15 വിക്കറ്റ്. ശരാശരി 8.26. ആരെയും അമ്പരപ്പിക്കുന്ന 4.17 എന്ന ഇക്കണോമി. അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും വേദിയൊരുക്കിയ ട്വന്റി20 ലോകകപ്പില്‍ നിന്ന് ഈ കണക്കുകളുമായാണ് കിരീടത്തിനൊപ്പം ബുമ്ര നാട്ടിലേക്ക് തിരിച്ചെത്തുന്നത്. ടൂര്‍ണമെന്റിന്റെ താരമായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ ഓരോ മത്സരത്തിലും ബുമ്രയുടെ മാന്ത്രിക സ്പെല്ലുകള്‍ ഇന്ത്യയെ സഹായിച്ചത് കുറച്ചൊന്നുമല്ല.
ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരം നടന്ന നാസ കൗണ്ടി സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിന് എതിരെ തന്റെ ആദ്യ മൂന്ന് ഓവറില്‍ ബുമ്ര വഴങ്ങിയത് ആറ് റണ്‍സ് മാത്രം. രണ്ട് വിക്കറ്റും പിഴുതി. അയര്‍ലന്‍ഡിനെ 96 റണ്‍സില്‍ പിടിച്ചുകെട്ടിയപ്പോള്‍ കളിയിലെ താരമായത് ബുമ്ര. പാകിസ്ഥാനെതിരായ മത്സരത്തിലേക്ക് വന്നപ്പോഴും ബുമ്രയുടെ വീര്യമേറിയ പന്തുകള്‍ ഇന്ത്യയെ തുണച്ചു. 119 എന്ന ചെറിയ ടോട്ടല്‍ പ്രതിരോധിക്കുന്നതിനിടെ ബാബര്‍ അസമിനെ പവര്‍പ്ലേയില്‍ തന്നെ മടക്കാന്‍ ബുമ്രയ്ക്ക് സാധിച്ചു.
പാകിസ്ഥാനെതിരായ മത്സരത്തിന്റെ ഗതി നിര്‍ണയിച്ച് മുഹമ്മദ് റിസ്വാന്റെ വിക്കറ്റ് വീഴ്ത്തിയതും ബുമ്ര. ഇഫ്തിക്കറിനേയും മടക്കിയതോടെ നാല് ഓവറില്‍ പാക്കിസ്ഥാന് എതിരെ 14 റണ്‍സ് മാത്രം വഴങ്ങി ബുമ്ര വീഴ്ത്തിയത് മൂന്ന് വിക്കറ്റ്. ഒരു ബൗണ്ടറി മാത്രമാണ് ഈ നാല് ഓവറില്‍ ബുമ്ര വഴങ്ങിയത് എന്നതും ശ്രദ്ധേയമാണ്.
സൂപ്പര്‍ എയ്റ്റില്‍ 12 ഓവര്‍ ബുമ്ര ആകെ എറിഞ്ഞപ്പോള്‍ വഴങ്ങിയത് 49 റണ്‍സ്. വീഴ്ത്തിയത് ഈ മൂന്ന് കളിയില്‍ നിന്ന് ആറ് വിക്കറ്റ്. ബുമ്രയുടെ പേസ് വേരിയേഷനുകള്‍ക്ക് മുന്‍പില്‍ പതറിയാണ് ബാര്‍ബഡോസില്‍ അഫ്ഗാന്‍ ബാറ്റേഴ്സ് ആയ ഗുര്‍ബാസും ഹസ്രതുള്ളയും പവര്‍പ്ലേയില്‍ തന്നെ കൂടാരം കയറിയത്. നാല് ഓവറില്‍ വഴങ്ങിയത് ഏഴ് റണ്‍സ് മാത്രം.
ബംഗ്ലാദേശിന് എതിരെ ആന്റിഗ്വയില്‍ ബുമ്രയുടെ ഫിഗര്‍ 2-13. ഇന്ത്യയുടെ അവസാന സൂപ്പര്‍ എയ്റ്റ് മത്സരത്തില്‍ റണ്‍ ഒഴുകിയപ്പോള്‍ ഡെത്ത് ഓവറില്‍ ഇന്ത്യയെ തുണച്ചതും ബുമ്രയുടെ മികവ്. ഓസ്ട്രേലിയന്‍ ഇന്നിങ്സിന്റെ 17ാം ഓവറില്‍ വന്ന ബുമ്രയുടെ ഓഫ് കട്ടറില്‍ ട്രാവിസ് ഹെഡ്ഡിന് പിഴച്ചപ്പോള്‍ സൂപ്പര്‍ എയ്റ്റില്‍ ഒന്നാമതായി ഇന്ത്യ സെമിയിലേക്ക് എത്തി.
ഇടംകയ്യന്‍ ഓര്‍ത്തഡോക്സ് ബോളര്‍ അക്ഷര്‍ പട്ടേലിനൊപ്പം ചേര്‍ന്ന് സെമിയില്‍ ഇംഗ്ലീഷ് പടയെ 34-2ലേക്ക് അഞ്ചാം ഓവറില്‍ തന്നെ വീഴ്ത്തി ബുമ്ര സമ്മര്‍ദത്തിലാക്കി. സെമിയിലെ ബുമ്രയുടെ ഓപ്പണിങ് സ്പെല്‍ മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയപ്പോള്‍ ആര്‍ച്ചറെ വിക്കറ്റിന് മുന്‍പില്‍ ബുമ്ര കുടുക്കിയപ്പോള്‍ ഇന്ത്യയുടെ കൈകളിലേക്ക് ഫൈനല്‍ ടിക്കറ്റെത്തി.
ഇന്ത്യ–ദക്ഷിണാഫ്രിക്ക ട്വന്റി20 ലോകകപ്പ് ഫൈനലില്‍ റീസ ഹെന്‍ഡ്രിക്സിന്റെ ഓഫ് സ്റ്റംപ് ഇളക്കിയ ബുമ്രയുടെ ഡെലിവറി ക്രിക്കറ്റ് പ്രേമികളുടെ മനസില്‍ എന്നുമുണ്ടാകും. 15 പന്തില്‍ നിന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ 21 റണ്‍സ് വേണ്ട സമയവും ബുമ്ര വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. നിര്‍ണായകമായ 18ാം ഓവറില്‍ ബുമ്ര വഴങ്ങിയത് രണ്ട് റണ്‍സ് മാത്രം.