ഒരിക്കല്‍ കരീബിയന്‍ ദ്വീപില്‍ നിന്ന് തലകുനിച്ച് മടങ്ങിയ രാഹുല്‍ ദ്രാവിഡിന് കാലം കാത്തുവച്ചിരിക്കുന്ന നീതിയാകുമോ ഈ കിരീടപ്പോരാട്ടം?. അന്ന് ക്യാപ്റ്റന്‍ ദ്രാവിഡിന്റെ ഇന്ത്യ ആദ്യ റൗണ്ടില്‍ തോറ്റ് ലോകകപ്പില്‍ നിന്ന് പുറത്തായെങ്കില്‍, ഇന്ന് ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഇന്ത്യ കിരീടത്തിന് 40 ഓവര്‍ അടുത്ത് നില്‍ക്കുന്നു.
ബംഗ്ലദേശിന്റെ അട്ടിമറിയില്‍ അടിതെറ്റി ഇന്ത്യ ലോകകപ്പിന് പുറത്തെത്തിയത് 2007ല്‍. നിരാശനായി ഡ്രസിങ് റൂമിലിരിക്കുന്ന ദ്രാവിഡും സഹതാരങ്ങളും. അഹമ്മദാബാദിലും കൊല്‍ക്കത്തിയിലും ആരാധകര്‍ തെരുവിലിറങ്ങി. ദൈവങ്ങളെപ്പോലെ കണ്ട താരങ്ങളുടെ പോസ്റ്ററുകള്‍ കത്തിച്ചു. വീടുകള്‍ക്ക് സുരക്ഷ കൂട്ടേണ്ടി വന്നു. ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മോശം പ്രകടങ്ങളിലൊന്ന്.
ഒരു സിനിമാക്കഥ പോലെ അന്നത്തെ നായകന്‍ ഇന്ത്യയുടെ പരിശീലകനായി. 17 വര്‍ഷങ്ങള്‍ക്കിപ്പുറം വെസ്റ്റ് ഇന്‍ഡീസില്‍ നിന്ന് ഒരു ലോകകിരീടവുമായി രാഹുല്‍ ദ്രാവിഡ് മടങ്ങിയാല്‍ മൈതാനത്തെ കാവ്യനീതിയാകും. അണ്ടര്‍ 19 ലോകകപ്പിലേയ്ക്ക് ഇന്ത്യയെ നയിച്ച ദ്രാവിഡിനെത്തേടി 2021ലാണ് ഇന്ത്യന്‍ ടീം പരിശീലകസ്ഥാനമെത്തുന്നത്. ട്വന്റി 20, ഏകദിന ലോകകപ്പുകളില്‍ നിന്ന് കിരീടമില്ലാതെ മടങ്ങിയ ദ്രാവിഡിന് ഇത് അവസാന അവസരം.