hardik-pandya

ഐസിസി ടി20 ഓൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യൻ താരം ഹർദിക് പാണ്ഡ്യ. ലോകകപ്പ് നേടിയ പ്രകടനത്തിന് പിന്നാലെയാണ് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഹർദിക് ചരിത്രം കുറിച്ചത്. ആദ്യമായാണ് ഒരു ഇന്ത്യൻ താരം ഈ സ്ഥാനത്തെത്തുന്നത്. ലോകകപ്പ് ടി20 ഫൈനലിൽ ഹർദിക് പാണ്ഡ്യയുടെ നിർണായക ഓവറുകളാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. 

ദക്ഷിണാഫ്രിക്കയക്കായി മികച്ച പ്രകടനം നടത്തിയ ഹെൻറിച്ച് ക്ലാസനെയും ഡേവിഡ് മില്ലറെയും അടക്കം മൂന്ന് വിക്കറ്റാണ് ഹർദിക് നേടിയത്. ഇതോടെ രണ്ട് സ്ഥാനം മുന്നേറി ശ്രീലങ്കയുടെ വനിൻദു ഹസരംഗയ്ക്കൊപ്പം ഹർദിക് ഒന്നാം സ്ഥാനം പങ്കിടുകയാണ്. 222 റേറ്റിങാണ് ഇരു താരങ്ങൾക്കുമുള്ളത്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം നടത്തിയ പാണ്ഡ്യ 150 സ്ട്രൈക്ക് റേറ്റോടെ 144 റൺസും 11 വിക്കറ്റും നേടിയിട്ടുണ്ട്. ടി20 ഓൾറൗണ്ടർമാരിൽ ഏഴ് സ്ഥാനം മെച്ചപ്പെടുത്തി അക്സർ പട്ടേൽ 12–ാം സ്ഥാനത്തെത്തി. 

ടി20 ബൗളിങ് റാങ്കിങിൽ ആദ്യ പത്തിലുള്ളത് അക്സർ പട്ടേലും കുൽദീപ് യാദവുമാണ്. അക്സർ പട്ടേൽ ഒരു സ്ഥാനം മുന്നേറി ഏഴാമതും കുൽദീപ് യാദവ് മൂന്ന് സ്ഥാനം കയറി എട്ടാമതുമാണ്. ലോകകപ്പിൽ 15 വിക്കറ്റ് നേടി മാൻ ഓഫ് ദ ടൂർണമെന്റായ ജസ്പ്രിത് ബുംറ 12 സ്ഥാനം മുന്നേറി 12-ാം സ്ഥാനത്തെത്തി. 2020 ന് ശേഷം ബുംറയുടെ ഏറ്റവും മികച്ച സ്ഥാനമാണിത്. നാല് സ്ഥാനം കയറി ഹർഷദീപ് സിങാണ് 13-ാമത്. 

ഓൾറൗണ്ടർ റാങ്കിംങിൽ ആദ്യ പത്തിൽ മാർക്കസ് സ്റ്റോയിനിസ്, സിക്കന്ദർ റാസ, ഷാക്കിബ് അൽ ഹസൻ എന്നിവർ ഒരു സ്ഥാനം മെച്ചപ്പെടുത്തി ആദ്യ അഞ്ചിലെത്തി. അഫ്ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി നാല് സ്ഥാനങ്ങൾ താഴേക്ക് പോയി ആറാമതാണ്. 

ENGLISH SUMMARY:

Hardik Pandya Became World No 1 T20 All Rounder In ICC Ranking