ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസിലന്‍ഡിനെ നാട്ടിലേക്ക് തിരിച്ചയച്ചാണ് അഫ്ഗാനിസ്ഥാന്‍ ട്വന്റി20 ലോകകപ്പിലെ തേരോട്ടത്തിന് തുടക്കമിട്ടത്. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തില്‍ ആതിഥേയരായ വിന്‍ഡിസിന്റെ കൈകളില്‍ നിന്ന് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയിട്ടും റാഷിദ് ഖാന്റെ അഫ്ഗാനിസ്ഥാന്‍ പതറിയില്ല. ഓസ്ട്രേലിയയെ മലര്‍ത്തിയടിച്ച് ബംഗ്ലാ കടുവകളുടെ തലയും അരിഞ്ഞ് ട്വന്റി20 ലോകകപ്പിലെ സെമിയില്‍. ദക്ഷിണാഫ്രിക്കയെ ട്വന്റി20 ലോകകപ്പ് സെമിയില്‍ നേരിടാന്‍ തയ്യാറായി നില്‍ക്കുമ്പോള്‍ അഫ്ഗാന്‍ ക്രിക്കറ്റിന്റെ ഇതുവരെയുള്ള വളര്‍ച്ചയില്‍ നിര്‍ണായകമായത് ഈ താരങ്ങളുടെ പ്രകടനങ്ങളാണ്..
ലെഗ് സ്പിന്‍ എന്നെ ആരും പഠിപ്പിച്ചതല്ല. ഷാഹിദ് അഫ്രീദിയേയും അനില്‍ കുംബ്ലേയേയും കണ്ടാണ് ഞാന്‍ പഠിച്ചത്...അഫ്ഗാനിസ്ഥാനിലെ അഭയാര്‍ഥി ക്യാമ്പുകളില്‍ നിന്നെത്തി ക്രിക്കറ്റ് ലോകം കീഴടക്കുന്ന റാഷിദ് ഖാന്റെ വാക്കുകള്‍ ഇങ്ങനെയാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നെത്തുന്ന ഏറ്റവും പ്രശസ്തനായ ക്രിക്കറ്റര്‍ എന്ന വിശേഷണം ലെഗ് സ്പിന്‍ ഓള്‍റൗണ്ടര്‍ റാഷിദ് ഖാന് സ്വന്തമാണ്. 2015ലായിരുന്നു റാഷിദ് ഖാന്റെ അരങ്ങേറ്റം. ബാറ്റിങ് ഓര്‍ഡറില്‍ താഴെ കൂറ്റന്‍ ഷോട്ടുകള്‍ അനയാസം പായിച്ചും റാഷിദ് ക്രിക്കറ്റ് പ്രേമികളെ പലവട്ടം വിസ്മയിപ്പിച്ചിട്ടുണ്ട്. ലോകത്താകമാനമുള്ള ട്വന്റി20 ഫ്രാഞ്ചൈസികള്‍ റാഷിദ് ഖാന് വേണ്ടി പിടിവലി നടത്തുന്നു. 152 വിക്കറ്റാണ് ട്വന്റി20യില്‍ റാഷിദ് ഖാന്‍ വീഴ്ത്തിയത്. അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത് രണ്ട് വട്ടം. മൂന്ന് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതതാണ് റാഷിദിന്റെ ട്വന്റി20യിലെ മികച്ച പ്രകടനം.
