modi-jersey

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒന്നാം നമ്പര്‍ ജഴ്സി സമ്മാനിച്ച് ബിസിസിഐ. ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിലെത്തിയാണ് 'നമോ'എന്നെഴുതിയ ജഴ്സി ബിസിസിഐ സെക്രട്ടറി ജയ് ഷായും പ്രസിഡൻ്റ് റോജർ ബിന്നിയും മോദിക്ക് കൈമാറിയത്.

ലോകകപ്പ് നേട്ടത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീം ട്രോഫിയുമായി ഇന്ന് മോദിയെ ഔദ്യോഗിക വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. ഇന്ത്യന്‍ ടീമിന് നല്‍കിയ അകമഴിഞ്ഞ പ്രോത്സാഹനത്തിനും പിന്തുണയ്ക്കും മോദിക്ക് നന്ദി പറഞ്ഞ് കൊണ്ട് ബിസിസിഐ എക്സില്‍ ചിത്രങ്ങളും പോസ്റ്റ് ചെയ്തിരുന്നു.

ചാമ്പ്യന്‍സ് എന്നെഴുതിയ പ്രത്യേക ജഴ്സി അണിഞ്ഞാണ് ഇന്ത്യന്‍ താരങ്ങള്‍ മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. താരങ്ങളുമൊത്തുള്ള ചിത്രങ്ങളും മോദി പോസ്റ്റ് ചെയ്തിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് താരങ്ങള്‍ മുംബൈയിലേക്ക് വിമാനം കയറാൻ ഡൽഹി വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത്.

നായകന്‍ രോഹിത് ശര്‍മ, സൂര്യകുമാർ യാദവ്, ശിവം ദുബെ, യശസ്വി ജയ്‌സ്വാൾ എന്നിവരുൾപ്പെടെയുള്ള താരങ്ങള്‍ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ കാണാൻ നാളെ മഹാരാഷ്ട്ര നിയമസഭയിലെത്തും. ഇന്ന് രാവിലെ ടി20 ലോകകപ്പ് ജേതാക്കളായ ഇന്ത്യൻ ടീമിന് ആവേശകരമായ സ്വീകരണമാണ് ക്രിക്കറ്റ് ആരാധകര്‍ നല്‍കിയത്. ആര്‍പ്പുവിളികളോടെയാണ് ആരാധകര്‍ ടീമിനെ വരവേറ്റത്. കേക്ക് മുറിച്ചും ചുവടുവെച്ചും താരങ്ങളും ആരാധകരുടെ ആഘോഷത്തില്‍ പങ്കാളികളായി.

ENGLISH SUMMARY:

BCCI Secretary Jay Shah Present Namo 1 Jersey To Narendra Modi