• ചെന്നൈ വനിത ടെസ്റ്റില്‍ റെക്കോര്‍ഡുകളുടെ പെരുമഴ
  • 13 ലോകറെക്കോര്‍ഡുകള്‍ കടപുഴക്കി ഇന്ത്യന്‍ ടീം
  • താരമായി ഇരുപതുകാരി ഷെഫാലി വര്‍മ

വനിത ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും ഉയര്‍ന്ന സ്കോറിന്റെ റെക്കോര്‍ഡ് ഇനി ഇന്ത്യയ്ക്ക് സ്വന്തം. ദക്ഷിണാഫ്രിക്കയ്ക്കെതിരെ ചെന്നൈ ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിങ്സില്‍ ഇന്ത്യ ആറുവിക്കറ്റിന് 603 റണ്‍സെടുത്തു. വനിതാക്രിക്കറ്റില്‍ ആദ്യമായാണ് ഒരു ടീം 600 റണ്‍സ് കടക്കുന്നത്. ടെസ്റ്റില്‍ മാത്രമല്ല, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെയും ഉയര്‍ന്ന് സ്കോര്‍ ഇതാണ്. 1998ല്‍ ഇംഗ്ലണ്ട് എ ടീമിനെതിരെ ഓസ്ട്രേലിയ നേടിയ 595 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന ഫസ്റ്റ് ക്ലാസ് സ്കോര്‍.

ചെന്നൈ ടെസ്റ്റിന്റെ ആദ്യദിനം ഇന്ത്യ നാലുവിക്കറ്റ് നഷ്ടത്തില്‍ നേടിയ 525 റണ്‍സ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ടീം ഒരു ദിവസം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണ്. 2002ല്‍ ബംഗ്ലദേശിനെതിരെ കൊളംബോയില്‍ നടന്ന ടെസ്റ്റില്‍ ശ്രീലങ്കന്‍ പുരുഷ ടീം നേടിയ 9 വിക്കറ്റിന് 509 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള റെക്കോര്‍‍ഡ‍്.

വനിതാക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരു ദിവസം അഞ്ഞൂറിലധികം റണ്‍സ് സ്കോര്‍ ചെയ്യുന്നതും ഇതാദ്യമാണ്. 1935ലെ ക്രൈസ്റ്റ്ചര്‍ച്ച ടെസ്റ്റിന്റെ ആദ്യദിനം ഇംഗ്ലണ്ടും ന്യൂസീലാന്‍ഡും നേടിയ 475 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്. അന്ന് ഇംഗ്ലണ്ട് നാലുവിക്കറ്റിന് 431 റണ്‍സെടുത്തപ്പോള്‍ ന്യൂസീലാന്‍ഡ് വെറും 44 റണ്‍സിന് ഓള്‍ ഔട്ടായി.

ചെന്നൈ ടെസ്റ്റില്‍ ഇന്ത്യയുടെ റണ്‍റേറ്റും ലോക റെക്കോര്‍ഡാണ്. 115.1 ഓവറിലാണ് ഇന്ത്യ 603 റണ്‍സ് അടിച്ചുകൂട്ടിയത്. അതായത്  ഒരോവറില്‍ 5.23 റണ്‍സ് എന്ന നിരക്കില്‍.  250 റണ്‍സിന് മുകളിലുള്ള ടെസ്റ്റ് ഇന്നിങ്സുകളില്‍ ആദ്യമായാണ് ഒരു ടീം അഞ്ചിന് മുകളില്‍ റണ്‍റേറ്റില്‍ സ്കോര്‍ ചെയ്യുന്നത്.

അഞ്ചാംവിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറും റിച്ച ഘോഷും ചേര്‍ന്നെടുത്ത 143 റണ്‍സ് വനിതാ ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന അഞ്ചാംവിക്കറ്റ് കൂട്ടുകെട്ടാണ്. 2003ല്‍ ദക്ഷിണാഫ്രിക്കയുടെ ജോമരിയും ഷാര്‍ലൈലും ചേര്‍ന്നെടുത്ത 138 റണ്‍സിന്റെ റെക്കോര്‍ഡ് തകര്‍ന്നു.

