surya-rohit

ഇന്ത്യ ലോകകപ്പ്  നേടുന്നതില്‍ നിര്‍ണായകമായത് സൂര്യകുമാറിന്‍റെ അവിസ്മരണീയ ക്യാച്ച് ആയിരുന്നുവെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. പക്ഷേ ആ നിമിഷത്തിന് മുമ്പത്തെ സമ്മര്‍ദങ്ങളുടെ വ്യാപ്തി വെളിവാക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ പങ്കുവയ്ക്കുകയാണ്. കിരീടം കൈവിട്ടോയെന്ന നിരാശയില്‍ വീഴാനൊരുങ്ങുന്ന രോഹിതും കണ്‍ ചിമ്മുന്ന വേഗതയില്‍ പന്ത് കൈക്കുമ്പിളിലാക്കിയ സൂര്യയുടെയും വിഡിയോയാണ് വൈറല്‍. 

ക്രീസില്‍ മില്ലര്‍, ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടത് 16 റണ്‍സ്. ഹാര്‍ദിക്കിനെ അടിച്ച് പറത്തിയതോടെ സിക്സര്‍ എന്ന് എല്ലാവരും ഉറപ്പിച്ചു.  പന്തിന്‍റെ പോക്ക് കണ്ട് നിരാശനായി ഇരുകൈകളും കൊണ്ട് കാല്‍മുട്ടില്‍ പിടിച്ച് നിരാശയോടെ കുനി‍ഞ്ഞ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. നൊടിയിടയിലാണ് ചാഞ്ഞുയര്‍ന്ന് സൂര്യകുമാര്‍ യാദവ് പന്ത് കൈപ്പിടിയിലാക്കിയത്. ബൗണ്ടറി ലൈന്‍ ക്രോസ് ചെയ്തതും പന്ത് വായുവിലേക്ക് ഉയര്‍ത്തിയെറിഞ്ഞ് അവിശ്വസനീയമാംവിധം വീണ്ടും പിടിച്ചെടുത്തു. ഗാലറി ഇളകി മറിഞ്ഞു. നിരാശ ആഹ്ലാദത്തിന് വഴിമാറുന്നതെങ്ങനെയെന്ന് രോഹിതിന്‍റെ ഭാവങ്ങളില്‍ വ്യക്തമാണ്. 

miller-surya

'അത് ദൈവത്തിന്‍റെ പദ്ധതിയായിരുന്നു. രാജ്യത്തിനായി ആ നിമിഷം അത് ചെയ്യാന്‍ എനിക്ക് സാധിച്ചതില്‍ സന്തോഷമുണ്ട്. ദൈവമായിട്ടാണ് അത് സംഭവിച്ചത്' കളിക്ക് ശേഷം സൂര്യകുമാര്‍ ആഹ്ലാദം മറച്ചുവച്ചില്ല. മില്ലര്‍ പുറത്തായ ക്യാച്ചിനെ ചൊല്ലി വലിയ വിവാദം ഉയര്‍ന്നുവെങ്കിലും താന്‍ ബൗണ്ടറി ലൈന്‍ തൊട്ടില്ലെന്ന് ഉറപ്പായിരുന്നുവെന്ന് സൂര്യകുമാര്‍ യാദവ് വ്യക്തമാക്കിയിരുന്നു. 

1983 ലെ ലോകകപ്പില്‍ വിന്‍ഡീസിനെതിരെ കപില്‍ദേവ് നേടിയ ക്യാച്ചിനെ ഇത് ഓര്‍മപ്പെടുത്തുന്നുവെന്ന് നിരവധിപ്പേര്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചിരുന്നു. മദന്‍ലാലിന്‍റെ ബോളില്‍ പന്തടിച്ചുയര്‍ത്തിയ വിവിയന്‍ റിച്ചര്‍ഡ്സിനെ മിഡോണില്‍ നിന്നും വശങ്ങളിലേക്കെത്തി പറന്നു പിടിച്ചാണ് അന്ന് കപില്‍ ടീമിന്‍റെ രക്ഷകനായത്. പന്തെവിടെ എത്തുമെന്നതിനെ കുറിച്ചുള്ള അസാമാന്യ ധാരണയും പ്രതിഭയുമാണ് ഇത്തരം നിമിഷങ്ങള്‍ സമ്മാനിക്കുന്നതെന്നും ആരാധകര്‍ കുറിക്കുന്നു. 

ENGLISH SUMMARY:

Rohit Sharma appeared to lose all hope as he watched the ball soar towards the long-off stands. In a viral video circulating on social media, Rohit can be seen dropping to his knee as the ball flies into the air, believing it to be a six. video went viral.