world-cup

ടി20 ലോകകപ്പ് കിരീടം നേടിയ ടീം ഇന്ത്യയ്ക്ക് കോടികൾ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപയാണ് ഇന്ത്യൻ ടീമിന് ബിസിസിഐയുടെ സമ്മാനം. ബിസിസിഐ സെക്രട്ടറി ജയ് ഷാ സമൂഹമാധ്യമമായ എക്സിലൂടെയാണ് സമ്മാനത്തുക പ്രഖ്യാപിച്ചത്. ടൂർണമെൻ്റിലുടനീളം ടീം അസാധാരണമായ കഴിവും നിശ്ചയദാർഢ്യവും കായികക്ഷമതയും പ്രകടിപ്പിച്ചെന്നും എല്ലാ കളിക്കാർക്കും പരിശീലകർക്കും സപ്പോർട്ട് സ്റ്റാഫിനും അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അദ്ദേഹം എക്സിൽ കുറിച്ചു. ഐസിസി എല്ലാ ടീമുകൾക്കും നൽകിയതിനേക്കാൾ വലിയ തുകയാണ് ബിസിസിഐ പ്രഖ്യാപിച്ച സമ്മാനം.

ഇന്നലെ ബാർബഡോസിൽ നടന്ന ഫൈനലിൽ ഏഴ് റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്. കോടികളുടെ സമ്മാനമാണ് ഇന്ത്യയ്ക്ക് ഐസിസിയും നൽകിയത്. ചാംപ്യൻമാരുടെ പോക്കറ്റിലെത്തിയത് 2.45 മില്യൺ ഡോളറാണ്. അതായത് ‍ടീം ഇന്ത്യയ്ക്ക് 20.45 കോടി രൂപ. ഫൈനലിൽ തോറ്റെങ്കിലും ദക്ഷിണാഫ്രിക്കയുടെ പെട്ടിയും നിറഞ്ഞു. 1.28 മില്യൺ ‍ഡോളർ അഥവാ ഏകദേശം 10.67 കോടി രൂപ ദക്ഷണിഫ്രിക്കയ്ക്കും ലഭിച്ചു. 

സെമി ഫൈനലിസ്റ്റുകളായ അഫ്ഗാനിസ്ഥാനും ഇംഗ്ലണ്ടിനും 7,87,500 ഡോളറാണ് ലഭിക്കുക. അതായത് ഏകദേശം 6.56 കോടി രൂപ ഇരു ടീമുകൾക്കും ലഭിക്കും. സൂപ്പർ എട്ടിൽ ഇടം പിടിച്ച ടീമുകൾക്ക് 382,500 ‍ഡോളറാണ് സമ്മാനത്തുകയായി ലഭിക്കുക. രൂപയുടെ വിനിമയനിരക്ക് പ്രകാരം ഒരോ ടീമിനും 3.18 കോടി രൂപയോളം ലഭിക്കും. ഈ വർഷം റെക്കോർഡ് സമ്മാനത്തുകയാണ് ഐസിസി വിതരണം ചെയ്തത്. സമ്മാനത്തിനായി പൊടിച്ചത് ഏകദേശം 93.78 കോടി രൂപയാണ്. 

11 വർഷത്തെ ട്രോഫി വരൾച്ചയ്ക്ക് ശേഷമാണ് ഇന്ത്യൻ മണ്ണിലേക്ക് ഒരു ഐസിസി ട്രോഫിയെത്തുന്നത്. 2013 ൽ ച്യാംപൻസ്ട്രോഫി നേടിയതായിരുന്നു ഇന്ത്യയുടെ അവസാന കിരീട നേട്ടം. 2007 ൽ പ്രഥമ ടി20 കിരീടം നേടി 17 വർഷത്തിന് ശേഷം രണ്ടാമത്തെ കിരീടം ഇന്ത്യയിലെത്തുന്നത്. 

ENGLISH SUMMARY:

BCCI announce Rs 125 crore prize money for Team India