ടെസ്റ്റ് ക്രിക്കറ്റിലെ വേഗമേറിയ ഇരട്ടസെഞ്ചറിയാണ് ഷെഫാലി വര്‍മ ചെന്നൈയില്‍ കുറിച്ചത്. 200 റണ്‍സെടുക്കാന്‍ ഷെഫാലിക്ക് വേണ്ടിവന്നത് 194 പന്തുമാത്രം. ഓസ്ട്രേലിയയുടെ അന്നാബെല്‍ സതര്‍ലാന്‍ഡ് ഈ വര്‍ഷമാദ്യം ദക്ഷിണാഫ്രിക്കക്കെതിരെ 248 പന്തില്‍ നേടിയ ഇരട്ടസെഞ്ചറി റെക്കോര്‍ഡ് പട്ടികയില്‍ രണ്ടാമതായി.

ഒരുദിവസം കൊണ്ട് ഇരട്ടസെഞ്ചറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡും ഷെഫാലിയുടെ പേരിലായി. 1935ലെ ക്രൈസ്റ്റ് ചര്‍ച്ച് ടെസ്റ്റില്‍ ബെറ്റി സ്നോബോള്‍ നേടിയ 189 റണ്‍സായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.

ഒരു ടെസ്റ്റ് ഇന്നിങ്സിലും ടെസ്റ്റ് കരിയറിലും ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ താരമെന്ന തകര്‍പ്പന്‍ റെക്കോര്‍ഡും ഷെഫാലി സ്വന്തം പേരില്‍ കുറിച്ചു. ചെന്നൈയില്‍ 8 സിക്സുകളാണ് ഷെഫാലിയുടെ ബാറ്റില്‍ നിന്ന് പറന്നത്. വനിതാ ടെസ്റ്റ് ചരിത്രത്തില്‍ ഒരു താരവും ഇതിനുമുന്‍പ് ഒരിന്നിങ്സില്‍ രണ്ടില്‍ക്കൂടുതല്‍ സിക്സോ കരിയറില്‍ മൂന്നില്‍ക്കൂടുതല്‍ സിക്സോ അടിച്ചിട്ടില്ല. ഷെഫാലിയുടെ പേരില്‍ ഇപ്പോള്‍ 13 സിക്സുകളുണ്ട്.

ഇന്ത്യന്‍ ടീം ചെന്നൈ ഇന്നിങ്സില്‍ നേടിയ 9 സിക്സും റെക്കോര്‍ഡാണ്. ഒരു ടെസ്റ്റില്‍ രണ്ട് ടീമുകളും ചേര്‍ന്നുപോലും ഇതില്‍ കൂടുതല്‍ സിക്സുകള്‍ നേടിയിട്ടില്ല. 2021ല്‍ ഇന്ത്യയും ഇംഗ്ലണ്ടും ബ്രിസ്റ്റോളില്‍ നേടിയ ആറ് സിക്സുകളാണ് ഇതുവരെയുള്ള റെക്കോര്‍ഡ്.

ഷെഫാലിയും സ്മൃതി മന്ഥാനയും ചേര്‍ന്ന് വനിതാ ടെസ്റ്റുകളിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടിന്റെ റെക്കോര്‍ഡും സ്വന്തം പേരിലാക്കി. 292 റണ്‍സാണ് ഒന്നാംവിക്കറ്റില്‍ ഇരുവരും അടിച്ചുകൂട്ടിയത്. 2004ല്‍ പാക്കിസ്ഥാന്റെ കിരണ്‍ ബലൂച്ചും സാജിത ഷായും ചേര്‍ന്നെടുത്ത 241 റണ്‍സിന്റെ കൂട്ടുകെട്ടാണ് പിന്തള്ളപ്പെട്ടത്.

