മറ്റൊരു ലോക കിരീടത്തിലേക്ക് കൂടി ഇന്ത്യ എത്തുമ്പോള്‍ ടീമിനുള്ളിലെ മലയാളി സാന്നിധ്യവും ആഘോഷിക്കപ്പെടുകയാണ്. ട്വന്റി20 ലോകകപ്പിന് മുന്‍പുള്ള സന്നാഹ മത്സരം ഒഴികെ മറ്റൊരു മത്സരത്തിലും സഞ്ജു സാംസണിന് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടതിന് പിന്നാലെ ഡ്രസ്സിങ് റൂമിലെ വിജയാഘോഷങ്ങള്‍ പങ്കുവെച്ചും സന്തോഷം നിറഞ്ഞ വാക്കുകളുമായും സഞ്ജു എത്തി.
ലോകകപ്പ് എന്നത് എളുപ്പം സംഭവിക്കുന്നതല്ല. ഈ സന്തോഷം അനുഭവിക്കാന്‍ 13 വര്‍ഷം നമുക്ക് കാത്തിരിക്കേണ്ടി വന്നു. എന്തൊരു ടീമാണ് ഇത്. എന്തൊരു ഫൈനലായിരുന്നു. നമ്മള്‍ അര്‍ഹിച്ച വിജയം. ലോകത്താകമാനമുള്ള എല്ലാ ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കും നന്ദി. ആഘോഷങ്ങള്‍ തുടങ്ങട്ടെ, സഞ്ജു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കോലി സന്നാഹ മത്സരത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരത്തില്‍ രോഹിത്തിനൊപ്പം സഞ്ജു ഓപ്പണ്‍ ചെയ്തത്. എന്നാല്‍ സ്കോര്‍ ഉയര്‍ത്താനാവാതെ സഞ്ജു മടങ്ങി. ഋഷഭ് പന്തിനെ പ്രധാന വിക്കറ്റ് കീപ്പറായി ടീം മാനേജ്മെന്റ് പരിഗണിച്ചപ്പോള്‍ സഞ്ജുവിന് ടൂര്‍ണമെന്റിലുടനീളം ബെഞ്ചിലിരിക്കേണ്ടി വന്നു.