ഇന്ത്യയ്ക്കെതിരെ കയ്യിലെന്ന് തോന്നിപ്പിച്ച കളിയാണ് പാകിസ്ഥാന്‍ കൈവിട്ടത്. 92 ശതമാനം വിജയ സാധ്യത കല്‍പ്പിച്ച മല്‍സരമാണ് ഒടുവില്‍ പാകിസ്ഥാന്‍ കൊണ്ടുപോയി കലമുടച്ചത്. 120 റണ്‍സിന്‍റെ ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ പാതിവഴിയില്‍ വീണു. ഗ്രൂപ്പ് എയിലെ ആദ്യ മല്‍സരം യുഎസ്എയോട് സൂപ്പര്‍ ഓവറില്‍ തോറ്റ പാകിസ്ഥാന്‍ കാത്തിരിക്കുന്നത് ഇന്ത്യന്‍ സഹായത്തിനാണ്. അല്ലെങ്കില്‍ സൂപ്പര്‍ 8 ല്‍ കടക്കാതെ നാട്ടിലേക്ക് വിമാനം കയറേണ്ടി വരും.
ഗ്രൂപ്പില്‍ നിന്ന് രണ്ട് ടീമുകളാണ് സൂപ്പര്‍ 8 ലേക്ക് യോഗ്യത നേടുക. കളിച്ച രണ്ടും തോറ്റ പാകിസ്ഥാന്‍ ഗ്രൂപ്പ് എയില്‍ നിലവില്‍ നാലാം സ്ഥാനത്താണ്. ഇന്ത്യയ്ക്കും യുഎസ്എയ്ക്കും കാനഡയ്ക്കും പിന്നിലാണ് മുന്‍ ലോക ചാംപ്യന്‍മാര്‍. നിലവില്‍ പാകിസ്ഥാന് രണ്ട് മല്‍സരങ്ങളില്‍ നിന്ന് പൂജ്യം പോയിന്‍റാണുള്ളത്. യുഎസ്എയ്ക്കും ഇന്ത്യയ്ക്കും നാല് പോയിന‌്‍റ് വീതം.
പാകിസ്ഥാന് സൂപ്പര്‍ 8 ലേക്ക് എത്താന്‍ യുഎസ്എ, ഇന്ത്യ എന്നിലൊരാളെ മറികടക്കണം. ഇനി രണ്ട് കളികളാണ് ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാനുള്ളത്. കാനഡയ്ക്കും അയര്‍ലാന്‍ഡിനുമെതിരെ. രണ്ട് മല്‍സരങ്ങളും മഴമൂലം ഒഴിവാക്കാതിരിക്കുകയും രണ്ട് മല്‍സരങ്ങളും തോല്‍ക്കാതിരിക്കുകയും ചെയ്താലാണ് പാകിസ്ഥാന്‍റെ മുന്നോട്ടുള്ള പ്രതീക്ഷകള്‍. നിലവില്‍ നെഗറ്റീവ് നെറ്റ്‍ റണ്‍റേറ്റാണ് പാകിസ്ഥാനുള്ളത്. മറ്റു രണ്ട് ടാമുകള്‍ക്കും പോസ്റ്റീവ് റണ്‍റേറ്റാണ്.
അതിനാല്‍ തന്നെ ഗ്രൂപ്പ് എയില്‍ ഇന്ത്യ യുഎസ്എയെ തോൽപ്പിക്കേണ്ടത് പാകിസ്ഥാന്‍റെ കൂടി ആവശ്യമാണ്. ഇന്ത്യയ്‌ക്കെതിരായ വലിയ തോൽവിയിവൂടെ യുഎസ്എയുടെ നെറ്റ് റണ്‍റേറ്റില്‍ വലിയൊരു ഇടിവുണ്ടാകും. അയർലൻഡിനെതിരായ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിലും യുഎസ്എ പരാജയപ്പെടുമെന്നാണ് പാകിസ്ഥാൻറെ കണക്ക്. ഈ സാഹചര്യത്തിൽ, യുഎസ്എയും പാകിസ്ഥാനും നാല് പോയിൻ്റിൽ സമനിലയിലാകും, പാകിസ്ഥാൻ ജയത്തോടെ നെറ്റ് റണ്‍റേറ്റ് ഉയര്‍ത്തകയും ഇതിന്‍റെ അടിസ്ഥാനമാക്കി സൂപ്പര്‍8 ലേക്ക് കടക്കുകയും ചെയ്യും.