ഷെഫാലി–സ്മൃതി സഖ്യം നേടിയ 292 റണ്‍സ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് പാര്‍ട്ണര്‍ഷിപ്പാണ്. തിരുഷ് കാമിനിയും പൂനം റാവത്തും ചേര്‍ന്ന് 2014ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ 275 റണ്‍സായിരുന്നു ഇതുവരെയുള്ള ഉയര്‍ന്ന കൂട്ടുകെട്ട്.

354 റണ്‍സാണ് ചെന്നൈ ടെസ്റ്റില്‍ ഷെഫാലിയും സ്മൃതിയും സ്കോര്‍ ചെയ്തത്. ഒരു വനിതാ ടെസ്റ്റില്‍ ഓപ്പണര്‍മാര്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. കിരണ്‍ ബലൂച്ചും സാജിദ ഷായും കുറിച്ച 340 റണ്‍സിന്റെ റെക്കോര്‍‍ഡ് പഴങ്കഥയായി.

ഒരിന്നിങ്സില്‍ 5 ബാറ്റര്‍മാര്‍ അര്‍ധസെ‍ഞ്ചറി പിന്നിട്ടതിന്റെ റെക്കോര്‍ഡ‍ിനൊപ്പവും ഇന്ത്യ എത്തി. 2002ല്‍ ഇന്ത്യയും 2019ല്‍ ഓസ്ട്രേലിയയുമാണ് ഇതിനുമുന്‍പ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.

ഇതുകൊണ്ടൊന്നും തീരുന്നില്ല ചെന്നൈ ടെസ്റ്റില്‍ വെറും രണ്ടുദിവസം കൊണ്ട് പെയ്തിറങ്ങിയ റെക്കോര്‍‍ഡ് മഴ. വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വലിയ രണ്ടാമത്തെ പാര്‍ട്ണര്‍ഷിപ്പാണ് ആദ്യദിനം ഷെഫാലി–സ്മൃതി സഖ്യം കുറിച്ചത്. 1987ല്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയയുടെ ഡെനിസ് ആനെറ്റ്സും ലിന്‍സേ റീലറും ചേര്‍ന്ന് മൂന്നാംവിക്കറ്റില്‍ നേടിയ 309 റണ്‍സാണ് വനിതാ ടെസ്റ്റില്‍ ഏറ്റവും വലിയ കൂട്ടുകെട്ട്.

വനിതാടെസ്റ്റില്‍ ഒരിന്നിങ്സില്‍ രണ്ട് ഓപ്പണര്‍മാര്‍ സെഞ്ചറി നേടുന്നത് ഇത് രണ്ടാംതവണ മാത്രമാണ്. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ് എഡ്‍വേഡ്സും ലോറ ന്യൂട്ടണുമാണ് ആദ്യം ഈ നേട്ടം കൈവരിച്ചത്. 2004ല്‍ ന്യൂസീലാന്‍ഡിനെതിരെയായിരുന്നു ഇവരുടെ സെഞ്ചറി പ്രകടനം. മിതാലി രാജിനുശേഷം ടെസ്റ്റില്‍ ഇരട്ടസെഞ്ചറി നേടുന്ന ആദ്യ ഇന്ത്യന്‍ താരവും പ്രായംകുറഞ്ഞ രണ്ടാമത്തെ ഇന്ത്യന്‍ താരവുമാണ് 20 വയസുള്ള ഷെഫാലി വര്‍മ. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ഇരട്ടസെഞ്ചറി നേടിയ റെക്കോര്‍ഡ് മിതാലിയുടെ പേരിലാണ്. 19 വയസിലായിരുന്നു മിതാലിയുടെ റെക്കോര്‍ഡ‍് പ്രകടനം.

