Image∙ Shutterstock - 1

ടി20 ലോകകപ്പ് വിജയത്തിന്റെ ഹാങ്ങോവർ തീരുംമുമ്പേ, യുവ ഇന്ത്യൻ ടീം സിംബാബ്‌വെ പര്യടനത്തിനായി പുറപ്പെട്ടു. മുതിർന്ന താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ ഒരുപിടി യുവ താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനുള്ള അവസരം കൂടിയാകും സിംബാബ്‌വെ പര്യടനം. ലോകകപ്പിൽ സന്നാഹ മത്സരത്തിൽ മാത്രം അവസരം ലഭിച്ച്, ബാക്കി കളികൾ മുഴുവൻ പുറത്തിരുന്ന മലയാളി താരം സഞ്ജുവിനും ഈ പരമ്പര നിർണായകമാണ്. 

ഫോം തെളിയിച്ച് ഇന്ത്യൻ ടീമിൽ സ്ഥിര സാനിധ്യമാകാനാനുള്ള യുവ താരങ്ങളുടെ മത്സരം കൂടിയാവും ഈ പരമ്പര.  ജൂലൈ 6ന് ഹരാരെ സ്‌പോർട്‌സ് ക്ലബ്ബിലാണ് പരമ്പരയിലെ ആദ്യ മത്സരം  നടക്കുക. തുടർന്ന് ജൂലൈ 7, 10, 13, 14 തീയതികളിൽ ശേഷിക്കുന്ന മത്സരങ്ങളും നടക്കും. പരമ്പരയിലെ മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്നത് ഹരാരെയിലെ സ്പോർട്സ് ക്ലബ്ബ് തന്നെയാണ്. 

സിംബാബ്‌വെക്ക് എതിരായ ടി20 പരമ്പരയിലുള്ളത് അഞ്ച് മത്സരങ്ങളാണ്. റുതുരാജ് ഗെയ്‌ക്‌വാദ്, ആവേശ് ഖാൻ, അഭിഷേക് ശർമ്മ, മുകേഷ് കുമാർ, റിയാൻ പരാഗ് എന്നിവര്‍ സിംബാബ്‌വെയിലേക്ക് പുറപ്പെടുന്നതിന്‍റെ ചിത്രങ്ങള്‍  എക്‌സിലൂടെ ബിസിസിഐ പങ്കുവച്ചിട്ടുണ്ട്. എൻസിഎ മേധാവിയും മുന്‍ ക്രിക്കറ്റ് താരവുമായ വിവിഎസ് ലക്ഷ്‌മൺ ആണ് ഈ പര്യടനത്തില്‍ ഇന്ത്യയുടെ പ്രധാന പരിശീലകൻ. മുതിർന്ന താരങ്ങൾ വിശ്രമത്തിലായതിനാൽ ശുഭ്‌മാൻ ഗില്ലാവും ഇന്ത്യയെ നയിക്കുക. 

സിംബാബ്‌വെ പര്യടനത്തിലുള്ള യശസ്വി ജയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദുബെ എന്നിവരാണ്  ടി20 ലോകകപ്പ് ടീമില്‍ ഉണ്ടായിരുന്നത്.  ലോകകപ്പ് റിസര്‍വ് താരങ്ങളായ റിങ്കു സിങ്,ആവേശ് ഖാൻ, ഖലീല്‍ അഹമ്മദ് എന്നിവരും ഇന്ത്യയ്‌ക്കായി കളത്തിലിറങ്ങും. ഈ പരമ്പരയിൽ മലയാളി താരം സഞ്ജു മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. 

ENGLISH SUMMARY:

Young Indian team leaves for Zimbabwe tour, to play 5 T20Is