2007ലെ ഇന്ത്യയുടെ ലോകകപ്പ് വിജയവും 2024 ഫൈനലും തമ്മില്‍ അതിശയിപ്പിക്കുന്ന സമാനതകള്‍. ബാറ്റിങ്ങിലും ബോളിങ്ങിലും വിക്കറ്റ് വീഴ്ചകളിലും പാര്‍ സ്കോറിലും ഓപ്പണര്‍മാരുടെ പ്രകടനത്തിലും ഡെത്ത് ഓവറുകളിലെ ബോളിങ് മികവിലും വിക്കറ്റെടുക്കലിലുമെല്ലാം ധോണിയുടെ ടീമും രോഹിത് ശര്‍മയുടെ ടീമും നേടിയതൊക്കെ ഒരുപോലെ! 2007ലെ വേദി ദക്ഷിണാഫ്രിക്കയായിരുന്നെങ്കില്‍ 2024ല്‍ വെസ്റ്റിന്‍ഡീസ് ആയെന്നുമാത്രം. ഫൈനലിലെ എതിരാളികള്‍ ദക്ഷിണാഫ്രിക്ക തന്നെയായി. രണ്ട് ഫൈനലുകളിലെയും ഇന്ത്യയുടെ പ്രകടനത്തിന്റെ അതിശയിപ്പിക്കുന്ന താരതമ്യങ്ങള്‍ ഇതാ...
2024 ഫൈനലില്‍ ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത് 70 റണ്‍സിലേറെ സ്കോര്‍ ചെയ്ത ഓപ്പണറായിരുന്നു. സാക്ഷാല്‍ വിരാട് കോലി. എടുത്തത് 76 റണ്‍സ്. 2007 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയെ 157 റണ്‍സ് എന്ന മാന്യമായ സ്കോറിലെത്തിച്ചതില്‍ മുഖ്യപങ്ക് ഓപ്പണര്‍ ഗൗതം ഗംഭീറിനായിരുന്നു. 75 റണ്‍സാണ് ഗംഭീര്‍ ജൊഹാനസ്ബര്‍ഗില്‍ നേടിയത്.
2007 ഫൈനലില്‍ ആറാം നമ്പറില്‍ ഇറങ്ങിയ താരം കാഴ്ചവച്ച സ്ഫോടനാത്മകമായ ബാറ്റിങ് ഇന്ത്യയെ കാര്യമായി തുണച്ചു. സ്ഥാനമൊഴിഞ്ഞ ക്യാപ്റ്റന്‍ രോഹിത് ശര്‍മയായിരുന്നു അന്ന് കന്നി ലോകകപ്പ് ഫൈനലില്‍ ആറാം നമ്പറില്‍ ഇറങ്ങിയത്. നേടിയത് 16 പന്തില്‍ 30 റണ്‍സ്. ഇക്കുറി ഫൈനലില്‍ ആറാം നമ്പറില്‍ ഇറങ്ങിയത് ശിവം ദുബെ. സംഭാവന 16 പന്തില്‍ 27 റണ്‍സ്!
2007 ഫൈനലില്‍ 13 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ രണ്ടുവിക്കറ്റിന് 98 റണ്‍സായിരുന്നു. ഇത്തവണ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഇന്ത്യയുടെ സ്കോര്‍ മൂന്നുവിക്കറ്റിന് 98 റണ്‍സ്!
2007 ഫൈനലിലെ ഏറ്റവും വലിയ ബാറ്റിങ് കൂട്ടുകെട്ടില്‍ ഇടംകയ്യന്‍ ബാറ്ററുടെ സംഭാവന 47 റണ്‍സ്. ഗൗതം ഗംഭീറായിരുന്നു ആ ഇടംകയ്യന്‍. യുവ്‍രാജ് സിങ്ങിനൊപ്പമായിരുന്നു ഗംഭീറിന്റെ കൂട്ടുകെട്ട്. ഇക്കുറിയും ഏറ്റവും വലിയ പാര്‍ട്ണര്‍ഷിപ്പില്‍ ഇടംകയ്യന്‍ ബാറ്റര്‍ നേടിയത് 47 റണ്‍സ്! അക്ഷര്‍ പട്ടേലാണ് ആ ഇടംകയ്യന്‍. അക്ഷറും കോലിയും ചേര്‍ന്നാണ് ഫൈനലിലെ ഉയര്‍ന്ന പാര്‍ട്ണര്‍ഷിപ് പടുത്തുയര്‍ത്തിയത്.
