• ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്ത് ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍
  • 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്ത്
  • മൂന്നുവിക്കറ്റെടുത്ത അക്സര്‍ പട്ടേല്‍ മല്‍സരത്തിലെ താരം

നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ 68  റണ്‍സിന് തകര്‍ത്ത്, ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലില്‍. 172 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 103 റണ്‍സിന് പുറത്തായി. രോഹിത് ശര്‍മ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ അക്സര്‍ പട്ടേലും കുല്‍ദീപ് യാദവും മൂന്നുവിക്കറ്റ് വീതംവീഴ്ത്തി. അക്സറാണ് മല്‍സരത്തിലെ താരം.

ഇംഗ്ലീഷ് നിരയില്‍ ഏഴ് ബാറ്റര്‍മാര്‍ രണ്ടക്കം കടന്നില്ല.  മഴകാരണം വൈകിത്തുടങ്ങിയ മല്‍സരം രണ്ടുവട്ടം തടസപ്പെട്ടെങ്കിലും ഓവറുകള്‍ വെട്ടിച്ചുരുക്കേണ്ടി വന്നില്ല. 

രണ്ടുവര്‍ഷം മുമ്പ് കിട്ടിയ പത്തുവിക്കറ്റിന്റെ തോല്‍വിക്ക് 68 റണ്‍സില്‍ കടംവീട്ടി ഇന്ത്യ ഫൈനലിലേക്ക്. മൂന്നോവറിനകം 26 റണ്‍സ് അടിച്ചുകൂട്ടി കുതിച്ച ഇംഗ്ലണ്ടിനെ അക്സര്‍ പട്ടേലിനെ ഇറക്കിയാണ് രോഹിത് ശര്‍മ വരുതിയിലാക്കിയത്. അക്സറിന്റെ ആദ്യ പന്തില്‍ തന്നെ ജോസ് ബട്്ലര്‍ പുറത്ത്. നായകന്‍ പിന്നാലെ ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ ഘോഷയാത്ര. പവര്‍പ്ലെയില്‍ തന്നെ ഫില്‍ സോള്‍ട്ടും ജോണി ബെയര്‍സ്റ്റോയും മൈതാനം വിട്ടു.

വിക്കറ്റ് നഷ്ടപ്പെടാതെ 26 റണ്‍സില്‍ നിന്ന് 88ന് 9 എന്ന സ്കോറിലേക്ക് ഇംഗ്ലണ്ടിന്റെ പതനം. സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചിന്റെ മുഴുവന്‍ ആനുകൂല്യവും മുതലാക്കിയ അക്സറും കുല്‍ദീപും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി 72/7. ബുംറയുടെ 142 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്തില്‍ പത്താമന്‍ ജോഫ്ര ആര്‍ച്ചര്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ ഇന്ത്യ ഫൈനലിലേക്ക്.

മുംൈബ കരുത്തിലാണ് ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 171 റണ്‍സിലെത്തിയത്. കോലിയും പന്തും രണ്ടക്കം കാണാതെ പുറത്തായതോടെ 40ന് 2 എന്ന നിലയിലായ ടീമിനെ കരകയറ്റിയത് രോഹിത് ശര്‍മയും – സൂര്യകുമാര്‍ യാദവും ചേര്‍ന്ന കൂട്ടുകെട്ട്. മൂന്നാം വിക്കറ്റില്‍ 73 റണ്‍സ് നേടി ഇരുവരും ചേര്‍ന്ന്. രോഹിത് 57 റണ്‍സ് നേടിയപ്പോള്‍  സൂര്യയുടെ വക 47 റണ്‍സ്.

നാളത്തെ ഫൈനലില്‍ ഹിറ്റ്മാനും സംഘത്തിനും എതിരാളികള്‍ ഏയ്ഡന്‍ മാര്‍ക്രത്തിന്റെ ദക്ഷിണാഫ്രിക്ക. തോല്‍വിയറിയാത്ത രണ്ടുടീമുകള്‍ നേര്‍ക്കുനേരെത്തുന്ന കിരീടപ്പോരാട്ടം. 

ENGLISH SUMMARY:

T20 World Cup 2024: India beat England by 68 runs, to face South Africa in final