ട്വന്‍റി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യന്‍ ടീം പ്രത്യേക എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചു. വിജയാഘോഷത്തിന് പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങാനിരുന്ന ടീം ബെറില്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസില്‍ കുടുങ്ങിപ്പോയിരുന്നു. ബി.സി.സി.ഐ സ്റ്റാഫ് അംഗങ്ങളും ടീമിനൊപ്പമുണ്ട്. ജൂണ്‍ 30നും ജൂലൈ ഒന്നിനും മടങ്ങിവരാന്‍ കഴിയുമെന്ന് നേരത്തെ കരുതിയിരുന്നുവെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനെ തുടര്‍ന്ന് ഹോട്ടലുകളില്‍ തന്നെ കഴിയാനായിരുന്നു ടീമംഗങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. ചുഴലിക്കാറ്റ് ദുര്‍ബലമാവുകയും കാലാവസ്ഥ തെളിയുകയും ചെയ്തതോടെ താരങ്ങള്‍ക്ക് നാട്ടിലെത്തുന്നതിനായി ബി.സി.സി.ഐ പ്രത്യേക വിമാനം ക്രമീകരിക്കുകയായിരുന്നു.
എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം ബാര്‍ബഡോസില്‍ നിന്നും യാത്ര പുറപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ ആറുമണിയോടെ ടീമംഗങ്ങള്‍ ഡല്‍ഹിയില്‍ എത്തിച്ചേരും. രാജ്യത്തിന്‍റെ അഭിമാന താരങ്ങളെ സ്വീകരിക്കാന്‍ പ്രധാനമന്ത്രി വിമാനത്താവളത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കെന്‍സിങ്ടണ്‍ ഓവലില്‍ ജൂണ്‍ 29 ന് നടന്ന ത്രില്ലര്‍ പോരില്‍ ഏഴ് റണ്‍സിന് ദക്ഷിണാഫ്രിക്കയെ രോഹിതും സംഘവും പരാജയപ്പെടുത്തിയതിന് പിന്നാലെ
പ്രധാനമന്ത്രി ഫോണില്‍ വിളിച്ച് അഭിനന്ദിച്ചിരുന്നു. ലോകകപ്പുമായി നീലപ്പട രാജ്യത്തെത്തുന്നത് കാത്തിരിക്കുകയാണ് ആരാധകര്‍.