രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസിലന്‍ഡ് ഇടംകയ്യന്‍ ബാറ്റര്‍ കോളിന്‍ മണ്‍റോ. ന്യൂസിലന്‍ഡിന്റെ ട്വന്റി20 ലോകകപ്പ് സംഘത്തില്‍ ഇടംനേടാന്‍ സാധിക്കാതെ വന്നതോടെയാണ് അഗ്രസീവ് ബാറ്റിങ് ശൈലിയുമായി നിറഞ്ഞുനിന്ന മണ്‍റോ വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. 2020 മുതല്‍ മണ്‍റോ രാജ്യാന്തര ക്രിക്കറ്റ് കളിച്ചിരുന്നില്ല. 

ആ ജഴ്സി അണിയുമ്പോഴാണ് ഞാന്‍ ഏറ്റവും കൂടുതല്‍ അഭിമാനിച്ചിരുന്നത്. 123 വട്ടം ആ കുപ്പായം അണിഞ്ഞ് കളിക്കാന്‍ എനിക്കായി. എന്നും ഞാന്‍ അതില്‍ അഭിമാനിക്കും, വിരമിക്കല്‍ പ്രഖ്യാപിച്ചുകൊണ്ട് മണ്‍റോ പറഞ്ഞു. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ കളി തുടരും എന്നും മണ്‍റോ വ്യക്തമാക്കുന്നു.ഒരു ടെസ്റ്റും 57 ഏകദിനവും 65 ട്വന്റി20യുമാണ് മണ്‍റോ ന്യൂസിലന്‍ഡിനായി കളിച്ചത്. 

വെസ്റ്റ് ഇന്‍ഡീസിന് എതിരെ 2018ല്‍ 47 പന്തില്‍ നിന്ന് സെഞ്ചറിയടിച്ച് മണ്‍റോ റെക്കോര്‍ഡിട്ടിരുന്നു. ശ്രീലങ്കക്കെതിരെ 14 പന്തില്‍ നിന്നാണ് മണ്‍റോ അര്‍ധശതകം തൊട്ടത്. 2016ലായിരുന്നു ഇത്. 2014, 2016 ട്വന്റി20 ലോകകപ്പുകളിലും 2019 ഏകദിന ലോകകപ്പിലും മണ്‍റോ ന്യൂസിലന്‍ഡിന് വേണ്ടി കളിച്ചു.

Munro retires from international cricket