Image: ANI

‘ഡൂ ഇറ്റ് ഫോര്‍ ദ്രാവിഡ്’ (Do it for Dravid - ദ്രാവിഡിനുവേണ്ടി കപ്പടിക്കൂ). ഇന്ത്യ ട്വന്റി 20 ലോകകപ്പ് ഫൈനലിനിറങ്ങുമ്പോള്‍ ആരാധകര്‍ നടത്തുന്ന കാംപയ്നാണിത്. ലോകകപ്പിനുശേഷം ഇന്ത്യന്‍ പരിശീലക പദവി ഒഴിയുന്ന ദ്രാവിഡിന് വീരോചിതമായ യാത്രയയപ്പ് നല്‍കാന്‍ കിരീടത്തില്‍ കുറഞ്ഞതൊന്നുമില്ല എന്നതാണ് കാംപയ്ന്റെ അടിസ്ഥാനം. എല്ലാം മനോഹരമായി മാത്രം അവസാനിക്കുന്ന ഒരു മുത്തശ്ശിക്കഥയല്ല ജീവിതം എന്ന് ലൈഫ് കോച്ച് കൂടിയായ രാഹുല്‍ ദ്രാവിഡിനോളം അറിയാവുന്നവര്‍ ടീമിലില്ല. അതുകൊണ്ടുതന്നെയാണ് 'ഡൂ ഇറ്റ് ഫോര്‍ ദ്രാവിഡ്' കാംപയ്ന്‍ അവസാനിപ്പിക്കാന്‍ അദ്ദേഹത്തിനുതന്നെ രംഗത്തിറങ്ങേണ്ടിവന്നത്. 

തന്‍റെ വ്യക്തിത്വത്തിനോ വിശ്വാസങ്ങള്‍ക്കോ ചേരാത്ത മുദ്രാവാക്യമാണതെന്നും 'ആര്‍ക്കെങ്കിലും വേണ്ടി എന്തെങ്കിലും നേടുന്നതില്‍' തനിക്ക് താല്‍പര്യമില്ലെന്നും ദ്രാവിഡ് തുറന്നുപറയുന്നു. എന്തുകൊണ്ടാണ് എവറസ്റ്റ് കീഴടക്കാന്‍ ആഗ്രഹം തോന്നിയതെന്ന് ഒരിക്കല്‍ ഒരു പര്‍വതാരോഹകനോട് ഒരാള്‍ ചോദിച്ചു. അത് അവിടെ ഉള്ളത് കൊണ്ടാണെന്നായിരുന്നു മറുപടി. ‘എനിക്കും അത്രമാത്രമേ പറയാനുള്ളൂ, എന്തുകൊണ്ടാണ് ഈ ലോകകപ്പ് ജയം നമുക്ക് അനിവാര്യമാകുന്നത്? അത് അവിടെയുള്ളത് കൊണ്ടാണ്. കിരീട വിജയം ഏതെങ്കിലും പ്രത്യേക വ്യക്തിക്കുവേണ്ടിയല്ല, ടീമിന്റെ ജയമാണ്, നല്ല ക്രിക്കറ്റ് കളിക്കാന്‍ വേണ്ടിയാണ്’. തന്റെ പേരിലുള്ള പ്രചാരണത്തെക്കുറിച്ച് സംസാരിക്കാന്‍ പോലും ആഗ്രഹമില്ലെന്നും ദ്രാവിഡ് വിശദീകരിച്ചു. എല്ലാ കളിയും പ്രാധാന്യമുള്ളതാണ്. അതുപോലെയേ ഫൈനലിനെയും കാണുന്നുള്ളൂവെന്നും ദ്രാവിഡ് പറഞ്ഞു. 

ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഇന്ത്യ ലോകകിരീടത്തിന് അടുത്തെത്തുന്നത്. 17 വര്‍ഷം മുന്‍പ് 2007 ല്‍ വെസ്റ്റിന്‍ഡീസില്‍ വച്ച് നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റനായിരുന്നു രാഹുല്‍ ദ്രാവിഡ്. അന്ന് ആദ്യ റൗണ്ടില്‍ ബംഗ്ലദേശിനോട് തോറ്റ് ഇന്ത്യ പുറത്തായി. ഇന്ന് കപ്പിനും  ദ്രാവിഡിനുമിടയില്‍ ഒരു കളിയുടെ അകലം മാത്രം. ഏതൊരാളും അതിവൈകാരികമായി കണ്ടുപോയേക്കാവുന്ന ഈ നിമിഷത്തെ പക്ഷേ തികഞ്ഞ പ്രഫഷനല്‍ സമീപനത്തിലൂടെയാണ് ദ്രാവിഡ് വിലയിരുത്തുന്നത്. 

2021 നവംബര്‍ 21നാണ് രാഹുല്‍ ദ്രാവിഡ് ഇന്ത്യന്‍ ടീമിന്‍റെ കോച്ചായി ചുമതലയേറ്റത്. 2023 ലെ ഏകദിന ലോകകപ്പോടെ കരാര്‍ അവസാനിക്കേണ്ടതായിരുന്നു. എന്നാല്‍ ബിസിസിഐ ഇത് 2024 ജൂണ്‍ വരെ നീട്ടുകയായിരുന്നു. ബോര്‍ഡ് അര്‍പ്പിച്ച വിശ്വാസം ദ്രാവിഡ് കാത്തത് ടീമിനെ ഫൈനലില്‍ എത്തിച്ചാണ്. ദ്രാവിഡ് സമ്മതിച്ചാല്‍ പരിശീലക സ്ഥാനത്ത് നിലനിര്‍ത്തുമെന്ന് ബി.സി.സി.ഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പരിശീലകവേഷം അവസാനിപ്പിക്കാനുള്ള തീരുമാനത്തില്‍ ദ്രാവിഡ് ഉറച്ചുനിന്നു.

ENGLISH SUMMARY:

You know, I don't really believe in this 'Do it for somebody. All this 'Do it for somebody' is totally against who I am as a person and what I believe in, so I don't want to talk about it and discuss it. If you can get that campaign removed, says Rahul Dravid on #DoitforDravid campaign.