ചെന്നൈ ടെസ്റ്റ്: രണ്ടാംദിനം
നാലുവിക്കറ്റിന് 525 റണ്‍സ് എന്ന നിലയില്‍ രണ്ടാംദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 600 റണ്‍സ് പിന്നിട്ടയുടന്‍ ഡിക്ലയര്‍ ചെയ്തു. ഇന്നലെ ഇരട്ടസെഞ്ചറി (205) നേടിയ ഷെഫാലി വര്‍മയും സെഞ്ചറി (149) നേടിയ സ്മൃതി മന്ഥാനയുമാണ് ഇന്ത്യന്‍ ഇന്നിങ്സിന്റെ നെടുംതൂണുകള്‍. ഇവര്‍ പുറത്തായശേഷം റിച്ച ഘോഷും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതും ജമീമ റോഡ്രിഗസും റണ്‍വേട്ട തുടര്‍ന്നു. റിച്ചയുടെ അതിവേഗ ബാറ്റിങ്ങാണ് പെട്ടെന്ന് ഡിക്ലയര്‍ ചെയ്യാന്‍ ഇന്ത്യയെ സഹായിച്ചത്. റിച്ച 90 പന്തില്‍ 86 റണ്‍സെടുത്തു. ഹര്‍മന്‍പ്രീത് അറുപത്തൊന്‍പതും ജമീമ അന്‍പത്തഞ്ചും റണ്‍സ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക രണ്ടാംദിവസം കളി നിര്‍ത്തുമ്പോള്‍ നാലുവിക്കറ്റിന് 236 റണ്‍െസടുത്തിട്ടുണ്ട്. ഇന്ത്യന്‍ സ്കോര്‍ മറികടക്കാന്‍ അവര്‍ക്ക് 367 റണ്‍സ് കൂടി വേണം. ഓരോതവണ വിക്കറ്റ് വീഴുമ്പോഴും ഭേദപ്പെട്ട കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞതാണ് ദക്ഷിണാഫ്രിക്കയുടെ നേട്ടം. 69 റണ്‍സോടെ പുറത്താകാതെ നില്‍ക്കുന്ന മരിസെന്‍ കാപ്പിലാണ് സന്ദര്‍ശകരുടെ പ്രതീക്ഷ. നാദിന്‍ ഡി ക്ലര്‍ക് 27 റണ്‍സോടെ ക്രീസിലുണ്ട്. സുനെ ലൂസ് 65 റണ്‍സെടുത്തു.

20 ഓവറില്‍ 61 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റ് വീഴ്ത്തിയ സ്നേഹ് റാണയാണ് ഇന്ത്യന്‍ ബോളര്‍മാരില്‍ തിളങ്ങിയത്. സ്കോര്‍ മുപ്പത്തിമൂന്നില്‍ നില്‍ക്കേ ഓപ്പണര്‍ ലോറ വോള്‍വാഡിനെ സ്നേഹ് വിക്കറ്റിനുമുന്നില്‍ കുടുക്കി. 39 റണ്‍സെടുത്ത ഓപ്പണര്‍ അനെക്കെ ബോഷിനെ സ്നേഹ് ദീപ്തി ശര്‍മയുടെ കൈകളിലെത്തിച്ചു. ഡെല്‍മി ടക്കര്‍ സ്നേഹിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ക്യാച്ച് നല്‍കി മടങ്ങി. സുനെ ലൂസിനെ ദീപ്തി ശര്‍മ വിക്കറ്റിനുമുന്നില്‍ കുടുക്കി.

India vs South Africa | Chennai Test | Records | ആറിന് 603; ചെന്നൈ ടെസ്റ്റില്‍ റെക്കോര്‍ഡുകള്‍ കടപുഴക്കി ഇന്ത്യന്‍ വനിതകള്‍ | Sports News | Cricket News:

India become first team to breach 600 mark in women's Tests. India's total against South Africa in Chennai (603 for 6) is the highest team total in women's Test cricket. India also became the first team to reach the 600-run mark in first-class cricket.