priyadharshan-tabu

സംവിധായകന്‍ പ്രിയദര്‍ശനൊപ്പമുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി തബു. വിരാസത് എന്ന ചിത്രത്തിനിടെയുള്ള സംഭവങ്ങളാണ് തബു വെളിപ്പെടുത്തിയത്. കഥാപാത്രത്തിനായി തലയില്‍ എണ്ണ പുരട്ടാന്‍ ആവശ്യപ്പെട്ടെന്നും ഇതിന് പകരം ജെല്‍ പുരട്ടിയപ്പോള്‍ സംവിധാകന്‍ തന്നെ തന്‍റെ തലയില്‍ എണ്ണ ഒഴിച്ചെന്നും താരം പറഞ്ഞു. 

സംവിധായകൻ പ്രിയദർശൻ തന്‍റെ കഥാപാത്രത്തിന് എണ്ണമയമുള്ള മുടി വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. 'പ്രിയൻ എന്‍റെ കഥാപാത്രത്തിന് എണ്ണമയമുള്ള മുടിയും ഗ്രാമീണ ഭംഗിയും വേണമെന്ന് ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടി, ഹെയർസ്റ്റൈലിസ്റ്റ് എന്നോട് എണ്ണമയമുള്ളതായി തോന്നാൻ അല്പം ജെൽ എടുത്ത് പുരട്ടിയാല്‍ മതിയെന്ന് പറഞ്ഞു. ജെല്‍ പുരട്ടി ഞാൻ സെറ്റിൽ എത്തിയപ്പോള്‍ പ്രിയന്‍ പറഞ്ഞു ' ഞാൻ എണ്ണ ഇടാനാണ് പറഞ്ഞതെന്ന്. ഞാൻ പറഞ്ഞു, തിളക്കം കിട്ടാന്‍ എണ്ണയിടുന്നത് നല്ലതാണ് കുറച്ച് എണ്ണ ഉപയോഗിക്കാം എന്ന്. ഇതും പറഞ്ഞ് പുറത്തേക്ക് പോയ പ്രിയദര്‍ശന്‍ ഒരു കുപ്പി വെളിച്ചെണ്ണയുമായി വന്നു. എന്‍റെ പിറകില്‍ നിന്ന് അത് മുഴുവന്‍ എന്‍റെ തലയില്‍ ഒഴിച്ചു. എന്നിട്ട് പ്രിയന്‍ പറഞ്ഞു, നിങ്ങളുടെ മുടിയിൽ എണ്ണ പുരട്ടുക എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഇതാണ്. പിന്നീട് അത് എനിക്ക് വളരെ എളുപ്പമായിരുന്നു. എനിക്ക് ഹെയർസ്റ്റൈലിംഗ് ഒന്നും തന്നെ ചെയ്യേണ്ടി വന്നില്ല. അഞ്ച് മിനിറ്റിനുള്ളിൽ ഞാൻ ഷൂട്ടിങ് ലൊക്കേഷനിലെത്തും. നീളമുള്ള മുടിയാണ്, അതില്‍ എണ്ണ പുരട്ടുക , നേരെ സെറ്റിലേക്ക് വരുക ഇത്രയും മതിയായിരുന്നു'. തബു പറഞ്ഞു.

തേവർ മകൻ എന്ന തമിഴ് ചിത്രത്തിന്‍റെ റീമേക്കായിരുന്നു വിരാസത്. അനിൽ കപൂർ, തബു, പൂജ ബത്ര, അമീരേഷ് പുരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയുടെ വേഷമാണ് തബു ചെയ്തത്. 1997ലാണ് ഈ ചിത്രം റിലീസ് ചെയ്തത്.

അജയ് ദേവ്ഗണുമായി ഒന്നിക്കുന്ന ഔറോം മേ കഹൻ ദം ഥാ എന്ന ചിത്രത്തിന്‍റെ പ്രമോഷനിലാണ് നടി തബു. ഇപ്പോള്‍ ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി സൂമിന് നല്‍കിയ അഭിമുഖത്തിലാണ് തബുവിന്‍റെ വെളിപ്പെടുത്തല്‍. അജയ് ദേവഗണുമായി ചേര്‍ത്തുള്ള തബുവിന്‍റെ പത്താമത്തെ ചിത്രമാണിത്. 

ENGLISH SUMMARY:

Actress Tabu has shared her experience with director Priyadarshan