ട്വന്റി20 ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ മടക്കയാത്ര വൈകുന്നു. മഴയും ചുഴലിക്കാറ്റ് മുന്നറിയിപ്പും കാരണമാണ് രോഹിത് ശര്‍മയുടേയും സംഘത്തിന്റേയും മടക്കയാത്ര നീട്ടിയത്. തിങ്കളാഴ്ച ബാര്‍ബഡോസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും തിരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്..
എന്നാല്‍ കാലാവസ്ഥ മോശമായതിനാൽ ചൊവ്വാഴ്ച്ചയോ ബുധനാഴ്ച്ചയോ ആയിരിക്കും ടീം ബാര്‍ബഡോസില്‍ നിന്ന് പുറപ്പെടുക എന്നാണ് വിവരം. ബാര്‍ബഡോസില്‍ ബെറില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച പുലര്‍ച്ചെയോടെ ചുഴലിക്കാറ്റ് ബാര്‍ബഡോസ് തീരം തൊടുമെന്നാണ് കണക്കാക്കുന്നത്.
കാറ്റഗറി മൂന്നില്‍പ്പെടുന്ന ചുഴലിക്കാറ്റാണ് ബെറില്‍. സുരക്ഷ മുന്‍നിര്‍ത്തി ഇന്ത്യന്‍ ടീം ഹോട്ടലില്‍ തന്നെ തുടരും. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ബാര്‍ബഡോസ് വിമാനത്താവളം അടച്ചിടുകയും സര്‍വീസുകള്‍ റദ്ദാക്കുകയും ചെയ്തു. അറ്റ്ലാന്റിക് സീസണിലെ ആദ്യ ചുഴലിക്കാറ്റാണ് ബെറില്‍. വരും ദിവസങ്ങളിൽ ബെറില്‍ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ച് നാശനഷ്ടങ്ങള്‍ വരുത്തിയേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം ട്വന്റി20 ലോക കിരീടം നേടിയ ഇന്ത്യന്‍ ടീമിന് ബിസിസിഐ 125 കോടി രൂപ സമ്മാനം പ്രഖ്യാപിച്ചു. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ലോക കിരീടം നേടിയ ടീമിന്റെ സമ്മാന തുക പ്രഖ്യാപിച്ചത്. കിരീടജേതാക്കൾക്ക് ഐസിസി 20.42 കോടി രൂപയോളം സമ്മാനത്തുകയായി നൽകി. ഫൈനലില്‍ കാലിടറി വീണ ദക്ഷിണാഫ്രിക്കയ്ക്ക് 10.67 കോടി രൂപയും.