2007 ഫൈനലില്‍ 10 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ എതിരാളികളായ പാക്കിസ്ഥാന്‍ ഇന്ത്യയേക്കാള്‍ മുന്നിലായിരുന്നു. ഇക്കുറിയും രണ്ടാമത് ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 10 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയെക്കാള്‍ മുന്നിലെത്തി.
2007 ഫൈനലില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍ വഴങ്ങിയത് ഒരു സ്പിന്നറായിരുന്നു. ഹര്‍ഭജന്‍ സിങ്ങിന്റെ ഒരോവറില്‍ അന്ന് പാക്കിസ്ഥാന്‍ സ്കോര്‍ ചെയ്തത് 19 റണ്‍സ്. ഇക്കുറിയും ഈ ദുഷ്പേര് ഒരു സ്പിന്നര്‍ക്കുതന്നെ. ഒരോവറില്‍ 24 റണ്‍ വഴങ്ങിയ അക്ഷര്‍ പട്ടേലിന്!
2007 ഫൈനലില്‍ കളിച്ച ഇന്ത്യന്‍ ടീമിലെ ഏറ്റവും പരിചയക്കുറവുള്ള പേസ് ബോളര്‍ 2 വിക്കറ്റും 12 ഡോട്ട് ബോളുകളുമായി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. ജൊഗീന്ദര്‍ ശര്‍മയായിരുന്നു ഈ താരം. ഇക്കുറി ടീമിലെ പേസര്‍മാരില്‍ പരിചയസമ്പത്തില്‍ പിന്നിലുള്ള അര്‍ഷ്ദീപ് സിങ്ങിന്റെ സംഭാവന 2 വിക്കറ്റും 12 ഡോട്ട് ബോളും!
2007 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വഴങ്ങിയത് 8 സിക്സുകള്‍ മാത്രം. ഇക്കുറിയും ഇന്ത്യന്‍ ബോളര്‍മാര്‍ക്കെതിരെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ നേടിയത് 8 സിക്സുകള്‍!
2007 ഫൈനലില്‍ അവസാന അഞ്ചോവറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തിയത് 4 വിക്കറ്റുകള്‍. യാസിര്‍ അരാഫത്ത്, സൊഹെയ്ല്‍ തന്‍വര്‍, ഉമര്‍ ഗുല്‍, മിസ്ബാ ഉള്‍–ഹഖ് എന്നിവര്‍ പുറത്തായത് 16, 18, 19, 20 ഓവറുകളില്‍. ഈ ലോകകപ്പിലും അവസാന അഞ്ചോവറില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തിയത് നാലുവിക്കറ്റുകള്‍! ഹെന്‍റിച്ച് ക്ലാസന്‍, മാര്‍ക്കോ ജാന്‍സന്‍, ഡേവിഡ് മില്ലര്‍, കഗിസോ റബാഡ എന്നിവര്‍ പുറത്തായത് 17, 18, 20 ഓവറുകളിലാണ്.
ഒടുവില്‍ രണ്ട് ഫൈനലുകളിലെയും അവസാന വിക്കറ്റ് വീണത് ഒരു ക്യാച്ചില്‍! 2007ല്‍ ജൊഗീന്ദര്‍ ശര്‍മയുടെ പന്തില്‍ ശ്രീശാന്ത് എടുത്ത ക്യാച്ച് ഇന്നും തിളക്കത്തോടെ നില്‍ക്കുന്നു. പാക്കിസ്ഥാന്റെ ടോപ് സ്കോറര്‍ മിസ്ബ ഉള്‍–ഹഖിന്റെ വിക്കറ്റാണ് ഇന്ത്യയുടെ കന്നി ലോകകിരീടത്തിന് വഴിയൊരുക്കിയത്. ഇക്കുറി ഹാര്‍ദിക് പാണ്ഡ്യയുടെ പന്ത് കഗിസോ റബാഡ കുല്‍ദീപ് യാദവിന്റെ കൈകളിലെത്തിച്ചു. ഇന്ത്യയ്ക്ക് രണ്ടാം ലോകകപ്പ്!