അഫ്ഗാന്‍ ക്രിക്കറ്റ് ടീമിലെ ഏറ്റവും സീനിയര്‍ താരം എന്ന ഉത്തരവാദിത്വം ഏറ്റെടുത്താണ് മുഹമ്മദ് നബിയുടെ രളി. 161 ഏകദിനങ്ങളും 128 ട്വന്റി20യും മൂന്ന് ടെസ്റ്റുമാണ് മുഹമ്മദ് നബി എന്ന സ്പിന്‍ ബോളിങ് ഓള്‍റൗണ്ടര്‍ അഫ്ഗാന് വേണ്ടി കളിച്ചത്. ബാറ്റിങ് ഓള്‍റൗണ്ടര്‍ എന്ന വിശേഷണമാണ് മുഹമ്മദ് നബി ഇഷ്ടപ്പെടുന്നത് എങ്കിലും ഏത് ലോകോത്തര ബാറ്റേഴ്സിനെയും പിടിച്ചുകെട്ടാനുള്ള കഴിവ് നബിക്കുണ്ട്. അഫ്ഗാന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്ക് മുഹമ്മദ് നബിയില്‍ നിന്ന് വന്ന സംഭാവനകള്‍ നിരവധിയാണ്. 128 ട്വന്റി20 മത്സരങ്ങളാണ് മുഹമ്മദ് നബി അഫ്ഗാനിസ്ഥാന് വേണ്ടി കളിച്ചത്. വീഴ്ത്തിയത് 96 വിക്കറ്റും.
വൈറ്റ്ബോള്‍ ക്രിക്കറ്റിലെ ഓപ്പണര്‍മാരില്‍ ഇബ്രാഹിം സദ്രാന്‍ തന്റെ പേര് മുന്‍നിരയിലേക്ക് കൊണ്ടുവന്നു വയ്ക്കുന്നതാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടത്. ലോകകപ്പില്‍ സെഞ്ചറി നേടുന്ന ആദ്യ അഫ്ഗാന്‍ ഓപ്പണറാണ് ഇബ്രാബിം സദ്രാന്‍. ഓസ്ട്രേലിയക്കെതിരെ സെഞ്ചറി നേടുന്ന ആദ്യ അഫ്ഗാന്‍ ബാറ്ററായും സദ്രാന്‍ മാറിയിരുന്നു. ഓഫ് സ്റ്റംപിന് പുറത്തായി എത്തുന്ന ഡെലിവറികളില്‍ ശ്രദ്ധയോടെ കളിക്കുന്ന സദ്രാന്‍ സാങ്കേതിക തികവ് നിറഞ്ഞ ബാറ്ററാണ്. നിലവിലെ അഫ്ഗാന്‍ ടീമിലെ സ്ഥിരത നിലനിര്‍ത്തി കളിക്കുന്ന ബാറ്റേഴ്സില്‍ സദ്രാനുണ്ട്. ടെസ്റ്റ് ക്രിക്കറ്റിലെ അരങ്ങേറ്റത്തില്‍ ബംഗ്ലാദേശിന് എതിരെ സദ്രാന്‍ 87 റണ്‍സ് സ്കോര്‍ െചയ്താണ് ടീമിലെ സ്ഥാനം ഉറപ്പിച്ചത്.
അഫ്ഗാന്‍ ബാറ്റിങ് ലൈനപ്പിലെ നിര്‍ണായക ഘടകമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റഹ്മനുള്ള ഗുര്‍ബാസ്. ഗുര്‍ബാസിന്റെ അക്രമണോത്സുകത നിറഞ്ഞ ബാറ്റിങ് ശൈലി സഹതാരങ്ങള്‍ക്ക് യഥേഷ്ടം ബാറ്റ് വീശാനുള്ള സാഹചര്യം സൃഷ്ടിക്കുന്നു. ട്വന്റി20 ലോകകപ്പ് സൂപ്പര്‍ 8ല്‍ ബംഗ്ലാദേശിന് എതിരെ 43 റണ്‍സോടെ ടോപ് സ്കോററായതും ഗുര്‍ബാസാണ്. 2019 മുതല്‍ അഫ്ഗാന്‍ ടീമിന്റെ ഭാഗമാണ് ഗുര്‍ബാസ്. 62 ഇന്നിങ്സില്‍ നിന്ന് നേടിയത് 1657 റണ്‍സ്.