ട്വന്റി20 ലോകകപ്പ് സൂപ്പര്‍ എട്ടില്‍ നാല് മത്സരങ്ങളാണ് ബാക്കിയുള്ളത്. ഓസ്ട്രേലിയയെ അഫ്ഗാനിസ്ഥാന്‍ അട്ടിമറിച്ചതോടെ ഗ്രൂപ്പ് വണ്ണിലെ സെമി സാധ്യതകള്‍ സങ്കീര്‍ണമായിക്കഴിഞ്ഞു. ഓസ്ട്രേലിയക്കെതിരായ അഫ്ഗാനിസ്ഥാന്റെ  ആദ്യ ജയമായിരുന്നു ഇന്നലത്തേത്. ഇന്ന് നടക്കുന്ന ഓസ്ട്രേലിയ–ഇന്ത്യ പോരാണ് ഗ്രൂപ്പ് വണ്ണിലെ സെമി സാധ്യത തീരുമാനിക്കുന്നതിൽ ഏറ്റവും നിര്‍ണായകം. ഗ്രൂപ്പ് രണ്ടില്‍ വിന്‍ഡീസും ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടുമാണ് സെമി ബെർത്തിനായി പോര് കടുപ്പിക്കുന്നത്. 

നിലവില്‍ നാല് പോയിന്റോടെ 2.425 എന്ന നെറ്റ് റണ്‍റേറ്റുമായി പട്ടികയില്‍ ഒന്നാമതാണ് ഇന്ത്യ. എന്നാല്‍ അവസാന മത്സരത്തില്‍ ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റാല്‍ രോഹിത്തിനും കൂട്ടര്‍ക്കും അഫ്ഗാന്‍–ബംഗ്ലാദേശ് മത്സര ഫലത്തിനായി കാത്തിരിക്കുകയും നെറ്റ്റണ്‍റേറ്റ് അനുകൂലമാവുകയും വേണം. ഓസ്ട്രേലിയയോട് ഇന്ത്യ തോറ്റാല്‍ പിന്നെ ഇന്ത്യക്ക് സെമി കാണാന്‍ ബംഗ്ലാദേശ് അഫ്ഗാനിസ്ഥാനെ തോല്‍പ്പിക്കണം. ഓസ്ട്രേലിയ ഇന്ത്യയെ തോൽപിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനെ തോൽപ്പിക്കുകയും ചെയ്താൽ നെറ്റ് റൺറേറ്റ് ആയിരിക്കും നിര്‍ണായകമാവുക. നെറ്റ് റണ്‍റേറ്റ് കൂടുതലുള്ളത് ഇവിടെ ഇന്ത്യക്ക് തുണയാവും. ഓസ്ട്രേലിയ ഇന്ത്യയെ തോൽപിക്കുകയും ബംഗ്ലാദേശ് അഫ്ഗാനെ തോൽപ്പിക്കുകയും ചെയ്താൽ ഓസ്ട്രേലിയയും സെമിയിലെത്തും. 

ഗ്രൂപ്പ് രണ്ടിലേക്ക് വരുമ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനോട് തോറ്റാല്‍ ദക്ഷിണാഫ്രിക്ക സെമി കാണാതെ പുറത്താവും. വിന്‍ഡീസിനെതിരെ ജയിച്ചാല്‍ ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതാവും. ഗ്രൂപ്പ് രണ്ടില്‍ ഒന്നാമതായാല്‍ ഗ്രൂപ്പ് ഒന്നില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ടീമുമായിട്ടാണ് സെമി.

ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചാലാണ് ആതിഥേയരായ വിന്‍ഡിസിന് സെമിയിലേക്ക് എത്താനാവുക. 

ENGLISH SUMMARY:

There are four matches to be played in the Twenty20 World Cup Super Eight. With Afghanistan's overthrow of Australia, the chances of the semi-finals in Group One have become complicated