ലോകകിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് 13–ാം വര്‍ഷത്തിലെത്തി നില്‍ക്കുമ്പോഴാണ് മറ്റൊരു ലോകകപ്പ് ഫൈനല്‍. 1983 ലോകകപ്പ്. ഇന്ത്യയോ അതേത് ടീമെന്ന് ചോദിച്ച് പരിഹസിച്ച കാലം. ഇംഗ്ലണ്ടിന്‍റെ ഹുങ്കിനെയടക്കം ആര്‍ജവം കൊണ്ട് തോല്‍പ്പിച്ച് പരിഹസിച്ചവര്‍ക്ക് മുന്‍പില്‍ കലാശപ്പോരിന് അവരെത്തി. പരിവാനമായ ലോര്‍ഡ്സില്‍ കരീബിയന്‍ പവറിനെ മറികടന്ന് കപില്‍ തന്‍റെ ചെകുത്താന്‍മാര്‍ക്കൊപ്പം ഇന്ത്യയെ ലോകത്തോളം എടുത്തുയര്‍ത്തി. ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ തലവര മാറ്റിമറിച്ച വിജയം.
പിന്നെ എന്തൊരു നീണ്ട കാത്തിരിപ്പായിരുന്നു. ഒരു കിരീടത്തിന്റെ മാന്ത്രികതയിലലിയാന്‍ രാജ്യം അത്രമേല്‍ കൊതിച്ച വര്‍ഷങ്ങള്‍. രണ്ടുപതിറ്റാണ്ടുകള്‍ക്കപ്പുറം 2007–ല്‍ ഒരു ട്വന്റി–20 ലോകകപ്പ് ഫൈനല്‍. എം.എസ്.ധോണിയെന്ന നീളന്‍ മുടിക്കാരന്‍ ചെറുക്കനും അയാളുടെ കൂട്ടാളികളും ഒരുജനതയെ ഇളക്കി മറിച്ചു. കലാശപ്പോരില്‍ അതും പാക്കിസ്ഥാനെ തോല്‍പിച്ച് അവര്‍ മൂവര്‍ണക്കൊടിയുമായി മൈതാനം വലംവച്ചു.
2011–ലെ ഏകദിന ലോകകപ്പ്. പ്രതീക്ഷകളുടെ വലിയ ഭാരവും പേറി അവര്‍ സ്വന്തം ജനതയ്ക്ക് മുന്‍പില്‍ കളിക്കളത്തിലിറങ്ങി. സച്ചിനൊരു ലോകകപ്പെന്ന മന്ത്രം മനസില്‍ ധ്യാനിച്ച് എതിരാളികളെ ഒന്നൊന്നായി വീഴ്ത്തി കലാശപ്പോരിലേക്ക്. ശ്രീലങ്കയെ തോല്‍പിച്ച്, നൂറുകോടി ഇന്ത്യക്കാരുടെ ഹൃദയത്തിലേക്ക് പറന്നിറങ്ങിയ ഒരു സിക്സര്‍.
2013–ല്‍ ചാംപ്യന്‍ ട്രോഫിയും നേടി ആറാടി ഇന്ത്യ. പക്ഷേ അതിന് ശേഷം വല്ലാത്തൊരു ശൂന്യതയാണ്. ഒരു പതിറ്റാണ്ടാകുന്നു ഇന്ത്യ ഐസിസി ട്രോഫിയുടെ തിളക്കമറിഞ്ഞിട്ട്. ഒരു ലോകകിരീടത്തിന്റെ ആനന്ദത്തിലാറാടിയിട്ടാകട്ടെ 13 വര്‍ഷം. ട്വന്റി–20 ചാംപ്യന്‍മാരായിട്ടാകട്ടെ 17 വര്‍ഷവും. ഇക്കുറി ബാര്‍ബഡോസില്‍ ദക്ഷിണാഫ്രിക്കയെ മറികടന്ന് മെന്‍ ഇന്‍ ബ്ലൂസും ആരാധകരും സ്വപ്നത്തിലേക്ക് നടന്ന് നീങ്ങട്ടെയെന്ന് പ്രത്യാശിക്കാം.