ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന ചാംപ്യൻസ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാസംണിന് സ്ഥാനമുണ്ടാകുമോ?. ടീം ചർച്ചകളിലേക്ക് കടക്കാനിരിക്കെ സഞ്ജുവിന്റെ സാധ്യതയെ പറ്റി സംസാരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാതിരിക്കുന്ന സഞ്ജുവിന്റെ തീരുമാനം ചാംപ്യൻസ് ട്രോഫി ടീമിലേക്കുള്ള സാധ്യതയെ ബാധിക്കുമെന്ന പക്ഷക്കാരനാണ് ആകാശ് ചോപ്ര.
റിഷഭ് പന്ത് ഏകദിന ടീമിൽ നിലയുറപ്പിക്കാത്തതിനാൽ സഞ്ജുവിന് സാധ്യതയുണ്ടായിരുന്നു എന്ന് ആകാശ് ചോപ്ര പറയുന്നു. 'സഞ്ജു എന്തുകൊണ്ടാണ് വിജയ് ഹസാരെ ട്രോഫിയിൽ കളിക്കാത്തത്. വയനാട്ടിലെ ക്യാമ്പിൽ പങ്കെടുക്കാത്തതിനാൽ കേരള ടീം താരത്തെ തിരഞ്ഞെടുത്തില്ല. ചില ഫാൻ പേജുകൾ പറയുന്നത് സഞ്ജുവിന് കാലിന് പരിക്കുണ്ടെന്നാണ് '. ആകാശ് ചോപ്ര ചാനലിലെ വിഡിയോയിൽ പറഞ്ഞു.
സഞ്ജുവിന് മുന്നിലുണ്ടായിരുന്നത് സുവർണാവസരമായിരുന്നു എന്ന പക്ഷക്കാരനാണ് ആകാശ് ചോപ്ര. 'സഞ്ജുവിന് വിജയ് ഹസാരെയെ കളിക്കുന്നത് പ്രധാനമാണ്. ട്വന്റി 20യിൽ മൂന്ന് സെഞ്ചറി നേടുമ്പോൾ ഏകദിനവും ചിന്തയിലുണ്ടാകണം. റിഷഭ് പന്തിന് ടീമിൽ സ്ഥിര സ്ഥാനമില്ലാത്തതിനാൽ സഞ്ജു വിജയ് ഹസാരെ കളിക്കേണ്ടതായിരുന്നു. കെഎൽ രാഹുലും മോശം ഫോമിലാണ്. അതുകൊണ്ട് വിജയ് ഹസാരെയിൽ മിന്നിച്ചാൽ സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് എത്താമായിരുന്നു', എന്നും ചോപ്ര പറഞ്ഞു.
ഇന്ത്യയിലെ ആഭ്യന്തര ക്രിക്കറ്റിൽ 50 ഓവർ ടൂർണമെന്റാണ് വിജയ് ഹസാരെ ട്രോഫി. 21 ന് ടൂർണമെന്റ് ആരംഭിച്ച ടൂർണമെന്റിൽ സഞ്ജു ഇല്ലാത്ത കേരളം ആദ്യ മത്സരത്തിൽ ബറോഡയോട് തോറ്റിരുന്നു. 16 ഏകദിന മത്സരങ്ങളിൽ നിന്നായി 510 റൺസാണ് ഇതുവരെ സഞ്ജു സാസംൺ നേടിയത്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറികളും നേടിയ സഞ്ജുവിന്റെ ഉയർന്ന സ്കോർ 108 റൺസാണ്. 56 റൺസാണ് സഞ്ജുവിന്റെ ശരാശരി.