്‍.രാഹുല്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ അണ്ടര്‍ 19 ലോകകപ്പ് സംഘത്തില്‍ അംഗമായിരുന്നു സൗരഭ്. ബാബര്‍ അസം ഉള്‍പ്പെട്ട പാക് ടീമിനെതിരെയാണ് സൗരഭ് അന്ന് പന്തെറിഞ്ഞത്. രണ്ട് വിക്കറ്റ് തോല്‍വിയിലേക്ക് അന്ന് ഇന്ത്യ വീണെങ്കിലും അഹമ്മദ് ഷെഹ്സാദിന്റെ വിക്കറ്റ് സൗരഭ് സ്വന്തമാക്കി. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയുടെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാമതായിരുന്നു സൗരഭ്. 6 കളിയില്‍ നിന്ന് നേടിയത് 9 വിക്കറ്റ്. 

നേത്ര എന്നാണ് യു.എസ്.എ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായ സൗരഭിന്റെ വിളിപ്പേര്. 2016ല്‍ കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം സ്വന്തമാക്കിയ സൗരഭ് കോര്‍നല്‍ സര്‍വകലാശാലയില്‍ ടീച്ചിങ് അസിസ്റ്റന്റുമായിരുന്നു. 2013ല്‍ മുംബൈ സര്‍വകലാശാലയില്‍ നിന്നായിരുന്നു ബിരുദം. 

പാക്കിസ്ഥാന് എതിരെ ട്വന്റി20 ലോകകപ്പിലെ തന്റെ ആദ്യ ഓവറില്‍ തന്നെ മുഹമ്മദ് റിസ്വാനെ മടക്കിയാണ് സൗരഭ് തുടങ്ങിയത്. 18ാം ഓവറില്‍ ഇഫ്തിക്കര്‍ അഹമ്മദിന്റെ വിക്കറ്റും സൗരഭ് വീഴ്ത്തി. സൂപ്പര്‍ ഓവറിലും ഇഫ്തിക്കറിനെ വീഴ്ത്തിയാണ് പാക്കിസ്ഥാനെ സൗരഭ് സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടത്.

ENGLISH SUMMARY:

Indian Techie Saurabh Netravalkar