TOPICS COVERED

ട്വന്റി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായതിന് പിന്നാലെ ന്യൂസീലന്‍ഡിന് കനത്ത പ്രഹരം. കിവീസ് ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനത്ത് നിന്നും കെയ്ന്‍ വില്യംസണ്‍ പടിയിറങ്ങി. ട്വന്റി20 ലോകകപ്പിലെ ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് വില്യംസണ്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച തീരുമാനത്തിലേക്ക് എത്തിയത്. 

ട്വന്റി20 ലോകകപ്പില്‍ വിന്‍ഡിസിനെതിരെ പുറത്തായി മടങ്ങുന്ന വില്യംസണ്‍. ഫോട്ടോ: എപി

അഫ്ഗാനോടും വിന്‍ഡീസിനോടും തോറ്റതോടെയാണ് ന്യൂസിലന്‍ഡ് ട്വന്റി20 ലോകകപ്പില്‍ നിന്ന് സൂപ്പര്‍ 8 കാണാതെ പുറത്തായത്. ന്യൂസീലന്‍ഡ് ക്രിക്കറ്റ് ടീമിനെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ നേട്ടങ്ങളിലേക്ക് നയിക്കാന്‍ വില്യംസണിന് സാധിച്ചിരുന്നു. വില്യംസണിന് കീഴില്‍ മൂന്ന് ഐ.സി.സി ടൂര്‍ണമെന്റുകളില്‍ കിവികള്‍ ഫൈനല്‍ കളിച്ചു. 2019ലെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ്, 2019ലെ ഏകദിന ലോകകപ്പ്, 2021ലെ ട്വന്റി20 ലോകകപ്പ് എന്നിവയില്‍ ടീം കലാശപ്പോരിനെത്തി. 

ഇന്ത്യയെ ഫൈനലില്‍  തോല്‍പ്പിച്ചാണ്  ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് കന്നിക്കിരീടത്തിലേക്ക് വില്യംസണ്‍ ന്യൂസിലന്‍ഡിനെ നയിച്ചത്. 40 ടെസ്റ്റുകളില്‍  ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റനായി. നായകനായ 75 ട്വന്റി20കളില്‍ ന്യൂസിലന്‍ഡിനെ 39 ജയങ്ങളിലേക്ക് എത്തിച്ചു. 52 ആണ് വിജയ ശതമാനം. 91 ഏകദിനങ്ങളില്‍ വില്യംസണിന് കീഴില്‍ ന്യൂസിലന്‍ഡ് 46 എണ്ണത്തില്‍ ജയം പിടിച്ചു. 40 ടെസ്റ്റുകളില്‍ വില്യംസണ്‍ ടീമിനെ ജയിപ്പിച്ചത് 22 എണ്ണത്തിലും.  2021 ട്വന്റി20 ലോകകപ്പില്‍ റണ്ണേഴ്സ് അപ്പായി. ഓസ്ട്രേലിയക്ക് മുന്‍പില്‍ തോല്‍വി വഴങ്ങിയതോടെ കിരീടം അകന്നു. 2019ലെ വിവാദങ്ങള്‍ നിറഞ്ഞ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ജയിച്ചു കയറിയെങ്കിലും ന്യൂസിലന്‍ഡ് ആരാധകരുടെ ഹൃദയങ്ങള്‍ കീഴടക്കി.

ഫോട്ടോ: പിടിഐ

2022ല്‍ റെഡ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് വില്യംസണ്‍ പടിയിറങ്ങിയിരുന്നു. വൈറ്റ് ബോള്‍ ക്യാപ്റ്റന്‍ സ്ഥാനവും രാജിവയ്ക്കുന്നതോടെ പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട  ഭാരിച്ച ബാധ്യത ന്യൂസീലന്‍ഡിന് മേലെത്തുകയാണ്. 2024-25 സീസണിലേക്കുള്ള ടീമിന്റെ കരാറും താരം നിരസിച്ചിട്ടുണ്ട്. എന്നാല്‍ ജനുവരിയില്‍ ന്യൂസിലന്‍ഡിന് പുറത്ത് നടക്കുന്ന മത്സരങ്ങളില്‍ കളിക്കാന്‍ വില്യംസണ്‍ എത്തും. 

ENGLISH SUMMARY:

Another blow for New Zealand after being knocked out of the Twenty20 World Cup without making it past the group stage. Kane Williamson has stepped down as the captain of the New Zealand cricket team